ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആരാണ്? ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച കപിൽ ദേവോ? അതോ ഇന്ത്യയെ ജയിക്കാൻ കളിക്കുന്നവരുടെ സംഘമാക്കി വളർത്തിയ, ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയോ? അതോ ക്യാപ്റ്റൻ കൂളെന്ന വിശേഷണവുമായി നായകസ്ഥാനത്തിനു പുതിയ മാനങ്ങൾ സമ്മാനിച്ച മഹേന്ദ്രസിങ് ധോണിയോ? അതുമല്ലെങ്കിൽ വിജയത്തുടർച്ചയിൽ പുതിയ ചരിത്രമെഴുതി കുതിക്കുന്ന വിരാട് കോലിയോ? അഭിപ്രായങ്ങൾ പലതുണ്ടാമെങ്കിലും ഇന്ത്യൻ താരം രോഹിത് ശർമയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ; മഹേന്ദ്രസിങ് ധോണി! ഒരു ചാറ്റ് ഷോയിലാണ് രോഹിത് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഏതു സമ്മർദ്ദ ഘട്ടത്തിലും അസാധാരണമായ ശാന്തത പുലർത്താനുള്ള കഴിവാണ് ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ വിജയത്തിനു പിന്നിലെന്നും രോഹിത് അഭിപ്രായപ്പെട്ടു. യുവതാരങ്ങളെ ധോണിയോളം പ്രോത്സാഹിപ്പിച്ച മറ്റൊരു ക്യാപ്റ്റനെ ഇതുവരെ കണ്ടിട്ടില്ലെന്നും രോഹിത് വ്യക്തമാക്കി. ‘എപ്പോഴും ശാന്തനായിരിക്കാനുള്ള ധോണിയുടെ കഴിവ് എല്ലാവർക്കും സുപരിചിതമാണ്. കളത്തിൽ മികച്ച തീരുമാനങ്ങളെടുക്കാൻ ഈ ശാന്തസ്വഭാവം ധോണിയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. നോക്കൂ, ഐസിസിയുടെ മൂന്നു സുപ്രധാന കിരീടങ്ങളും  പലകുറി ഐപിഎൽ കിരീടങ്ങളും നേടി മികച്ച ക്യാപ്റ്റനെന്ന് പേരെടുക്കാൻ ധോണിക്ക് സഹായകമായത് ഈ രീതിയാണ്’ – രോഹിത് ചൂണ്ടിക്കാട്ടി.

പുതുമുഖങ്ങളായ ബോളർമാരെ അനായാസം ബോൾ ചെയ്യാൻ സഹായിക്കുന്ന ധോണിയുടെ രീതിയെയും രോഹിത് അഭിനന്ദിച്ചു. ‘കളിക്കിടെ സമ്മർദ്ദത്തിലാകുന്ന യുവബോളർമാരുടെ തോളിൽ കയ്യിട്ട് ധോണി തന്ത്രങ്ങൾ പറഞ്ഞുകൊടുക്കുന്നത് പലതവണ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും അവരെ ചേർത്തുനിർത്തി ധോണി പറഞ്ഞുകൊടുക്കും. ടീമിൽ താരതമ്യേന പുതുമുഖമായ ഒരാൾക്ക് ലഭിക്കുന്ന ഇത്തരം അനുഭവങ്ങൾ എത്ര വലുതാണ്. അവരുടെ ആത്മവിശ്വാസം കൂട്ടാനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ഈ രീതി സഹായകമാണ്’ – രോഹിത് ചൂണ്ടിക്കാട്ടി.

2007ൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ചാംപ്യൻമാരാക്കിയാണ് ക്യാപ്റ്റനെന്ന നിലയിൽ ധോണി പേരെടുക്കുന്നത്. പിന്നീട് 2011ൽ കപിൽദേവിനുശേഷം ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് സമ്മാനിക്കുന്ന ക്യാപ്റ്റനായി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ശ്രീലങ്കയ്‌ക്കെതിരെ തകർപ്പൻ സിക്സറുമായി കിരീടം സമ്മാനിച്ച ധോണിയുടെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റിലെ മായാചിത്രമാണ്. ഐപിഎല്ലിലും ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് ഖ്യാതിയുള്ള ധോണിക്കു കീഴിൽ ചെന്നൈ സൂപ്പർ കിങ്സ് മൂന്നു തവണ കിരീടം ചൂടി.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിനുശേഷം ഇന്ത്യൻ ജഴ്സിയിൽ കളിച്ചിട്ടില്ലാത്ത ധോണിയെ, വാർഷിക കരാറിൽനിന്ന് ബിസിസിഐ അടുത്തിടെ ഒഴിവാക്കിയിരുന്നു. ഇടയ്ക്ക് ധോണിയുമായി ബന്ധപ്പെട്ട് വിരമിക്കൽ അഭ്യൂഹങ്ങളും പ്രചരിച്ചെങ്കിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വരുന്ന ട്വന്റി20 ലോകകപ്പിൽ ധോണി ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത ടീം മാനേജ്മെന്റ് ഇതുവരെ തള്ളിക്കളഞ്ഞിട്ടുമില്ല.

English Summary: MS Dhoni is the best captain India has seen: Rohit Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com