ADVERTISEMENT

നാഗ്പുർ∙ രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കേരളം നിലവിലെ ചാംപ്യൻമാരായ വിദർഭയ്‌ക്കെതിരായ മത്സരത്തിൽ മികച്ച നിലയിൽ. വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 326 റൺസ് പിന്തുടരുന്ന കേരളം, രണ്ടാം ദിനം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ 54 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെന്ന നിലയിലാണ്. ഏഴു വിക്കറ്റ് കയ്യിലിരിക്കെ വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 135 റൺസ് മാത്രം പിന്നിൽ. സച്ചിൻ ബേബി (66 പന്തിൽ 30), അക്ഷയ് ചന്ദ്രൻ (58 പന്തിൽ 17) എന്നിവർ ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ സച്ചിൻ – അക്ഷയ് സഖ്യം 52 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്.

തകർപ്പൻ അർധസെഞ്ചുറിയുമായി കളംപിടിച്ച ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനമാണ് വിദർഭയ്‌ക്കെതിരെ കേരളത്തിന് മേധാവിത്തം സമ്മാനിച്ചത്. 98 പന്തുകൾ നേരിട്ട അസ്ഹറുദ്ദീൻ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 81 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ അസ്ഹറും ക്യാപ്റ്റൻ ജലജ് സക്സേനയും ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 70ൽ നിൽക്കെ സക്സേന 59 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 30 റൺസുമായി മടങ്ങി.

പിന്നീട് രണ്ടാം വിക്കറ്റിൽ രോഹൻ പ്രേമിനെ കൂട്ടുപിടിച്ച് അസ്ഹറുദ്ദീൻ മറ്റൊരു അർധസെ‍ഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഇരുവരും ചേർന്ന് 69 റൺസാണ് സ്കോർബോർഡിൽ എത്തിച്ചത്. സ്കോർ 139ൽ നിൽക്കെ അസ്ഹറും രോഹൻ പ്രേമും പുറത്തായെങ്കിലും സച്ചിനും അക്ഷയ് ചന്ദ്രനും ചേർന്ന് കേരളത്തെ ഭേദപ്പെട്ട സ്കോറിലേക്കു നയിച്ചു. രോഹൻ പ്രേം 48 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്തു. വിദർഭയ്ക്കായി ആദിത്യ വഖാരെ രണ്ടും അക്ഷയ് സർവാദെ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭ 107.4 ഓവറിലാണ് 326 റൺസെടുത്തത്. ആറു വിക്കറ്റ് നഷ്ടത്തിൽ 239 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച വിദർഭയ്ക്ക് ഒൻപതാമനായിറങ്ങി അർധസെഞ്ചുറി നേടിയ ദർശൻ നൽകണ്ഡെയുടെ ഇന്നിങ്സാണ് കരുത്തായത്. നൽകണ്ഡെ 65 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 66 റൺസെടുത്തു. പത്താം വിക്കറ്റിൽ ആദിത്യ താക്കറെയെ കൂട്ടുപിടിച്ച് നൽകണ്ഡെ കൂട്ടിച്ചേർത്ത 57 റൺസാണ് വിദർഭയെ 300 കടത്തിയത്.

കേരളത്തിനായി പേസ് ബോളർ എം.ഡി. നിധീഷ് 30 ഓവറിൽ 82 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. എൻ.ബി. ബേസിൽ മൂന്നും ജലജ് സക്സേന, വിനൂപ് മനോഹരൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. വിദർഭയ്ക്കായി ആദ്യദിനം വസിം ജാഫർ (57), ഗണേഷ് സതീഫ് (58) എന്നിവരും അർധസെ‍‍ഞ്ചുറി നേടിയിരുന്നു. സിദ്ധേഷ് വാത്ത് (43), അക്ഷയ് സർവാതെ (26), ആദിത്യ കർനേവാർ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

English Summary: Vidarbha vs Kerala, Round 8, Elite Group A and B - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com