ADVERTISEMENT

ന്യൂഡൽഹി∙ ടെസ്റ്റ് മത്സരങ്ങൾ അഞ്ചിൽനിന്ന് നാലു ദിവസമാക്കി ചുരുക്കുന്നതിനെക്കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഗൗരവമായി ആലോചിക്കുന്നതിനിടെ, എതിർപ്പുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗും രംഗത്ത്. മുംബൈയിൽ നടന്ന ബിസിസിഐയുടെ വാർഷിക പുരസ്കാര സമർപ്പണ വേദിയിൽ വച്ചാണ് ടെസ്റ്റ് ക്രിക്കറ്റിനെ ചതുർദിന മത്സരമാക്കി മാറ്റാനുള്ള ഐസിസി നീക്കത്തെ സേവാഗ് തുറന്നെതിർത്തത്. സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, രവി ശാസ്ത്രി തുടങ്ങിയവർക്കു പിന്നാലെയാണ് സേവാഗും ടെസ്റ്റ് മത്സരങ്ങൾ പരിഷ്കരിക്കുന്നതിനെ എതിർത്തത്.

താൻ എപ്പോഴും മാറ്റത്തെ തുണയ്ക്കുന്ന ആളാണെന്ന പ്രഖ്യാപനത്തോടെയാണ് സേവാഗ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ‘എക്കാലവും മാറ്റത്തെ പിന്തുണയ്ക്കുന്ന ആളാണ് ഞാൻ. ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരത്തിൽ ക്യാപ്റ്റൻ ഞാനായിരുന്നു. അതിൽ എനിക്ക് അഭിമാനവുമുണ്ട്. 2007ൽ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഞാൻ അംഗമായിരുന്നു. എങ്കിലും അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങൾ ഒരു വികാരം തന്നെയാണ്’ – സേവാഗ് പറഞ്ഞു.

അഞ്ച് ദിന ടെസ്റ്റുകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് സേവാഗ് ചൂണ്ടിക്കാട്ടി. ഇവയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ജഴ്സിയിൽ കളിക്കാരുടെ പേരെഴുതിയതും പിങ്ക് ബോൾ ടെസ്റ്റ് പോലുള്ള പരീക്ഷണങ്ങളും തീർച്ചയായും സ്വാഗതാർഹമാണ്. പക്ഷേ ഡയപെറും അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങളും എല്ലാം കഴിഞ്ഞിട്ടേ മാറ്റാവൂ. അല്ലെങ്കിൽ ഇനിയ ഉപയോഗിക്കാനാകാതെ വരുമ്പോഴാണ് മാറ്റേണ്ടത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ ജനപ്രീതി ഇപ്പോഴും അവസാനിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിന് 142 വയസ്സായെങ്കിലും ഇപ്പോഴും പൂർണ ഫിറ്റാണ്. അതിനൊരു ആത്മാവുണ്ട്. നിലാവ് നാലു രാത്രികളിൽ കാണുമായിരിക്കും. ടെസ്റ്റ് മത്സരങ്ങൾ അങ്ങനെയല്ല. വെള്ളത്തിൽനിന്ന് പുറത്തെടുത്താൽ പിന്നെ മത്സ്യത്തിന് ജീവനില്ല’ – സേവാഗ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ 223 ടെസ്റ്റ് മത്സരങ്ങൾ നടന്നതിൽ 31 എണ്ണമാണ് സമനിലയിൽ അവസാനിച്ചത്. അതായത് 13 ശതമാനം. ഇത് നമ്മുടെ ജിഡിപിയേക്കാൾ കൂടുതലാണ്. അതേസമയം, കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ ആകെ കളിച്ച 533 ടെസ്റ്റുകളിൽ 83 എണ്ണം സമനിലയിൽ അവസാനിച്ചു. അതായത് 19 ശതമാനം’ – സദസ്യരിൽ ചിരിയുണർത്തി സേവാഗ് വിശദീകരിച്ചു. കൊച്ചുകുട്ടികൾ പോലും ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കളിക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു. കളത്തിൽ താരങ്ങള്‍ പറയുന്ന കാര്യങ്ങളെല്ലാം ചുണ്ടിന്റെ അനക്കത്തിൽനിന്ന് കുട്ടികൾക്കു മനസ്സിലാകും. അല്ലെങ്കിൽ സ്റ്റംപ് മൈക്കിലൂടെ അവർ എല്ലാം കേൾക്കും. അത് ഓഫാക്കി വയ്ക്കുന്നത് ഒരു പരിഹാരമല്ല. കളിക്കാർ കുറച്ചുകൂടി നിയന്ത്രണത്തോടെ സംസാരിക്കണം. അസഭ്യങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ വാക്പോരുകളാണ് വേണ്ടതെന്നും സേവാഗ് ഓർമിപ്പിച്ചു.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവരും ചതുർദിന ടെസ്റ്റുകളെന്ന ആശയത്തെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരുന്നു. ‘ക്രിക്കറ്റിന്റെ യഥാർഥ സൗന്ദര്യം ടെസ്റ്റ് മത്സരങ്ങളിലാണ്. ഇന്നു നിങ്ങൾ നാലുദിന ടെസ്റ്റിനെക്കുറിച്ച് സംസാരിക്കുന്നു. നാളെ അത് 3 ദിവസമാകും. പതിയെ ടെസ്റ്റ് ക്രിക്കറ്റ് തന്നെ‌ ഇല്ലാതാകും. കാണികൾക്ക് ആവേശമുണ്ടാക്കാനെന്ന പേരിൽ ക്രിക്കറ്റിന്റെ യഥാർഥ ഫോർമാറ്റിനെ നശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല’ – കോലി പറഞ്ഞു.

∙ എന്താണ് നാലുദിന ടെസ്റ്റ്?

ടെസ്റ്റ് മത്സരങ്ങളുടെ ദൈർഘ്യം 5 ദിവസത്തിൽ നിന്നും 4 ദിവസമാക്കി ചുരുക്കി, ലിമിറ്റഡ് ഓവർ മത്സരങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്ന തീരുമാനമാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ 4 ഡേ ടെസ്റ്റ് എന്ന ആശയത്തിലേക്ക് എത്തിച്ചത്. ടെസ്റ്റ് പ്ലെയിങ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുമായി ആലോചിച്ച് ഈ വർഷം മുതൽ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായോ അല്ലെങ്കിൽ 2023 മുതൽ സ്ഥിരമായോ 4 ഡേ ടെസ്റ്റ് മത്സരങ്ങൾ നടത്താനാണ് ഐസിസിയുടെ തീരുമാനം. സാധാരണയായി ടെസ്റ്റ് മത്സരങ്ങൾ ഒരു ദിവസം 90 ഓവർ എന്ന കണക്കിൽ 5 ദിവസമാണ് നടക്കാറുള്ളത്.

എന്നാൽ ടെസ്റ്റ് മത്സരങ്ങൾ 4 ദിവസമായി ചുരുക്കുന്നതോടെ ഒരു ദിവസം 98 ഓവർ എറിയേണ്ടിവരും. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ആദ്യം ബാറ്റു ചെയ്യുന്ന ടീമിന് ഒന്നാം ഇന്നിങ്സിൽ 200 റൺസോ അതിലധികമോ ലീഡ് ഉണ്ടെങ്കിൽ എതിർ ടീമിനെ ഫോളോ ഓൺ ചെയ്യിക്കാം (വീണ്ടും ബാറ്റിങ്ങിനയക്കാം). എന്നാൽ 4 ഡേ ടെസ്റ്റിൽ ഫോളോ ഓൺ ചെയ്യിക്കാനാവശ്യമായ ലീഡ് 150 ആയി കുറയ്ക്കാനാണ് ആലോചിക്കുന്നത്.

English Summary: Diaper and 5-day Tests should only be changed when finished: Virender Sehwag against ICC proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com