ADVERTISEMENT

മുംബൈ∙ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണി തകർപ്പൻ പ്രകടനം പുറത്തെടുത്താലും ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം ഒരിക്കൽ കൂടി കളിക്കാൻ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഹര്‍ഭജൻ സിങ്. ബിസിസിഐ കരാറിൽനിന്ന് മുതിർന്ന താരമായ ധോണി പുറത്തായ വാർത്തയോടു പ്രതികരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് താരം കൂടിയായ ഹർഭജൻ സിങ്. ധോണി ഇനിയും ഇന്ത്യയ്ക്കായി കളിക്കുമെന്നു തോന്നുന്നില്ല. 2019 ലോകകപ്പ് ക്രിക്കറ്റ് വരെ കളിച്ചാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കിൽ അതുണ്ടാകില്ല. അദ്ദേഹം ഐപിഎല്ലിനു വേണ്ടി തയാറെടുക്കുകയായിരിക്കണം– വാർത്താ ഏജൻസിയായ പിടിഐയോട് ഹർഭജന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‍സിൽ മികച്ച ഒരു സീസണായിരിക്കും ധോണിയുടേതെന്ന് ആത്മവിശ്വാസമുണ്ടെന്നും ഹർഭജൻ പറഞ്ഞു. ദേശീയ ക്രിക്കറ്റ് ടീമിൽനിന്നു മാസങ്ങളായി വിട്ടു നിൽക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് പരിശീലനം ധോണി വീണ്ടും ആരംഭിച്ചിട്ടുണ്ട്. റാഞ്ചിയിൽ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിനൊപ്പം ബാറ്റിങ് പരിശീലനമുൾപ്പെടെ ധോണി നടത്തുന്നുണ്ട്. ഐപിഎൽ സീസണിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണു പരിശീലനം എന്നാണു വിവരം. ലോകകപ്പ് സെമി ഫൈനലിൽ ന്യൂസീലന്‍ഡിനോടു തോറ്റ ശേഷം ദേശീയ ക്രിക്കറ്റ് ടീമിൽനിന്ന് ധോണി താൽക്കാലിക അവധിയെടുത്തിരുന്നു.

സൈനിക പരിശീലനത്തിനു ശേഷം തിരിച്ചെത്തിയെങ്കിലും ഇന്ത്യൻ ടീമിനൊപ്പം ചേരാതിരുന്നതോടെ ധോണിയുടെ വിരമിക്കൽ സംബന്ധിച്ചു അഭ്യൂഹങ്ങളും സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐയുടെ വാർ‌ഷിക കരാറിൽനിന്നു ധോണി പുറത്തായത്. കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങി ഈ വർഷം സെപ്റ്റംബർ വരെ കാലാവധിയുള്ള കരാറിൽനിന്നാണു നിലവിൽ എ ഗ്രേഡിലായിരുന്ന ധോണിയെ ഒഴിവാക്കിയത്. ബിസിസിഐ കരാറിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെ രാജ്യത്തിനു 2 ലോകകപ്പ് കിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റന്റെ തിരിച്ചുവരവാണു വീണ്ടും ചർച്ചയാകുന്നത്.

ധോണിയുടെ ഭാവിയെന്ത്?

ഇന്ത്യയ്ക്കായി ഇനി ധോണി ഏകദിന ക്രിക്കറ്റ് മത്സരം കളിക്കാൻ സാധ്യത കുറവാണെന്നാണു വിദഗ്ധർ പറയുന്നത്. എന്നാൽ, ട്വന്റി20 ലോകകപ്പ് കളിക്കാൻ ധോണി തിരിച്ചെത്തിയേക്കാം. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ഫോം തെളിയിക്കുകയും ശാരീരിക ക്ഷമത നേടുകയും ചെയ്താൽ ‘ക്യാപ്റ്റൻ കൂളി’നെ ഒരിക്കൽക്കൂടി പരിഗണിച്ചേക്കും. ഏഷ്യാ കപ്പ് ട്വന്റി20 ഉൾപ്പെടെയുള്ളവവരാൻ പോകുന്നുണ്ട്. കരാറിൽ ഉൾപ്പെട്ടിട്ടില്ല എന്നതു രാജ്യത്തിനായി കളിക്കുന്നതിനു തടസ്സമാവില്ല.

English Summary: Don't Think MS Dhoni Will Play For India Again, Says Harbhajan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com