ADVERTISEMENT

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിനെ പരിഹസിച്ച് പാക്കിസ്ഥാന്റെ മുൻ പേസ് ബോളർ ശുഐബ് അക്തർ. 2016ൽ സേവാഗ് നടത്തിയ ഒരു പരാമർശത്തിനുള്ള മറുപടിയായാണ് അക്തർ പരിഹാസരൂപേണ മറുപടി നൽകിയത്. സേവാഗിന്റെ തലയിലെ മുടിവച്ചു നോക്കിയാൽ അതിനേക്കാൾ പണം തനിക്കുണ്ടെന്നായിരുന്നു അക്തറിന്റെ പരിഹാസം. ഇന്ത്യയെയും ഇന്ത്യൻ താരങ്ങളെയും അക്തർ തുടർച്ചയായി പുകഴ്ത്തുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടിയാണെന്നാണ് 2016ൽ സേവാഗ് പറഞ്ഞത്. ഇത് അടുത്തിടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് അക്തറിന്റെ മറുപടി. സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം സ്വന്തമായൊരു യുട്യൂബ് ചാനലുമായി സജീവമാണ് അക്തർ. 

‘താങ്കളുടെ തലയിലെ മുടിയേക്കാൾ പണം എനിക്കുണ്ട്. എന്റെ ഫോളോവേഴ്സിന്റെ എണ്ണത്തെക്കുറിച്ച് ശരിക്കങ്ങ് ബോധ്യം വരുന്നില്ലെങ്കിൽ ഇക്കാര്യം സേവാഗ് മനസ്സിലാക്കിക്കോളൂ. 15 വർഷം കൊണ്ടാണ് ഞാൻ ഇപ്പോൾ കാണുന്ന ഈ അക്തറായത്. ഇന്ത്യയിൽ എനിക്ക് വളരെ പ്രബലമായ ആരാധകവൃന്ദമുണ്ട് എന്നത് ശരിയാണ്. പക്ഷേ, ഇന്ത്യ മോശമായി കളിച്ചപ്പോഴെല്ലാം ഞാൻ അവരെ വിമർശിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ മോശം പ്രകടനത്തെയും വിമർശിച്ചിരുന്നു’ – തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അക്തർ വിശദീകരിച്ചു. അതേസമയം, സേവാഗിന്റെ മുടിയേക്കുറിച്ചുള്ള പരാമർശം തമാശയ്ക്കു പറഞ്ഞതാണെന്ന് അക്തർ വിശദീകരിച്ചു.

മുംബൈയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ദയനീയ തോൽവി വഴങ്ങിയശേഷം ശക്തമായി തിരിച്ചടിച്ച് പരമ്പര നേടിയ ഇന്ത്യൻ ടീമിനെയും നായകൻ വിരാട് കോലിയെയും അക്തർ അഭിനന്ദനങ്ങൾകൊണ്ട് മൂടിയിരുന്നു. വിരാട് കോലിയുടെ നേതൃമികവ് അപാരമാണെന്നായിരുന്നു അക്തറിന്റെ പ്രശംസ. പഴയ ഇന്ത്യൻ ടീമിനേപ്പോലെ ഒരു തോൽവി കണ്ട പരിഭ്രാന്തരാകുന്ന ടീമില്ല ഇതെന്നും അക്തർ ചൂണ്ടിക്കാട്ടിയിരുന്നു.

‘ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അവരെ പുകഴ്ത്താത്ത പാക്കിസ്ഥാനി യുട്യൂബർമാരുണ്ടോ? റമീസ് രാജ, ഷാഹിദ് അഫ്രീദി തുടങ്ങിയവരെല്ലാം ഇന്ത്യയുടെ മികച്ച പ്രകടനങ്ങളെ വാനോളം പുകഴ്ത്താറുണ്ട്. ഇന്ന് ലോകത്തിലെ ഒന്നാം നമ്പർ ടീമാണ് ഇന്ത്യയെന്ന കാര്യത്തിൽ എന്നെ വിമർശിക്കുന്നവർക്ക് എതിരഭിപ്രായമുണ്ടോ? ലോകത്തെ ഒന്നാം നമ്പർ ബാറ്റ്സ്മാനാണ് കോലി എന്ന കാര്യത്തിലോ?’ – അക്തർ ചോദിച്ചു.

‘ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞാൻ എന്റെ അഭിപ്രായം പറയുമ്പോൾ മറ്റുള്ളവർക്ക് എന്താണിത്ര വേവലാതി എന്ന് എനിക്കു മനസ്സിലാകുന്നില്ല. പാക്കിസ്ഥാനു വേണ്ടി 15 വർഷത്തിലധികം ക്രിക്കറ്റ് കളിച്ച ആളാണു ഞാൻ. അല്ലാതെ യുട്യൂബിൽ വിഡിയോ ചെയ്ത് പ്രശസ്തനായതല്ല. ലോകത്തിലെ ഏറ്റവും വേഗമേറിയ പേസ് ബോളറായിരുന്നു ‍ഞാൻ എന്ന കാര്യവും മറക്കരുത്’ – അക്തർ പറഞ്ഞു.

2016ൽ ഒരു സ്വകാര്യ ചാനലിലെ ചാറ്റ് ഷോയിലാണ് അക്തറിനെ സേവാഗ് വിമർശിച്ചത്. ‘ശുഐബ് അക്തർ ഇന്ത്യയെ പുകഴ്ത്തുന്നതും ഇന്ത്യക്കാരോട് സൗഹൃദം സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ ബിസിനസ് വളർത്താൻ മാത്രമാണ്. ഇന്ന് വിവിധ അഭിമുഖങ്ങളിൽ അക്തർ ഇന്ത്യയെ വാനോളം പുകഴ്ത്തുന്നത് പതിവു കാഴ്ചയാണ്. കളിച്ചിരുന്ന കാലത്ത് അതായിരുന്നില്ല സ്ഥിതി’ – ഇതായിരുന്നു സേവാഗിന്റെ പരാമർശം.

English Summary: I have more money than you have hair on your head: Shoaib Akhtar takes a jibe at Virender Sehwag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com