ADVERTISEMENT

ജൊഹാനസ്ബെർഗ്∙ അതിരുവിട്ട ആഘോഷ പ്രകടനങ്ങളുടെ പേരിൽ ക്രിക്കറ്റിൽ വിവാദങ്ങളുണ്ടാകുന്നതു പുതിയ കാര്യമല്ല. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയടക്കം ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ അച്ചടക്ക നടപടി നേരിടേണ്ടിവന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ കഗീസോ റബാദയുടെ ആഘോഷ പ്രകടനവും അതിനെതിരായ നടപടിയുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ഇംഗ്ലണ്ട്– ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിനിടെ ഇംഗ്ലിഷ് താരം ജോ റൂട്ടിനെ പുറത്താക്കിയപ്പോഴായിരുന്നു റബാദയുടെ ആഘോഷം. എന്നാൽ ഇതിൽ നിയമലംഘനം കണ്ടെത്തിയ അധികൃതർ താരത്തിനെ ഒരു കളിയിൽനിന്നു തന്നെ വിലക്കി. വിലക്കിനെതിരെ ക്രിക്കറ്റ് താരങ്ങൾ വ്യാപകമായി വിമർശനമുയർത്തിയതോടെ സംഭവം വിവാദമായി.

നാലു ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ളത്. ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്കയും രണ്ടാം ടെസ്റ്റ് ഇംഗ്ലണ്ടും ജയിച്ചു നിൽക്കുന്നു. പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലായിരുന്നു വിവാദങ്ങൾക്കു വഴിയൊരുക്കിയ സംഭവം. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരെ 65–ാം ഓവറിൽ റബാദയെറിയ പന്തിൽ ജോ റൂട്ട് ബോൾഡായി. വിക്കറ്റ് നേട്ടം ‘നന്നായി ആഘോഷിച്ച’ റബാദ കൈകൾ ഉയര്‍ത്തി ജോ റൂട്ടിന് നേരെ ഓടിയടുത്തു. ശേഷം കുനിഞ്ഞിരുന്നു വീണ്ടും ആഘോഷം.

പുറത്തായ റൂട്ട് റബാദയുടെ ആഘോഷം കുറച്ചു നേരം നോക്കി നിന്നശേഷമാണ് ഗ്രൗണ്ട് വിട്ടത്. 27 റണ്‍സിന് റൂട്ട് പുറത്തായെങ്കിലും ആദ്യ ഇന്നിങ്സിൽ 499 റൺസെടുത്താണ് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്. ബെൻ സ്റ്റോക്സ്, ഒലി പോപ് എന്നിവരുടെ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ നേടിയത്. എന്നാൽ റബാദയുടെ ആഘോഷം ഫീൽഡ് അംപയര്‍മാർക്ക് അത്ര പിടിച്ചില്ല. ഉചിതമല്ലാത്ത ആഘോഷമാണിതെന്ന് അവർ വിലയിരുത്തി. റബാദയുടെ ഭാഷയും ആംഗ്യങ്ങളും ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും അംപയർമാർ വ്യക്തമാക്കി.

ഐസിസിയുടെ പെരുമാറ്റച്ചട്ടപ്രകാരം മാച്ച് ഫീയുടെ 15 ശതമാനം താരത്തിനു പിഴ ചുമത്തി. ഇതിനു പുറമേ ഡിമെറിറ്റ് പോയിന്റും റബാദയുടെ മേൽ ചുമത്തിയിട്ടുണ്ട്. ഡിമെറിറ്റ് പോയിന്റ് നാല് ആയതോടെ ഇനി നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ മത്സരത്തിൽ കളിക്കാൻ താരത്തിനു സാധിക്കില്ല. അതായത് ജൊഹാനസ്ബെർഗിൽ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് റബാദയ്ക്കു നഷ്ടമാകും. എന്നാൽ താരത്തിനെതിരായ നടപടിക്കെതിരെ മുൻ ക്രിക്കറ്റ് താരങ്ങളുൾപ്പെടെയുള്ളവർ രംഗത്തെത്തി. വിലക്കേർപ്പെടുത്തിയത് വിഡ്ഢിത്തമായിപ്പോയെന്ന് ഓസ്ട്രേലിയൻ മുൻ ഫാസ്റ്റ് ബോളർ ബ്രെറ്റ് ലീ പ്രതികരിച്ചു. റബാദയുടെ വികാരത്തെ ഉൾക്കൊള്ളുന്നതായും ഐസിസിയോടു വിയോജിക്കുന്നതായും ബ്രെറ്റ് ലീ ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലണ്ടിന്റെ മുൻ‌ ക്രിക്കറ്റ് താരങ്ങളായ മൈക്കൽ വോഗന്‍, നാസർ ഹുസൈൻ തുടങ്ങിയവരും റബാദയെ പിന്തുണച്ചു രംഗത്തെത്തി.

ഇതാദ്യമായല്ല അതിരുവിട്ട ആഘോഷങ്ങളുടെ പേരിൽ റബാദ വിവാദത്തിലാകുന്നത്. 2018ൽ ഐസിസിയുടെ പെരുമാറ്റച്ചട്ടങ്ങൾക്കു നിരക്കാത്ത രീതിയിൽ ഗ്രൗണ്ടിൽ ആഘോഷങ്ങൾ നടത്തി റബാദ വിമർശനത്തിനിരയായിരുന്നു. 2018 ഫെബ്രുവരിയിൽ ഇന്ത്യൻ താരം ശിഖർ ധവാനെതിരെയായിരുന്നു ആദ്യ ആഘോഷം. ഒരു മാസത്തിനുശേഷം ഓസീസ് താരം സ്റ്റീവ് സ്മിത്തിനെതിരെയും റബാദയുടെ ആഘോഷ പ്രകടനങ്ങൾ ‘അതിരുവിട്ടു’.

English Summary: Cricketing world lashes out at ICC for banning Kagiso Rabada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com