ADVERTISEMENT

മുംബൈ∙ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20, ഏകദിന, ടെസ്റ്റ് ടീമുകളെ ഇന്നു പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ദീർഘ കാലത്തെ ഇടവേളയ്ക്കുശേഷം ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ അവസരം ലഭിച്ച സഞ്ജു, ആദ്യ പന്തിൽത്തന്നെ സിക്സർ നേടിയെങ്കിലും നേരിട്ട തൊട്ടടുത്ത പന്തിൽ പുറത്തായിരുന്നു. പിന്നീട് വിക്കറ്റ് കീപ്പർ റോളിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് ട്വന്റി20 പരമ്പരകളിലും ടീമിലുണ്ടായിരുന്ന സഞ്ജു ന്യൂസീലൻഡ് പര്യടനത്തിനുള്ള ടീമിലും ഇടംപിടിക്കുമോ എന്ന ആകാംക്ഷയാണ് ഇനി. ഏകദിന ടീമിൽ സഞ്ജുവിന് ഇടം ലഭിക്കാനുള്ള വിദൂര സാധ്യതകളിലേക്കും ആരാധകർ കണ്ണയയ്ക്കുന്നു.

പുറത്തിനേറ്റ പരുക്കുമൂലം ദീർഘനാളായി ടീമിനു പുറത്തുള്ള ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ മടങ്ങിവരവിനും ടീം പ്രഖ്യാപനം വേദിയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരം കായികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടത് തിരിച്ചടിയാകും. ഇതോടെ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽനിന്ന് പാണ്ഡ്യയെ പിൻവലിച്ച് പകരം വിജയ് ശങ്കറിനെ ഉൾപ്പെടുത്തി. പരുക്കിൽനിന്നു തിരിച്ചെത്തുന്ന താരങ്ങൾ ആഭ്യന്തര മത്സരങ്ങളിൽ കളിച്ച് കായികക്ഷമത തെളിയിച്ചശേഷം സീനിയർ ടീമിൽ ഉൾപ്പെടുത്തുന്നതാണ് പതിവെങ്കിലും പാണ്ഡ്യയുടെ കാര്യത്തിൽ സിലക്ടർമാർ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് താരം കായികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടത്.

ജനുവരി 24ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിൽ അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ഇതിനു മുന്നോടിയായി ന്യൂസീലൻഡിലേക്കു പോകുന്ന ഇന്ത്യ എ ടീമിൽ സ‍ഞ്ജുവും അംഗമാണ്. സാധാരണ ഗതിയിൽ 15 അംഗ ടീമിനെയാണ് ഇത്തരം പര്യടനങ്ങൾക്കു പ്രഖ്യാപിക്കാറെങ്കിലും ലോകകപ്പ് ഒരുക്കം മുൻനിർത്തി 16 അംഗ ടീമിനെയോ 17 അംഗ ടീമിനെയോ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യ എ ടീമും ഇതേ സമയത്ത് ന്യൂസീലൻഡിൽ ഉള്ളതും ഇതിനു സഹായകമാണ്. ട്വന്റി20 ലോകകപ്പ് അടുത്തുവരുന്നതിനാൽ ടീമിനെ വാർത്തെടുക്കാനുള്ള അവസരങ്ങളിലൊന്ന് കൂടിയാണിത്. ന്യൂസീലൻഡിലെ സാഹചര്യങ്ങളോട് ഏറെ സമാനതകളുള്ള ഓസ്ട്രേലിയയിലാണ് ലോകകപ്പെന്നതും ശ്രദ്ധേയം.

ട്വന്റി20 ടീമിൽനിന്ന് കാര്യമായ വ്യത്യാസങ്ങൾ കൂടാതെ തന്നെ ഏകദിന ടീമിനെയും തിരഞ്ഞെടുക്കാനാണ് സാധ്യത. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച കേദാർ ജാദവ് ടീമിൽ തുടരുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു. ജാദവിനെ തഴഞ്ഞ് പുതിയ താരങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം അടുത്തിടെയായി ശക്തമാണ്. സാങ്കേതികമായി അത്ര മികച്ച ബാറ്റ്സ്മാനല്ലാത്ത ജാദവ്, ന്യൂസീലൻഡിലെ സാഹചര്യങ്ങളിൽ വിജയിക്കാനും സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

പേസ് ബോളർമാർക്ക് അനുകൂലമായ ന്യൂസീലൻഡിലെ പിച്ചുകളിൽ കളിച്ചു തെളിഞ്ഞ സാങ്കേതികത്തികവുള്ള താരങ്ങളെ പരിഗണിച്ചാൽ ടെസ്റ്റ് ടീമിന്റെ ഉപനായകനായ അജിൻക്യ രഹാനെയ്ക്കു സാധ്യത തെളിയും. ട്വന്റി20 ടീമിന്റെ തുടർച്ചയായി ഏകദിന ടീമിനെയും സിലക്ടർമാർ പരിഗണിച്ചാൽ മറ്റൊരു മുംബൈ താരമായ സൂര്യകുമാർ യാദവിനും ആദ്യമായി ദേശീയ ടീമിലേക്കു വഴിതെളിയും. മധ്യനിരയ്ക്കു കരുത്തു പകരാൻ സൂര്യകുമാറിന്റെ സാന്നിധ്യം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. മലയാളി താരം സഞ്ജു സാംസണും ഏകദിന ടീമിലേക്ക് നേരിയ സാധ്യതയുണ്ട്. സൂര്യകുമാറും സഞ്ജുവും എ ടീമിനൊപ്പം ന്യൂസീലൻഡിലുണ്ടെന്നതും അനുകൂല ഘടകമാണ്.

യുവതാരം ശുഭ്മാൻ ഗില്ലിനെ റിസർവ് ഓപ്പണറായി പരിഗണിക്കാനും സാധ്യതയുണ്ട്. അതേസമയം, ലോകേഷ് രാഹുലിന്റെ ഇപ്പോഴത്തെ ഫോമും പരിചയ സമ്പത്തും ഗില്ലിന് വെല്ലുവിളിയാണ്. ടെസ്റ്റ് പരമ്പരയിൽ അഞ്ചാം പേസ് ബോളറായി നവ്ദീപ് സെയ്നി വേണോ അതോ മൂന്നാം സ്പിന്നറായി കുൽദീപ് യാദവ് വേണോ എന്ന കാര്യത്തിലും സിലക്ടർമാർക്ക് തലപുകയ്ക്കേണ്ടി വരും. പേസ് ബോളിങ് നിരയിൽ ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ എന്നിവർ ഏറെക്കുറെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. സ്പിന്നർമാരായി അശ്വിനും ജഡേജയുമുണ്ട്.

English Summary: India squads for New Zealand tour to be picked on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com