ADVERTISEMENT

വെല്ലിങ്ടൻ ∙ ന്യൂസീലൻഡ് താരങ്ങളുടെ ‘പാവത്താൻ പ്രകൃതം’ കണ്ടാൽ അവരോടു പകരം വീട്ടാൻ തോന്നില്ലെന്ന ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രഖ്യാപനം മറക്കാം. എതിരാളികളോടുള്ള ബഹുമാനവും പകരം വീട്ടാനില്ലെന്ന നല്ല മനസ്സും ‍‘ഡ്രസിങ് റൂമിൽവച്ച്’ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഓക്‌ലൻ‍ഡ് ഈഡൻ പാർക്കിലെ ഒന്നാം ട്വന്റി20യിൽ അനായാസ ജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പടുത്തുയർത്തിയ 204 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം, ആറു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ശ്രേയസ് അയ്യരാണ് കളിയിലെ കേമൻ. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.

ട്വന്റി20യിലെ 10–ാം അർധസെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ലോകഷ് രാഹുൽ (27 പന്തിൽ 56), രണ്ടാം അർധസെഞ്ചുറി കണ്ടെത്തിയ ശ്രേയസ് അയ്യർ (29 പന്തിൽ പുറത്താകാതെ 58) എന്നിവർ ചേർന്നാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ക്യാപ്റ്റൻ വിരാട് കോലി 32 പന്തിൽ 45 റൺസെടുത്ത് ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകി. രണ്ടാം വിക്കറ്റിൽ ലോകേഷ് രാഹുൽ – വിരാട് കോലി സഖ്യം പടുത്തുയർത്തിയ 99 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഈ കൂട്ടുകെട്ടിനു പിന്നാലെ 27 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റിൽ 62 റൺസ് കൂട്ടുകെട്ട് തീർത്ത് ശ്രേയസ് അയ്യർ – മനീഷ് പാണ്ഡെ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു. വെറും 34 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് 62 റൺസെടുത്തത്. രോഹിത് ശർമ (ആറു പന്തിൽ ഏഴ്), ശിവം ദുബെ (ഒൻപതു പന്തൽ 13) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. മനീഷ് പാണ്ഡെ 12 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ടും മിച്ചൽ സാന്റ്നർ, ബ്ലയർ ടിക്‌നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യ വിദേശ മണ്ണിൽ പിന്തുടർന്നു ജയിക്കുന്ന ഉയർന്ന ട്വന്റി20 സ്കോറാണിത്. ആകെ നോക്കിയാൽ ഉയർന്ന മൂന്നാമത്തെ സ്കോറും. മാത്രമല്ല, ഇതാദ്യമായാണ് ഒരു ട്വന്റി20 മത്സരത്തിൽ അഞ്ച് താരങ്ങൾ അർധസെഞ്ചുറി നേടുന്നത്. ന്യൂസീലൻഡ് നിരയിൽ കോളിൻ മൺറോ, കെയ്ൻ വില്യംസൻ, റോസ് ടെയ്‍ലർ, ഇന്ത്യൻ നിരയിൽ കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവരാണ് അർധസെഞ്ചുറി നേടിയത്. വിരാട് കോലിക്ക് അഞ്ചു റൺസ് അകലെ അർധസെഞ്ചുറി നഷ്ടമായിരുന്നില്ലെങ്കിൽ ഈ റെക്കോർഡ് കൂടുതൽ തിളക്കമുള്ളതായേനെ. ട്വന്റി20യിൽ ഇന്ത്യ 200നു മുകളിലുള്ള സ്കോർ വിജയകരമായി പിന്തുടരുന്നത് ഇത് നാലാം തവണയാണെന്ന പ്രത്യേകതയുമുണ്ട്. ഇതും റെക്കോർഡാണ്. ഓസ്ട്രേലിയ രണ്ടു തവണ 200+ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചു. ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ബംഗ്ലദേശ്, ഖത്തർ ടീമുകൾ ഓരോ തവണയും ഇതേ നേട്ടം സ്വന്തമാക്കി.

∙ നങ്കൂരമിട്ട് രാഹുൽ– കോലി സഖ്യം

ന്യൂസീലൻഡ് ഉയർത്തിയ 204 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 16 റൺസുള്ളപ്പോൾ രോഹിത് ശർമ പുറത്തായി. ആറു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസെടുത്ത രോഹിത്തിനെ മിച്ചൽ സാന്റ്നറാണ് പുറത്താക്കിയത്. റോസ് ടെയ്‍ലർ ക്യാച്ചെടുത്തു. സാന്റ്നറിനെതിരെ സിക്സ് നേടിയതിനു തൊട്ടുപിന്നാലെയാണ് രോഹിത് പുറത്തായത്. ഇതോടെ, ട്വന്റി20യിൽ 50 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ന്യൂസീലൻഡ് ബോളറായി സാന്റ്നർ മാറി. ടിം സൗത്തി (75), നഥാൻ മക്കല്ലം (58) എന്നിവർ മാത്രം മുന്നിൽ.

എന്നാൽ, രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്ത രാഹുൽ – കോലി സഖ്യം ഇന്ത്യയെ കാത്തു. ഇതിനിടെ, ഹാമിഷ് ബെന്നറ്റ് എറിഞ്ഞ ആറാം ഓവറിൽ ന്യൂസീലൻഡ് താരങ്ങൾ രണ്ട് റണ്ണൗട്ട് അവസരങ്ങൾ തുലച്ചത് ഇന്ത്യയ്ക്ക് രക്ഷയായി. രോഹിത് ശർമയെ തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യയെ കോലിയും രാഹുലും ചേർന്ന് രക്ഷപ്പെടുത്തുന്നതിനിടെയാണ് റണ്ണൗട്ട് അവസരം കിവീസ് പാഴാക്കിയത്. ആദ്യം സൗത്തിയുടെ ഡയറക്ട് ത്രോ സ്റ്റംപിൽ തൊടാതെ പോയപ്പോൾ രക്ഷപ്പെട്ടത് കോലി. പിന്നാലെ രണ്ടാം റണ്ണൗട്ട് ശ്രമത്തിൽനിന്ന് രാഹുലും രക്ഷപ്പെട്ടു. ഇതിനു പിന്നാലെ കോലി –രാഹുൽ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടു പിന്നിട്ടു. വെറും 27 പന്തിൽനിന്നാണ് ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടിലെത്തിയത്. ട്വന്റി20യിൽ കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിൽ രാഹുൽ – കോലി സഖ്യത്തിന്റെ നാലാം അർധസെഞ്ചുറി കൂട്ടുകെട്ടാണിത്. ഇതിൽ ഒരെണ്ണം സെഞ്ചുറി കൂട്ടുകെട്ടിലെത്തി. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിൽ കോലി – രാഹുൽ സഖ്യത്തിന്റെ കൂട്ടുകെട്ടുകൾ ഇതാ: 55, 17, 100, 95, 99.

സ്കോർ 115ൽ എത്തിയപ്പോൾ കൂട്ടുകെട്ടു പൊളിഞ്ഞു. ഇവരുടെ കൂട്ടുകെട്ടിന് സെഞ്ചുറി തികയ്ക്കാൻ ഒരു റൺ മാത്രം വേണ്ടപ്പോൾ ലോകേഷ് രാഹുലാണ് പുറത്തായത്. 27 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 56 റണ്‍സെടുത്ത രാഹുലിനെ ഇഷ് സോധിയുടെ പന്തിൽ ടിം സൗത്തി പിടിച്ചു പുറത്താക്കി. നേരത്തെ, 23 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതമാണ് രാഹുൽ അർധസെഞ്ചുറി പിന്നിട്ടത്. ഇരുവരും ചേർന്ന് 50 പന്തിൽനിന്നാണ് 99 റണ്‍സ് അടിച്ചുകൂട്ടിയത്. അധികം വൈകാതെ ക്യാപ്റ്റൻ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. 32 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 45 റൺസെടുത്ത കോലിയെ ബ്ലയർ ടിക്നറാണ് പുറത്താക്കിയത്. മാർട്ടിൻ ഗപ്ടിൽ ക്യാച്ചെടുത്തു.

21 റണ്‍സ് കൂടി ചേർക്കുമ്പോഴേയ്ക്കും ശിവം ദുബെയും മടങ്ങി. മിച്ചൽ സാന്റ്നറിനെതിരെ തുടർച്ചയായി ഫോറും സിക്സും കണ്ടെത്തിയ ദുബെയെ ഇഷ് സോധി പുറത്താക്കി. സമ്പാദ്യം ഒൻപതു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13 റൺസ്. ഇതോടെ, ഇന്ത്യയ്‌ക്കെതിരെ ട്വന്റി20യിൽ കൂടുതൽ വിക്കറ്റെടുക്കുന്ന ബോളറായി സോധി മാറി. ഇതുവരെ ഇന്ത്യയ്ക്കെതിരെ 13 വിക്കറ്റുകളാണ് സോധിയുടെ സമ്പാദ്യം. 11 വിക്കറ്റു വീഴ്ത്തിയ പാക്ക് ബോളർ ഉമർ ഗുല്ലിനെയാണ് സോധി പിന്തള്ളിയത്. 10 വീതം വിക്കറ്റുകളുമായി ദുഷ്മന്ത ചമീര, ഷെയ്ൻ വാട്സൻ, മിച്ചൽ സാന്റ്നർ എന്നിവർ തൊട്ടുപിന്നിലുണ്ട്.

ദുബെ പുറത്തായ ശേഷം ക്രീസിൽ ഒന്നിച്ച ശ്രേയസ് അയ്യർ – മനീഷ് പാണ്ഡെ സഖ്യം ഇന്ത്യയെ അനായാസ ജയത്തിലേക്കു നയിച്ചു. വെറും 34 പന്തിൽനിന്ന് 62 റൺസടിച്ച് ഇരുവരും ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. ഇതിനിടെ 26 പന്തിൽനിന്ന് അഞ്ചു ഫോറും രണ്ടു സിക്സും സഹിതം അയ്യർ രണ്ടാം ട്വന്റി20 അർധസെഞ്ചുറി പിന്നിട്ടു. ടിം സൗത്തി എറിഞ്ഞ 19–ാം ഓവറിന്റെ അവസാന പന്ത് സിക്സർ പറത്തിയാണ് അയ്യർ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അയ്യർ 29 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്സും സഹിതം 58 റൺസുമായി പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ 12 പന്തിൽ ഒരു സിക്സ് സഹിതം 14 റൺസുമായി കൂട്ടുനിന്നു.

∙ ഒരു ട്വന്റി20 മത്സരത്തിൽ അഞ്ച് 50+ പിറക്കുന്ന ആദ്യ മത്സരം

കോളിൻ മൺറോ 59
കെയ്ൻ വില്യംസൻ 51
റോസ് ടെയ്‌ലർ 54*
കെ.എൽ രാഹുൽ 56
ശ്രേയസ് അയ്യർ 58*

∙ ട്വന്റി20യിൽ 200നു മുകളിൽ വിജയലക്ഷ്യം കൂടുതൽ തവണ പിന്തുടർന്നവർ

4 ഇന്ത്യ
2 ഓസ്ട്രേലിയ
1 ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ബംഗ്ലദേശ്, ഖത്തർ

∙ ട്വന്റി20യിൽ ഇന്ത്യ പിന്തുടർന്നു ജയിച്ച ഉയർന്ന സ്കോറുകൾ

208 വെസ്റ്റിൻഡീസിനെതിരെ ഹൈദരാബാദിൽ, 2019
207 ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയിൽ, 2009
204 ന്യൂസീലൻഡിനെതിരെ ഓക്‌ലൻഡിൽ, 2020 *
202 ഓസ്ട്രേലിയയ്‌ക്കെതിരെ രാജ്കോട്ടിൽ, 2013
199 ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിൽ, 2018
198 ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ, 2016

∙ ഓക്‌ലൻഡിൽ തകർത്തടിച്ച് കിവീസ്

നേരത്തെ, ഓക്‌ലൻഡിലെ ഈ‍ഡൻ പാർക്കിൽ ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചാണ് ന്യൂസീലൻഡ് മികച്ച സ്കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 203 റൺസ്. ഓക്‌ലൻഡിലെ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള സ്റ്റേഡിയത്തിൽ നിർബാധം സിക്സും ഫോറും കണ്ടെത്തിയാണ് കിവീസ് കൂറ്റൻ സ്കോറിലേക്കെത്തിയത്. ന്യൂസീലൻഡിനായി ഓപ്പണർ കോളിൻ മൺറോ, ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, റോസ് ടെയ്‌ലർ എന്നിവർ അർധസെഞ്ചുറി നേടി. മൺറോ 42 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 59 റൺസെടുത്തപ്പോൾ, വില്യംസൻ 26 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 51 റണ്‍സെടുത്തും പുറത്തായി. ആറു വർഷത്തിനുശേഷം ട്വന്റി20യിൽ അർധസെഞ്ചുറി നേടിയ റോസ് ടെയ്‌ലർ, 27 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 54 റൺസുമായി പുറത്താകാതെ നിന്നു.

36 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്സും സഹിതമാണ് മൺറോയുടെ 10–ാം ട്വന്റി20 അർധസെഞ്ചുറി കണ്ടെത്തിയത്. ക്യാപ്റ്റൻ വില്യംസനാകട്ടെ 25 പന്തിൽ നാലു വീതം ഫോറും സിക്സും സഹിതം 10–ാം ട്വന്റി20 അർധസെഞ്ചുറി പിന്നിട്ടു. അവസാന ഓവർ വരെ ക്രീസിൽനിന്ന ടെയ്‍ർ 25 പന്തിലാണ് ആറാം ട്വന്റി20 അർധസെഞ്ചുറി കടന്നത്. മൂന്നു വീതം സിക്സും ഫോറും അകമ്പടിയായി. ഇന്ത്യൻ നിരയിൽ മൂന്ന് ഓവറിൽ 44 റൺസ് വഴങ്ങിയ ഷാർദുൽ താക്കൂറാണ് ഏറ്റവും വലിയ ‘തല്ലുകൊള്ളി’. കിട്ടിയത് ഒരു വിക്കറ്റ്. മുഹമ്മദ് ഷമി നാല് ഓവറിൽ 53 റൺസ് വഴങ്ങിയെന്നു മാത്രമല്ല, വിക്കറ്റൊന്നും കിട്ടിയുമില്ല. നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര, നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹൽ എന്നിവരാണ് ഭേദപ്പെട്ടുനിന്നത്. ശിവം ദുബെ മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ രണ്ട് ഓവറിൽ 18 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ തുടക്കം മുതലേ അടിയോടടി!

ഇന്ത്യൻ പേസർമാരെ കടന്നാക്രമിച്ച് ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിലും കോളിൻ മൺറോയും സമ്മാനിച്ച മിന്നൽ തുടക്കമാണ് ന്യൂസീലൻഡിന് കൂറ്റൻ സ്കോറിന് അടിത്തറയായത്. വെറും 47 പന്തിൽനിന്ന് 80 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ഓപ്പണർമാർ തുടക്കം മുതൽ തകർത്തടിച്ചതോടെ ആദ്യ ഓവറുകളിലെല്ലാം ന്യൂസീലൻഡ് ആറ് റണ്‍സിനു മുകളിൽ സ്കോർ ചെയ്തു. കിവീസിനെ ആറ് റൺസിനുള്ളിൽ ചുവടെ നിർത്തി മത്സരത്തിൽ ആദ്യമായി ബോൾ ചെയ്തത് യുസ്‌വേന്ദ്ര ചെഹലാണ്. ഏഴാം ഓവറിൽ കിവീസ് ഓപ്പണർമാരെ ചെഹൽ അഞ്ച് റൺസിൽ ഒതുക്കി. ഷാർദുൽ താക്കൂർ എറിഞ്ഞ നാലാം ഓവറിൽ 18 റൺസ് പിറന്നു. ഷമി എറിഞ്ഞ ആറാം ഓവറിൽ 16 റൺസും. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന ഓവറും ഷമിയുടെ വകയാണ്. 16–ാം ഓവർ ബോൾ ചെയ്ത ഷമി രണ്ടു വീതം സിക്സും ഫോറും സഹിതം വഴങ്ങിയത് 22 റൺസ്!

പവർപ്ലേയിൽ വിക്കറ്റ് നഷ്ടം കൂടാതെ 68 റൺസെടുത്ത കിവീസ് ഓപ്പണർമാർ, ഇന്ത്യയ്‌ക്കെതിരെ ട്വന്റി20യിൽ ന്യൂസീലൻഡിന്റെ ഉയർന്ന പവർപ്ലേ സ്കോറും കുറിച്ചു. കഴിഞ്ഞ വർഷം വെല്ലിങ്ടനിലും ഹാമിൽട്ടനിലും വിക്കറ്റ് നഷ്ടം കൂടാതെ 66 റൺസെടുത്ത റെക്കോർഡാണ് വഴിമാറിയത്. 19 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്താണ് ഗപ്ടിൽ പുറത്തായത്. ദുബെയുടെ പന്തിൽ രോഹിത് ശർമ ക്യാച്ചെടുത്തു. മൺറോയും വില്യംസനും കിവീസ് സ്കോർ 100 കടത്തിയെങ്കിലും ഒരു റണ്ണിന്റെ ഇടവേളയിൽ തുടർച്ചയായി മൺറോ, കോളിൻ ഡി ഗ്രാൻഡ്ഹോം എന്നിവരെ പുറത്താക്കി ഇന്ത്യ തിരിച്ചുവരവിനു ശ്രമിച്ചു. സ്കോർ 116ൽ നിൽക്കെ കോളിൻ മണ്‍റോയെ ഷാർദുൽ താക്കൂറും ഒരു റണ്ണിനുശേഷം കോളിൻ ഡി ഗ്രാൻഡ്ഹോമിനെ രവീന്ദ്ര ജഡേജയും പുറത്താക്കി. 42 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 59 റൺസെടുത്ത മൺറോയെ താക്കൂർ ചെഹലിന്റെ കൈകളിലെത്തിച്ചപ്പോൾ, ജഡേജയുടെ പന്തിൽ ശിവം ദുബെയ്ക്കു ക്യാച്ച് സമ്മാനിച്ചാണ് ഗ്രാൻഡ്ഹോം വന്നപോലെ മടങ്ങിയത്.

എന്നാൽ, നാലാം വിക്കറ്റിൽ മിന്നൽ വേഗത്തിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനും റോസ് ടെയ്‍ലറും ചേർന്ന് ന്യൂസീലൻഡിനെ രക്ഷിച്ചു. ട്വന്റി20 ചരിത്രത്തിൽ ന്യൂസീലൻഡിന്റെ വേഗമേറിയ അർധസെഞ്ചുറി കൂട്ടുകെട്ടും ഇരുവരും കണ്ടെത്തി. വെറും 24 പന്തിൽനിന്നാണ് വില്യംസൻ – ടെയ്‌ലർ സഖ്യം 50 കടന്നത്. 2018ൽ ദുബായിൽ പാക്കിസ്ഥാനെതിരെ 30 പന്തിൽനിന്ന് നേടിയ അർധസെഞ്ചുറി കൂട്ടുകെട്ടിന്റെ റെക്കോർഡാണ് വഴിമാറിയത്. കോളിൻ ഡി ഗ്രാൻഡ്ഹോം (0), ടീം സീഫർട്ട് (ഒന്ന്) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ നിരാശപ്പെടുത്തിയത്. മിച്ചൽ സാന്റ്നർ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

∙ ടെസ്റ്റ് ടീമുകള്‍ തമ്മിലുള്ള ട്വന്റി20 മത്സരത്തിൽ ഒരേ ഇന്നിങ്സിൽ 3 അർധസെഞ്ചുറികൾ

ഇംഗ്ലണ്ടിെനതിരെ ഇന്ത്യ, ഡർബനിൽ, 2007
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട്, മുംബൈയിൽ, 2016
ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ, അഡ്‌ലെയ്ഡിൽ, 2019
വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ, മുംബൈയിൽ, 2019
ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡ്, ഓക്‌ലൻ‍ഡിൽ, 2020

English Summary: New Zealand vs India, 1st T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com