ADVERTISEMENT

ബ്ലൂംഫോണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക)∙ മൂന്ന് അർധസെഞ്ചുറികൾ, അർധസെഞ്ചുറിക്ക് അരികിലെത്തിയവർ രണ്ട്. ഇതിനു പുറമെ നാല് അർധസെഞ്ചുറി കൂട്ടുകെട്ടുകൾ... അർധസെഞ്ചുറികൾകൊണ്ട് മത്സരം ‘നിറച്ച’ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്ക്, അണ്ടർ 19 ലോകകപ്പിൽ വിജയത്തുടക്കം. ഗ്രൂപ്പ് പോരാട്ടത്തിൽ അയൽക്കാരായ ശ്രീലങ്കയെ 90 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 297 റൺസ്. കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ശ്രീലങ്കയുടെ മറുപടി 45.2 ഓവറിൽ 207 റൺസിൽ അവസാനിച്ചു.

താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങേണ്ട ഇന്ത്യയെ അവസാന ഓവറുകളിലെ തകർപ്പൻ അടികളിലൂടെ 300ന് ചുവടെ എത്തിക്കുകയും പിന്നീട് രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സിദ്ധേഷ് വീറാണ് കളിയിലെ താരം. വീർ 27 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 44 റൺസുമായി പുറത്താകാതെ നിന്നു. ജനുവരി 21ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

∙ കരുത്തർ, ഈ യുവനിര

ഇന്ത്യ ഉയർത്തിയ 298 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ ബോർഡിൽ 19 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ നവോദ് പരണവിതാന പുറത്ത്. 13 പന്തിൽ ആറു റൺസെടുത്ത നവോദിനെ സുശാന്ത് മിശ്രയാണ് പുറത്താക്കിയത്. തുടർന്നെത്തിയവർ കരുതലോടെ കളിച്ചതോടെ അടുത്ത വിക്കറ്റിനായി ഇന്ത്യയുടെ കാത്തിരിപ്പു നീണ്ടു. രണ്ടാം വിക്കറ്റിൽ കമിൽ മിഷാര – രവീന്ദു രസന്ത സഖ്യം 87 റൺസ് കൂട്ടുകെട്ടു തീർത്ത് ലങ്കൻ ഇന്നിങ്സിന് അടിത്തറയിട്ടു. എന്നാൽ ഇരുവരും ഏഴു റൺസിന്റെ ഇടവേളയിൽ പുറത്തായതോടെ തകർന്നടിഞ്ഞ ലങ്ക തോൽവി ഇരന്നുവാങ്ങുകയായിരുന്നു.

പിന്നീട് പിടിച്ചുനിന്നത് ലങ്കയുടെ ടോപ് സ്കോററായ ക്യാപ്റ്റൻ നിപുൻ ധനഞ്ജയ മാത്രം. 59 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 50 റൺസെടുത്താണ് ധനഞ്ജയ പുറത്തായത്. കമിൽ 59 പന്തിൽ 39 റൺസെടുത്തും രസന്ത 70 പന്തിൽ 49 റൺസുമെടുത്തു. വെറും 26 റണ്‍സിനിടെയാണ് ശ്രീലങ്കയ്ക്ക് അവസാന ആറു വിക്കറ്റുകൾ നഷ്ടമായത്. ഇന്ത്യയ്ക്കായി ആകാശ് സിങ്, സിദ്ധേഷ് വീർ, രവി ബിഷ്ണോയ് എന്നിവർ രണ്ടും കാർത്തിക് ത്യാഗി, സുശാന്ത് മിശ്ര, യശ്വസി ജയ്സ്വാൾ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

∙ അർധസെഞ്ചുറികൾകൊണ്ട് ആറാട്ട്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 297 റൺസെടുത്തത്. ഇന്ത്യൻ നിരയിൽ മൂന്നു പേർ അർധസെ‍ഞ്ചുറി കുറിച്ചപ്പോൾ, രണ്ടു പേർ അർധസെഞ്ചുറിക്ക് അരികിലെത്തി. 74 പന്തിൽ എട്ടു ഫോറുകൾ സഹിതം 59 റൺസെടുത്ത ഓപ്പണർ യശ്വസി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ പ്രിയം ഗാർഗ് (72 പന്തിൽ 56), ധ്രുവ് ജുറെൽ (48 പന്തിൽ പുറത്താകാതെ 52) എന്നിവരാണ് അർധസെഞ്ചുറി േനടിയ മറ്റുള്ളവർ.

തിലക് വർമ (53 പന്തിൽ 46), സിദ്ധേഷ് വീർ (27 പന്തിൽ പുറത്താകാതെ 44) എന്നിവരാണ് അർധസെഞ്ചുറിക്ക് അരികിലെത്തിയവർ. ഇവർക്കൊപ്പമെത്തിയില്ലെങ്കിലും ഓപ്പണർ ദിവ്യാൻഷ് സക്സേനയും (27 പന്തിൽ 23) ഭേദപ്പെട്ട സംഭാവന ഉറപ്പാക്കിയാണ് തിരിച്ചുകയറിയത്. ശ്രീലങ്കയ്ക്കായി അംശി ഡിസിൽവ, ആഷിയൻ ഡാനിയൽ, ദിൽഷൻ മധുഷങ്ക, കവിന്ദു നദീശൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

വ്യക്തിഗത പ്രകടനങ്ങൾക്കൊപ്പം ടീമെന്ന നിലയിലും മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഓപ്പണിങ് വിക്കറ്റിൽ ഉൾപ്പെടെ ഇന്ത്യൻ നിരയിൽ ആകെ നാല് അർധസെ‍ഞ്ചുറി കൂട്ടുകെട്ടുകൾ പിറന്നു. ഓപ്പണിങ്ങിൽ ദിവ്യാൻഷ് സക്സേന – ജയ്സ്വാൾ സഖ്യം 66 റൺസ് കൂട്ടിച്ചേർത്താണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ തിലക് വർമ – പ്രിയം ഗാർഗ് (59), നാലാം വിക്കറ്റിൽ പ്രിയം ഗാർഗ് – ധ്രുവ് ജുറെൽ (63), പിരിയാത്ത അഞ്ചാം വിക്കറ്റിൽ ധ്രുവ് ജുറെൽ – സിദ്ധേഷ് വീർ (63) എന്നിവരാണ് അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തത്. അർധസെഞ്ചുറി കടമ്പ കടക്കാനാകാതെ പോയ ഇന്ത്യൻ ഇന്നിങഅസിലെ ഏക കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ – തിലക് വർമ സഖ്യത്തിന്റേതാണ്. ഇരുവരും 46 റൺസ് നേടുകയും ചെയ്തു.

English Summary: India U19 vs Sri Lanka U19, 7th Match, Group A - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com