ADVERTISEMENT

തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളത്തിന്റെ മോശം പ്രകടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കി. മധ്യപ്രദേശിൽ നിന്നുള്ള അതിഥിതാരം ജലജ് സക്സേനയാണ് ആന്ധ്രയ്ക്കെതിരായ അടുത്ത കളിയിൽ കേരളത്തെ നയിക്കുക. റോബിൻ ഉത്തപ്പയും പി. രാഹുലും ബേസിൽ തമ്പിയും പരുക്കു മാറി ടീമിൽ തിരിച്ചെത്തി. 6 കളികളിൽ നിന്ന് 9 പോയിന്റ് മാത്രമുള്ള കേരളം എലീറ്റ് ഗ്രൂപ്പിൽ തരംതാഴ്ത്തൽ ഭീഷണിയിലാണ്. കഴിഞ്ഞ വർഷം സെമി ഫൈനലിലെത്തിയ ടീം ഇത്തവണ വലിയ പ്രതീക്ഷകളോടെയാണു കളിക്കാനിറങ്ങിയത്. എന്നാൽ, 4 കളികൾ ഇതിനകം തോറ്റു. രാജസ്ഥാനെതിരെ ഒന്നര ദിവസത്തിനുള്ളിൽ ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങിയതോടെയാണു ടീമിൽ അഴിച്ചുപണി നടത്താൻ കെസിഎ തീരുമാനിച്ചത്. 

ക്യാപ്റ്റൻ എന്ന നിലയിലും മുതിർന്ന താരം എന്ന നിലയിലും ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു കഴിഞ്ഞ ദിവസം സച്ചിൻ ബേബി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം കേരളം സെമി ഫൈനലിലെത്തിയതു സച്ചിന്റെ ക്യാപ്റ്റൻസിയിലാണ്.

1 സീസൺ, 3 ക്യാപ്റ്റൻമാർ

രഞ്ജി ട്രോഫിക്കു മുൻപു നടന്ന ട്വന്റി20, ഏകദിന ടൂർണമെന്റുകളിൽ റോബിൻ ഉത്തപ്പയായിരുന്നു കേരളത്തിന്റെ നായകൻ. എന്നാൽ, 2 ടൂർണമെന്റിലും കേരളത്തിനു തിളങ്ങാനായില്ല. അതോടെ, രഞ്ജി ട്രോഫിയിലെ ക്യാപ്റ്റൻ സ്ഥാനം സച്ചിൻ ബേബിയെ തിരികെ ഏൽപിച്ചു. ആ നീക്കവും പാളിയതോടെയാണ് ജലജിനെ ക്യാപ്റ്റനാക്കി പരീക്ഷണം.

ആന്ധ്രയ്ക്കെതിരായ പതിനഞ്ചംഗ ടീം:

ജലജ് സക്സേന (ക്യാപ്റ്റൻ), സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, പി.രാഹുൽ, വിഷ്്ണു വിനോദ്, സൽമാൻ നിസാർ, രോഹൻ പ്രേം, ബേസിൽ തമ്പി, എം.ഡി.നിധീഷ്, എൻ.പി.ബേസിൽ, അഭിഷേക് മോഹൻ, കെ.സി.അക്ഷ്‌യ്, അക്ഷ്‌യ് ചന്ദ്രൻ, വിനൂപ് എസ്.മനോഹരൻ, എസ്.മിഥുൻ

English Summary: Jalaj named as new captain for kerala team. Sachin removed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com