ADVERTISEMENT

മുംബൈ∙ മാന്യൻമാരുടെ കളിയായി അറിയപ്പെടുന്ന ക്രിക്കറ്റിൽ മാന്യമായ പെരുമാറ്റത്തിന് പ്രോത്സാഹനമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നൽകുന്ന ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം ഇക്കുറി ഇന്ത്യൻ നായകൻ വിരാട് കോലിക്ക്. മാതൃകാപരമായ ഒട്ടേറെ നിമിഷങ്ങൾ പോയവർഷം ക്രിക്കറ്റിന് സമ്മാനിച്ച കോലിക്ക്, ലോകകപ്പിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂവി പരിഹസിച്ച ഇന്ത്യൻ ആരാധകരെ തിരുത്തിയ നടപടിയാണ് പുരസ്കാരം നേടിക്കൊടുത്തത്. ക്രിക്കറ്റ് കളത്തിൽ ആവേശത്തിന്റെ പ്രതിരൂപമായും വഴക്കാളിയായും അറിയപ്പെടുന്ന കോലി പക്വതയാർജിച്ചതിന്റെ ലക്ഷണമായാണ് ആരാധകരിലേറെയും ഈ പുരസ്കാരലബ്ധിയെ കാണുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒട്ടേറെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്തു.

കളത്തിൽ പൊതുവെ അശാന്തനായ കോലി വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 2012 ജനുവരിയിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ഒരു ടെസ്റ്റ് മത്സരത്തിനിടെ സിഡ്നിയിൽ ആരാധകരെ നടുവിരൽ ഉയർത്തിക്കാട്ടിയത് വലിയ വിവാദമായിരുന്നു. മത്സരത്തിന്റെ രണ്ടാം ദിനം ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുമ്പോഴാണ് ഓസീസ് ആരാധകരും കോലിയും കോർത്തത്. ഇതിനിടെ ആരാധകരെ കോലി നടുവിരൽ ഉയർത്തിക്കാട്ടുന്നത് ക്യാമറക്കണ്ണുകളിൽ പതിയുകയും ചെയ്തു.

അമ്മയെയും പെങ്ങളെയും കുറിച്ച് മോശമായി സംസാരിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നായിരുന്നു അന്ന് കോലിയുടെ വിശദീകരണം. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ, ബോളിവുഡ് താരം അമിതാഭ് ബച്ചൻ തുടങ്ങിയവർ അന്ന് കോലിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. അതേസമയം, കുപ്രസിദ്ധമായ മങ്കിഗേറ്റ് വിവാദത്തെ ഓർമിപ്പിച്ച് ‘ഫിങ്കർഗേറ്റ്’ എന്നാണ് ഓസ്ട്രേലിയയിലെ വിഖ്യാതമായ ‘ദ് ഏജ്’ ദിനപ്പത്രം സംഭവത്തെ വിശേഷിപ്പിച്ചത്. സംഭവത്തിൽ കോലി കുറ്റമേറ്റതിനെ തുടർന്ന് ഐസിസി മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി.

ഈ സംഭവമുൾപ്പെടെ നിരവധി തവണ കളത്തിലെ വൈകാരിക പെരുമാറ്റം കൊണ്ട് മാന്യമാരുടെ കളിയിൽ പേരുദോഷം ചാർത്തിയ കോലി വർഷങ്ങൾക്കിപ്പുറം ‘സ്പിരിറ്റ് ഓഫ്  ക്രിക്കറ്റ്’ പുരസ്കാരം സ്വന്തമാക്കുമ്പോൾ, താരം കൈവരിച്ച പക്വതയുടെ അടയാളമായി ആരാധകർ അതിനെ കാണുന്നത് വെറുതെയല്ലെന്നു ചുരുക്കം. പോയ വർഷം മാന്യമായ പെരുമാറ്റം കൊണ്ട് കോലി കയ്യടി നേടിയത് ഈയൊരു സംഭവത്തിന്റെ പേരിൽ മാത്രമല്ല. രോഹിത് ശർമയുമായി താരം അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന കാലത്ത്, രോഹിത്തിന്റെ സെഞ്ചുറി നേട്ടങ്ങളെ പവലിയനിൽ നിറചിരിയോടെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കോലി ആരാധകരുടെ കണ്ണിലുണ്ണിയായി. യുവതാരം ഋഷഭ് പന്ത് കളത്തിൽ തുടർച്ചയായി പിഴവു വരുത്തുമ്പോൾ ‘ധോണി, ധോണി’ എന്ന് ആർത്തുവിളിക്കുന്ന ആരാധകരെ പലകുറി ഇന്ത്യൻ നായകൻ തിരുത്തുന്നതും നാം കണ്ടു.

എന്തിനേറെ, ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ സിക്സറടിച്ചു തുടങ്ങിയപ്പോൾ പവലിയനിൽ തുള്ളിച്ചാടിയ ക്യാപ്റ്റനെയും നാം കണ്ടു. ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര തുടങ്ങിയ വാലറ്റക്കാരുടെ സിക്സർ നേട്ടങ്ങളെയും കോലി അകമഴിഞ്ഞ് അഭിനന്ദിച്ചു. രാജ്യാന്തര വേദിയിൽ താരതമ്യേന പുതുമുഖമായ മായങ്ക് അഗർവാൾ സെഞ്ചുറി നേടിയപ്പോൾ അത് ഇരട്ട സെഞ്ചുറിയാക്കാനും ഇരട്ടസെഞ്ചുറി നേടിയപ്പോൾ അത് ട്രിപ്പിളാക്കാനും നിർദ്ദേശം നൽകിയ കോലിയും പോയ വർഷത്തെ കാഴ്ചതന്നെ. ഇതിനെല്ലാം പുറമെ, ഇന്നലെ ഓസീസിനെതിരെ ഫോമിൽ കളിക്കുന്ന മൂന്ന് ഓപ്പണർമാരെയും ടീമിൽ ഉൾക്കൊള്ളിക്കാന്‍ ഏറെ പ്രിയപ്പെട്ട മൂന്നാം നമ്പറിൽനിന്ന് നാലാം നമ്പറിലേക്ക് മാറാൻ മനസ്സു കാണിച്ച കോലിയെയും നമ്മൾ കണ്ടു, ആ പരീക്ഷണം പാളിയെങ്കിൽപ്പോലും.

∙ പുരസ്കാരം സമ്മാനിച്ച് സംഭവമിതാ

ഇന്ത്യ–ഓസ്ട്രേലിയ ലോകകപ്പ് പോരാട്ടത്തിന്റെ പിരിമുറക്കത്തിനിടയിലാണ് എതിർ ടീം താരത്തെ കൂവിയ സ്വന്തം ആരാധകരെ ഇന്ത്യൻ നായകൻ തിരുത്താൻ ശ്രമിച്ചത്. ഓസീസ് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ കൂവിവിളിക്കുകയും ചതിയനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത ഇന്ത്യൻ ആരാധകരെ വിരാട് കോലി ശാസിച്ചത് പിറ്റേന്ന് വലിയ വാർത്തയുമായി. പന്തു ചുരണ്ടൽ വിവാദത്തിനുശേഷം ആയിടെ മാത്രം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ സ്മിത്തിനെ കാണികൾ കൂവുന്നത് പതിവാകുന്നതിനിടെയായിരുന്നു കോലിയുടെ ഇടപെടൽ.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഭവം. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെ സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ ആരാധകർ ‘ചതിയൻ’ എന്നു വിളിച്ചപ്പോഴാണ് കോലി ഇടപെട്ടത്. ഗാലറിയിലെ ആരാധകരോടു സ്മിത്തിനെ കൂവി വിളിക്കരുതെന്നുള്ള ആംഗ്യം നൽകിയ കോഹ്‌ലി സ്മിത്തിനായി കൈയടിക്കാനും അവരോട് ആവശ്യപ്പെട്ടു. സ്മിത്ത് ഉടനെ കോലിയോട് തോളിൽത്തട്ടി നന്ദി പറയുകയും ചെയ്തു.

മൽസരശേഷം സ്മിത്തിനെ ആരാധകർ  കൂവുന്നതിനെതിരെ കോലി രംഗത്തെത്തുകയും ചെയ്തു. ഇന്ത്യൻ ആരാധകർ ഇത്തരം മോശം പ്രവൃത്തികളിൽ ഏർപ്പെടുന്നത് വേദനാജനകമാണെന്നും കോലി ചൂണ്ടിക്കാട്ടി. ഇങ്ങനെ പരിഹസിക്കപ്പെടാൻ മാത്രം സ്മിത്ത് എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. ആരാധകർ സ്മിത്തിനെ പരിഹസിക്കുന്നതു കണ്ടപ്പോൾ സങ്കടം തോന്നി. ഇങ്ങനെ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോലി പറഞ്ഞു.

English Summary: Virat Kohli won the Spirit of Cricket award for his heart-touching gesture after the fans were booing Steve Smith at the Oval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com