ADVERTISEMENT

ക്രൈസ്റ്റ് ചർച്ച്∙ സ്വവർഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയ ന്യൂസീലൻഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റർത്‌വൈറ്റ് – ലീ തഹൂഹു ദമ്പതികൾക്ക് കുഞ്ഞുജനിച്ചു. ജനുവരി 13ന് ഇരുവർക്കും കുഞ്ഞു പിറന്നെങ്കിലും ഇന്നാണ് ഇക്കാര്യം പരസ്യമാക്കിയത്. ദമ്പതികളിലെ ലീ തഹൂഹുവാണ് കുഞ്ഞു ജനിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റർത്‌വൈറ്റ് ദേശീയ ടീമിൽനിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു.

‘ജനുവരി 13ന് ഗ്രേസ് മേരി സാറ്റർത്‌വൈറ്റ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിവരം അറിയിക്കുന്നതിൽ എനിക്കും ആമിക്കും അതിയായ ആഹ്ലാദമുണ്ട്. എല്ലാവർക്കും ഞങ്ങളുടെ സന്തോഷവും കൃതജ്ഞതയും’ – കുഞ്ഞിന്റെ വിരലുകൾ ചേർത്തുപിടിക്കുന്ന ഇരുവരുടെയും കരങ്ങളുടെ ചിത്രം സഹിതം തഹൂഹു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2017 മാർച്ചിലാണ് ന്യൂസീലൻഡ് ദേശീയ ടീമിൽ അംഗങ്ങളായിരിക്കെ ഇരുവരും വിവാഹിതരായത്. കുഞ്ഞു ജനിക്കാൻ പോകുന്ന വിവരം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആമി സാറ്റർത്‌വൈറ്റ് പുറത്തുവിട്ടത്. ഇതിനുള്ള തയാറെടുപ്പിനായി സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കുകയാണെന്നും ആമി അറിയിച്ചിരുന്നു. ന്യൂസീലൻഡ് ക്രിക്കറ്റ് അസോസിയേഷനും താരങ്ങളുടെ സംഘടനയും തമ്മിലുള്ള ഉടമ്പടി പ്രകാരം പ്രസവവുമായി ബന്ധപ്പെട്ടുള്ള ഇടവേളയുടെ കാലയളവിൽ പ്രതിഫലത്തോടു കൂടിയ അവധി ലഭ്യമാണ്.

2013 ഓഗസ്റ്റ് മുതൽ ന്യൂസീലൻഡിൽ സ്വവർഗ വിവാഹം അനുവദനീയമാണ്. ഓസ്ട്രേലിയയിലും സ്വവർഗ വിവാഹത്തിന് നിയമസാധുതയുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ ഇവരുൾപ്പെടെ സ്വവർഗ വിവാഹിതരായ മൂന്ന് ദമ്പതികളുണ്ട്. ദക്ഷിണാഫ്രിക്കൻ വനിതാ ടീം നായിക ഡെയ്ൻ വാൻ നീകർക്കും സഹതാരം മാരിസാൻ കാപ്പുമാണ് ഇവർക്കു പിന്നാലെ ആദ്യം വിവാഹിതരായത്. അതിനുശേഷം ന്യൂസീലൻഡിന്റെ ഹീലി ജെൻസണും ഓസ്ട്രേലിയയുടെ നിക്കോളാ ഹാൻകോക്കും സ്വവർഗ വിവാഹത്തിലൂടെ ജീവിതത്തിൽ ഒന്നിച്ചു.

English Summary: White Ferns couple Amy Satterthwaite and Lea Tahuhu have welcomed baby Grace Marie to the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com