ADVERTISEMENT

ധാക്ക∙ പാക്കിസ്ഥാൻ പര്യടനത്തിൽനിന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖർ റഹീം പിൻമാറിയതിനു പിന്നാലെ പാക്കിസ്ഥാനിലേക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകരും. ബംഗ്ലദേശ് ബാറ്റിങ് പരിശീലകൻ നെയ്ൽ മകെൻസി, ഫീൽഡിങ് പരിശീലകൻ റയാൻ കുക്ക് എന്നിവർ ട്വന്റി20 പരമ്പരയ്ക്കു പാക്കിസഥാനിലേക്കു പോകുന്ന ടീമിനൊപ്പമുണ്ടാകില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. പരിശീലകരുൾപ്പെടെ അഞ്ച് പേർ ഇല്ലാതെയായിരിക്കും ടീം പാക്കിസ്ഥാനിലേക്കു പോകുകയെന്ന് ബിസിബി ക്രിക്കറ്റ് ഓപറേഷൻസ് ചെയർമാൻ അക്രം ഖാൻ വ്യക്തമാക്കി.

ബാറ്റിങ്, ഫീൽഡിങ് പരിശീലകർ സ്വയം ഒഴിഞ്ഞതോടെ ബോളിങ് പരിശീലകനായ ഡാനിയൽ വെറ്റോറിയെയും പാക്കിസ്ഥാനിലേക്കു വിളിക്കേണ്ടതില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഇന്ത്യൻ പൗരനായ ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരനും മറ്റൊരു പരിശീലകനായ മരിയോ വില്ലവരായനും ബംഗ്ലദേശ് ടീമിനൊപ്പമുണ്ടാകില്ല. കൈയ്ക്ക് പരുക്കേറ്റതിനാലാണ് മരിയോ വിട്ടുനിൽക്കുന്നത്. അതേസമയം ശ്രീനിവാസിന്റെ സേവനം ഓൺലൈനായി ലഭ്യമാക്കുമെന്നാണു ടീം പറയുന്നത്.

റയാൻ കുക്കിനു പകരം സോഹൽ ഇസ്‍ലാമും മരിയോയ്ക്കു പകരം തുഷാർ കാന്തി ഹൗലാദറും ബംഗ്ലദേശ് ടീമിനൊപ്പം പാക്കിസ്ഥാനിലേക്കു പോകും. സ്ഥിരം ഉദ്യോഗസ്ഥരിൽ ജൂലിയൻ കാലെഫാറ്റോ മാത്രമാകും പ്രധാന പരിശീലകനായ റസൽ ‍ഡൊമിങ്കോയോടൊപ്പം പാക്കിസ്ഥാനിലുണ്ടാകുകയെന്നും വിവരമുണ്ട്. ജനുവരി ഏപ്രിൽ മാസങ്ങളിലായി മൂന്ന് ട്വന്റി20, രണ്ട് ടെസ്റ്റ്, ഒരു ഏകദിന മത്സരങ്ങളാണ് ബംഗ്ലദേശ് പാക്കിസ്ഥാനിൽ കളിക്കുക. പാക്കിസ്ഥാനിൽ ടെസ്റ്റ് കളിക്കാൻ വിസമ്മതിച്ചിരുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് നീണ്ട ചർച്ചകൾക്കു ശേഷമാണ് ടീമിനെ അയയ്ക്കാൻ തയാറായത്.

English Summary: Bangladesh batting, fielding coaches withdraw from Pakistan tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com