ADVERTISEMENT

ഓക്‌‌ലൻഡ് ∙ ഈഡൻ പാർക്കിലെ പിച്ച് രണ്ടു ദിവസത്തിനിടെ അപ്രതീക്ഷിതമായി ‘സ്വഭാവം’ മാറ്റിയെങ്കിലും ഇന്ത്യയുടെ വിജയശീലത്തിനു മാറ്റമില്ല. ആദ്യ ട്വന്റി20യിൽ റൺമഴ പെയ്ത അതേ ഓക്‌ലൻഡിൽ, അതേ ഈഡൻ പാർക്കിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ ബോളർമാരുടെ മികവിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ടോസ് നേടിയിട്ടും ഇന്ത്യയെ ഏറെ പ്രിയപ്പെട്ട ചേസിങ്ങിന് അനുവദിച്ച ന്യൂസീലൻഡ്, ഏഴു വിക്കറ്റിനാണ് ഇക്കുറി തോറ്റത്. ന്യൂസീലൻഡ് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 15 പന്തു ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. ഇതേ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി20യിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച ഹാമിൽട്ടനിൽ നടക്കും.

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറിയുമായി പടനയിച്ച ഓപ്പണർ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ വിജയശിൽപി. രാഹുൽ 50 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 57 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ, 43 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതമാണ് രാഹുൽ 11–ാം ട്വന്റി20 അർധസെഞ്ചുറി കുറിച്ചത്. ഏറ്റവും ഒടുവിൽ കളിച്ച അഞ്ച് ട്വന്റി20 ഇന്നിങ്സുകളിൽ രാഹുലിന്റെ പ്രകടനം ഇങ്ങനെ: 91, 45, 54, 56, 57*. രാഹുലിന്റെ അർധസെഞ്ചുറി നേട്ടത്തിനിടയിലും ശ്രേയസ് അയ്യറിന് അർധസെഞ്ചുറി നഷ്ടമായത് ആരാധകർക്ക് നിരാശയായി. തട്ടുപൊളിപ്പൻ ബാറ്റിങ്ങുമായ കളംപിടിച്ച അയ്യർ 33 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 44 റൺെസടുത്ത് പുറത്തായി.

39 റൺസിനിടെ രോഹിത്, വിരാട് കോലി എന്നിവരുടെ വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, മൂന്നാം വിക്കറ്റിൽ രാഹുൽ – അയ്യർ സഖ്യം പടുത്തുയർത്തിയ അർധസെ‍ഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. വെറും 67 പന്തിൽനിന്ന് ഇവരുടെ സഖ്യം 86 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത്. വിജയത്തിനരികെ അയ്യർ പുറത്തായെങ്കിലും പിന്നാലെയെത്തിയ ശിവം ദുബെ സിക്സടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ദുബെ നാല് പന്തിൽ ഒരു സിക്സ് സഹിതം എട്ടു റൺസുമായി പുറത്താകാതെനിന്നു. രോഹിത് ശർമ (ആറു പന്തിൽ എട്ട്), ക്യാപ്റ്റൻ വിരാട് കോലി (12 പന്തിൽ 11) എന്നിവർ കാര്യമായ സംഭാവന കൂടാതെ പുറത്തായി.

ന്യൂസീലൻഡ് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടിം സൗത്തി എറിഞ്ഞ ആദ്യ ഓവറിൽ രണ്ടു ഫോറുകളുമായി മികച്ച തുടക്കമിട്ട രോഹിത് ശർമ, അതേ ഓവറിന്റെ ആറാം പന്തിൽ പുറത്തായി. ആറു പന്തിൽ രണ്ടു ഫോറുകൾ സഹിതം എട്ടു റൺസെടുത്ത രോഹിത്തിനെ റോസ് ടെയ്‌ലറാണ് ക്യാച്ചെടുത്തു മടക്കിയത്. രണ്ടാം വിക്കറ്റിൽ രാഹുൽ – കോലി സഖ്യം ഒരിക്കൽക്കൂടി ഇന്ത്യയുടെ രക്ഷകരാകുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി കോലിയുടെ മടക്കം. 12 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്ത കോലി ടിം സൗത്തിയുടെ അത്ര മികച്ചതൊന്നുമല്ലാത്തൊരു പന്തിൽ വെറുതെ ബാറ്റ് വച്ച് വിക്കറ്റ് കീപ്പറിനു ക്യാച്ച് സമ്മാനിച്ചു. ഇതോടെ രണ്ടിന് 39 റൺസ് എന്ന നിലയിലായി ഇന്ത്യ. പിന്നീട് ക്രീസിൽ ഒരുമിച്ച അയ്യർ – രാഹുൽ സഖ്യം നിലയുറപ്പിച്ചതോെട ഇന്ത്യ അനായാസ വിജയത്തിലെത്തി.

∙ ‘പഠിച്ചെറിഞ്ഞ്’ ഇന്ത്യൻ ബോളർമാർ

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 132 റൺസെടുത്തത്. 20 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 33 റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗപ്ടിൽ, അവസാന ഓവറുകളിൽ ക്രീസിൽനിന്ന് 26 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 33 റൺസെടുത്ത ടിം സീഫർട്ട് എന്നിവരാണ് കിവീസിന്റെ ടോപ് സ്കോറർമാർ.

ഓപ്പണിങ് വിക്കറ്റിൽ മാർട്ടിൻ ഗപ്ടിൽ – കോളിൻ മൺറോ സഖ്യം ആറ് ഓവറിൽ 48 റൺസ് കൂട്ടിച്ചേർത്ത് നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെയാണ് കിവീസ് ചെറിയ സ്കോറിൽ ഒതുങ്ങിയത്. മൺറോ 25 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 26 റൺസെടുത്തു. കെയ്ൻ വില്യംസൻ (20 പന്തിൽ 14), കോളിൻ ഡി ഗ്രാൻഡ്ഹോം (അഞ്ച് പന്തിൽ മൂന്ന്), റോസ് ടെയ്‍ലർ (24 പന്തിൽ 18) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായ മറ്റു താരങ്ങൾ.

നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും ശോഭിച്ചത്. ജസ്പ്രീത് ബുമ്ര നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ശിവം ദുബെ രണ്ട് ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോൾ, തുടർച്ചയായ രണ്ടാം മത്സരത്തിലും ഷാർദുൽ താക്കൂർ ‘തല്ലുകൊള്ളി’യായി. രണ്ട് ഓവറിൽ വഴങ്ങിയത് 21 റൺസ്. ഒരു വിക്കറ്റും കിട്ടി. മുഹമ്മദ് ഷമി നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയപ്പോൾ, യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 33 റൺസ് വഴങ്ങി.

∙ മധ്യ ഓവറുകളിലെ ‘റൺവരൾച്ച’

മധ്യ ഓവറുകളിൽ കാര്യമായി റൺസ് വഴങ്ങാതെ ന്യൂസീലൻ‍ഡ് ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടിയാണ് ഇന്ത്യൻ ബോളർമാർ എതിരാളികളെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. ഇതിനിടെ 6.5 ഓവറുകളാണ് ഒരു ബൗണ്ടറി പോലും വഴങ്ങാതെ ഇന്ത്യൻ ബോളർമാർ പൂർത്തിയാക്കിയത്. ഒൻപതാം ഓവറിന്റെ മൂന്നാം പന്തിൽ ശിവം ദുബെയ്‌ക്കെതിരെ കോളിൻ മൺറോ ഫോർ നേടിയശേഷം കിവീസ് ഇന്നിങ്സിൽ മറ്റൊരു ഫോർ പിറക്കുന്നത് 16–ാം ഓവറിന്റെ മൂന്നാം പന്തിലാണ്. ബൗണ്ടറി വരൾച്ചയ്ക്ക് ഏഴ് ഓവർ പൂർത്തിയാകുന്നതിനു തൊട്ടുമുൻപ്! യുസ്‌വേന്ദ്ര ചെഹലിനെ തുടർച്ചയായ പന്തുകളിൽ ഫോറിനും സിക്സിനും ശിക്ഷിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം സീഫർട്ടാണ് വരൾച്ച അവസാനിപ്പിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ രണ്ട് മിന്നും ക്യാച്ചുകളുമായി ശ്രദ്ധ നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി, പിന്നീട് റോസ് ടെയ്‍ലറിന്റെ അനായാസ ക്യാച്ച് നിലത്തിടുന്നതിനും മത്സരം വേദിയായി. വ്യക്തിഗത സ്കോർ 11ൽ നിൽക്കെ ജസ്പ്രീത് ബുമ്രയുടെ പന്തിൽ ടെയ്‍ലർ നൽകിയ ക്യാച്ചാണ് അവിശ്വസനീയമായ രീതിയിൽ കോലി നിലത്തിട്ടത്.

∙ തകർത്തടിച്ച് തുടക്കം, പിന്നെ ക്ഷീണം

ഉജ്വലമായിരുന്നു കിവീസിന്റെ തുടക്കം. ഷാർദുൽ താക്കൂർ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ രണ്ടു സിക്സർ കണ്ടെത്തിയ മാർട്ടിൻ ഗപ്ടിലാണ് കിവികൾക്ക് മികച്ച തുടക്കം സമ്മാനിച്ചത്. തകർത്തടിച്ചു മുന്നേറിയ ഓപ്പണർ മാർട്ടിൻ ഗപ്ടിൽ തന്നെയാണ് കിവീസ് നിരയിൽ ആദ്യം പുറത്തായതും. സ്കോർ 48ൽ നിൽക്കെയാണ് ഗപ്ടിൽ മടങ്ങിയത്. ആദ്യ ഓവറിൽ തുടർച്ചയായി രണ്ടു സിക്സും രണ്ടാം വരവിൽ തുടർച്ചയായി രണ്ടു ഫോറും നേടി ‘തല്ലിച്ചതച്ച’ ഗപ്ടിലിനെ പുറത്താക്കി ഷാർദുൽ താക്കൂറാണ് പ്രതികാരം ചെയ്തത്. 20 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 33 റൺസെടുത്താണ് ഗപ്ടിൽ മടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ വെറും 36 പന്തിൽനിന്ന് ഗപ്ടിൽ – മൺറോ സഖ്യം 48 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ട്വന്റി20യിൽ ഗപ്ടിൽ – മൺറോ സഖ്യം 1000 റൺസ് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ജോടിയും രണ്ടാമത്തെ മാത്രം ന്യൂസീലൻഡ് സഖ്യവുമാണ്. ഗപ്ടിൽ – കെയ്ൻ വില്യംസൻ സഖ്യമാണ് (1151) ഇക്കാര്യത്തിൽ ഇവർക്കു മുന്നിലുള്ള കിവീസ് സഖ്യം.

സ്കോർ 68ൽ നിൽക്കെ കഴിഞ്ഞ മത്സരത്തിലെ കിവീസിന്റെ ടോപ് സ്കോറർ കോളിൻ മൺറോയും മടങ്ങി. 25 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 26 റൺസെടുത്ത മണ്‍റോയെ ശിവം ദുബെയുടെ പന്തിൽ കോലി ക്യാച്ചെടുത്തു മടക്കി. ആറു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും കിവീസിന് മൂന്നാം വിക്കറ്റും നഷ്ടമായി. തുടർച്ചയായ രണ്ടാം മത്സരത്തിലും രണ്ടക്കം കാണാനാകാതെ കോളിൻ ഡി ഗ്രാൻഡ്ഹോമാണ് പുറത്തായത്. അഞ്ചു പന്തിൽ മൂന്നു റൺസെടുത്ത ഗ്രാൻഡ്ഹോമിനെ സ്വന്തം ബോളിങ്ങിൽ രവീന്ദ്ര ജഡേജ ക്യാച്ചെടുത്തു പുറത്താക്കി. തന്റെ ആദ്യ ഓവറിന്റെ രണ്ടാം പന്തിലാണ് ജഡേജ ഗ്രാൻഡ്ഹോമിനെ പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തിലും ജഡേജയുടെ പന്തിൽ പുറത്തായ ഗ്രാൻഡ്ഹോം ട്വന്റി20യിൽ ഇതുവരെ ജഡേജയെ നേരിട്ടത് ഏഴു പന്തിലാണ്. രണ്ടു റൺസ് മാത്രമേ നേടിയുള്ളൂ എന്നു മാത്രമല്ല, മൂന്നു തവണ വിക്കറ്റും സമ്മാനിച്ചു!

പിന്നീട് ക്രീസിൽനിന്ന റോസ് ടെയ്‍ലർ – ടിം സീഫർട്ട് സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ 19–ാം ഓവർവരെ പിടിച്ചുനിന്നെങ്കിലും സ്കോർ ബോർഡിൽ കാര്യമായി റണ്ണെത്തിയില്ല. ഒടുവിൽ 19–ാം ഓവറിൽ ജസ്പ്രീത് ബുമ്രയുടെ പന്തിൽ രോഹിത് ശർമയ്ക്ക് ക്യാച്ച് സമ്മാനിച്ച് ടെയ്‌ലർ പുറത്താകുകയും ചെയ്തു. 24 പന്തിൽ ഒരു ബൗണ്ടറി പോലും കൂടാതെ 18 റൺസെടുത്താണ് ടെയ്‌ലർ മടങ്ങിയത്.

English Summary: New Zealand vs India, 2nd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com