ADVERTISEMENT

മുംബൈ∙ ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഏറ്റവും ഫോമിൽ കളിക്കുന്ന താരമാരാണ്? ഓപ്പണർ കെ.എൽ. രാഹുലിന്റെ പേരുപറഞ്ഞാൽ അധികം തർക്കമുണ്ടാകാനിടയില്ല. പക്ഷേ, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുലിന് ടീമിൽ ഇടമില്ല. ഇതോടെ, ബിസിസിഐയ്ക്കും സിലക്ഷൻ കമ്മിറ്റിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയാണ് ആരാധകർ. ന്യൂസീലൻഡിനെ നേരിടുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിൽ രാഹുലെവിടെ എന്നതാണ് ആരാധകരുടെ ചോദ്യം. രാഹുൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഈ സമയത്തല്ലെങ്കിൽ പിന്നെ എപ്പോഴാണ് താരത്തെ ടെസ്റ്റ് ടീമിൽ കളിപ്പിക്കേണ്ടതന്നും ഇവർ ചോദിക്കുന്നു. ഇക്കഴിഞ്ഞ ട്വന്റി20 പരമ്പരയിൽ അഞ്ച് കളികളിൽനിന്ന് രണ്ട് അർധസെഞ്ചുറികൾ സഹിതം 224 റൺസുമായി രാഹുലായിരുന്നു ടോപ് സ്കോറർ. പരമ്പരയുടെ താരമായതും രാഹുൽ തന്നെ.

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് 16 അംഗ ടീമിനെയാണ് സിലക്ടർമാർ പ്രഖ്യാപിച്ചത്. വിരാട് കോലി നയിക്കുന്ന ടീമിൽ പരുക്കേറ്റ രോഹിത് ശർമയ്ക്കു പകരം പൃഥ്വി ഷാ ഇടംപിടിച്ചിരുന്നു. പരുക്കിൽനിന്ന് മുക്തനായെത്തിയ ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്. പുതുമുഖ താരം നവ്ദീപ് സെയ്നിക്കും ടെസ്റ്റ് ടീമിലേക്കു വിളി ലഭിച്ചപ്പോൾ, കുൽദീപ് യാദവ് പുറത്തായി. പരുക്കുള്ള ഇഷാന്ത് ശർമയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാഹുലിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും രാഹുലിന് ഒരിടം പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തമാക്കി ഹർഷ ഭോഗ്‍ലെയും രംഗത്തെത്തി. ‘കെ.എൽ. രാഹുലിന് ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാത്തത് അദ്ഭുതപ്പെടുത്തി. ഏഷ്യയ്ക്കു പുറത്ത് മൂന്ന് ടെസ്റ്റ് സെഞ്ചുറികൾ നേടിയ താരമാണ് രാഹുൽ. രാഹുലിന്റെ പ്രതിഭയെയോ സാങ്കേതിക മികവിനെയോ മനക്കരുത്തിനെയോ ഒരിക്കലും സംശയിക്കേണ്ടതില്ല. ഇപ്പോഴത്തെ ഫോം മാത്രമാണ് പിന്നെയും പ്രശ്നമാകേണ്ടത്. ഇക്കാര്യത്തിൽ 100 ശതമാനം മാർക്ക് നൽകാം. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്?’ – ചോപ്ര ട്വിറ്ററിൽ കുറിച്ചു.

‘രോഹിത്തിന്റെ അസാന്നിധ്യവും രാഹുലിന്റെ ഇപ്പോഴത്തെ ഫോമും താരത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, റെ‍ഡ് ബോൾ ക്രിക്കറ്റിൽ രാഹുൽ ഇനിയും മികവു തെളിയിക്കേണ്ടതുണ്ടെന്ന നിലപാട് പരസ്യമാക്കിയാണ് സിലക്ടർമാർ അവസരത്തിനായി കാത്തുനിൽക്കുന്ന മറ്റു താരങ്ങളിലേക്ക് ശ്രദ്ധ മാറ്റിയത്’ – ഭോഗ്‍ലെ കുറിച്ചു.

2014ൽ ഇന്ത്യൻ‌ ടെസ്റ്റ് ടീമിൽ അരങ്ങേറിയ രാഹുൽ, ഇക്കഴിഞ്ഞ സെപ്റ്റംബർ ആദ്യമാണ് അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. അന്ന് വിൻഡീസിനെതിരെ തിളങ്ങാനായില്ലെങ്കിലും അതിനുശേഷം ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുൽ. രാജ്യാന്തര തലത്തിൽ ഇതുവരെ 36 ടെസ്റ്റുകൾ കളിച്ചിട്ടുള്ള രാഹുൽ 34.58 ശരാശരിയിൽ 2006 റൺസ് നേടിയിട്ടുണ്ട്. 199 റൺസാണ് ഉയർന്ന സ്കോർ. ഇതിനകം അഞ്ച് സെഞ്ചുറികളും 11 അർധസെഞ്ചുറികളും നേടി. ഇടക്കാലത്ത് ഫോം നഷ്ടമായ രാഹുൽ ഇതിനു പിന്നാലെയാണ് ടീമിനു പുറത്തായത്. എന്നാൽ ഇപ്പോഴത്തെ ഫോമിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തേണ്ടതല്ലേയെന്ന് ആരാധകർ ചോദിക്കുന്നു. പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ തുടങ്ങി താരതമ്യേന രാജ്യാന്തര ക്രിക്കറ്റിൽ പരിചയസമ്പത്ത് കുറഞ്ഞ താരങ്ങളെ ഓപ്പണിങ്ങിൽ ഒരുമിച്ചു കളിപ്പിക്കുന്നതിലെ പ്രശ്നങ്ങളും ചില ആരാധകർ ചൂണ്ടിക്കാട്ടുന്നു.

English Summary: KL Rahul’s absence from Test squad divides Fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com