ADVERTISEMENT

ധാക്ക∙ ക്രിക്കറ്റ് കളിക്കുന്നതിനായി പാക്കിസ്ഥാനിലേക്കു പോകാനില്ലെന്ന് ബംഗ്ലദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖര്‍ റഹീം. കുടുംബത്തിന്റെ ആശങ്ക കൂടി പരിഗണിച്ച് ബംഗ്ലദേശിന്റെ പാക്ക് പര്യടനത്തിൽനിന്നു വിട്ടുനിൽക്കാനാണു തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതേ കാരണത്തിൽ പാക്കിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) നിന്നും മുഷ്ഫിഖർ റഹീം പിൻമാറിയിരുന്നു.

പാക്കിസ്ഥാനിലേക്കു പോകില്ലെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. വളരെ കാലം മുൻപു തന്നെ ഈ തീരുമാനം എടുത്തിട്ടുണ്ട്. ഇത് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. കുടുംബത്തിന് ആശങ്കയുണ്ട്. ഞാൻ പാക്കിസ്ഥാനിലേക്കു പോകുന്നതില്‍ അവർക്കു താല്‍പര്യമില്ല. കാര്യങ്ങൾ വിശദീകരിച്ച് ബോർ‍ഡിന് കത്തെഴുതിയിട്ടുണ്ട്. ബംഗ്ലദേശിനായി കളിക്കാതിരിക്കുന്നതു കുറ്റം തന്നെയാണ്. പക്ഷേ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽ കളിക്കുന്നതിൽനിന്നും ഞാൻ പിൻമാറിയിരുന്നു. ടൂർണമെന്റ് മുഴുവന്‍ പാക്കിസ്ഥാനിലാണു നടക്കുന്നതെന്ന് അറിഞ്ഞതോടെയാണ് വിട്ടുനിൽക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനിൽ കാര്യങ്ങൾ മെച്ചപ്പെട്ടെന്നതു സമ്മതിക്കുന്നു. അടുത്ത രണ്ടു വർഷത്തിൽ ടീമുകള്‍ പാക്കിസ്ഥാനില്‍ പോയി കളിക്കുമ്പോൾ എനിക്കും ആത്മവിശ്വാസം ലഭിക്കും. പാക്കിസ്ഥാനില്‍ നേരത്തേ പോയിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാൻ അതു നല്ല സ്ഥലമാണ്– മുഷ്ഫിഖർ പ്രതികരിച്ചു. ബംഗ്ലദേശ്, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള നിരന്തര ചർച്ചകൾക്കു ശേഷമാണ് ബംഗ്ലദേശ് പാക്കിസ്ഥാനിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.

ട്വന്റി20 മത്സരം മാത്രം കളിക്കാം എന്ന നിലപാടിലായിരുന്നു ആദ്യം ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ടെസ്റ്റ് കളിക്കാൻ സാധിക്കില്ലെന്നും ബംഗ്ലദേശ് നിലപാടെടുത്തു. എന്നാൽ പിന്നീട് ജനുവരിയില്‍ മൂന്ന് ട്വന്റി20, ഫെബ്രുവരിയിൽ ഒരു ടെസ്റ്റ്, ഒരു ഏകദിനം, ഏപ്രിലിൽ വീണ്ടുമൊരു ടെസ്റ്റ് എന്നിങ്ങനെ മത്സരങ്ങൾ നടത്തുന്നതിന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചു.

അതേസമയം ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിനെ ബംഗ്ലദേശ് ശനിയാഴ്ച പ്രഖ്യാപിച്ചു. മുഷ്ഫിഖർ റഹീമിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം. ജനുവരി 23ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തും. 24, 25, 27 തീയതികളിലാണ് ട്വന്റി20 മത്സരങ്ങൾ. 28ന് ലാഹോറിൽനിന്ന് ബംഗ്ലദേശിലേക്കു തന്നെ മടങ്ങും. ട്വന്റി20 പരമ്പരയ്ക്കുള്ള ബംഗ്ലദേശ് ക്രിക്കറ്റ് ടീം– മഹ്മൂദുള്ള (ക്യാപ്റ്റൻ), തമീം ഇഖ്ബാൽ, സൗമ്യ സർക്കാർ, നയീം ഷെയ്ഖ്, നജ്മുൽ ഹുസൈൻ ഷാന്റോ, ലിറ്റൻ ദാസ്, അഫിഫ് ഹുസൈൻ, മെഹ്ദി ഹസൻ, അമിനുൽ ഇസ്‍ലാം ബിപ്ലബ്, മുസ്തഫിസുർ റഹ്മാൻ, ഷഫിയുൽ ഇസ്‍‌ലാം, അൽ അമീൻ ഹുസൈൻ, റുബേൽ ഹുസൈൻ, ഹസൻ മഹമൂദ്.

English Summary: My family is worried, they don't want me to go- Mushfiqur Rahim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com