ADVERTISEMENT

ഇസ്‌ലാമാബാദ്∙ നിലവിലെ തലമുറയിൽ ക്രിക്കറ്റിൽ ഒരാൾക്ക് ഇതിഹാസമാകാൻ സാധിക്കുമെങ്കിൽ അത് ഇന്ത്യൻ‌ നായകൻ വിരാട് കോലിയായിരിക്കുമെന്ന് പാക്കിസ്ഥാൻ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മൊയീൻ ഖാൻ. നിരവധി റെക്കോർഡുകൾ തകർത്ത് ഇതിഹാസമായി മാറുക കോലിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാക്കിസ്ഥാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മൊയീൻ ഖാൻ നിലപാടു വ്യക്തമാക്കിയത്.

നിലവിലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മോശം ഫോമിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൺപതുകളിലും തൊണ്ണൂറുകളിലും ഞങ്ങൾക്ക് ഉണ്ടായിരുന്ന ‘കളിയെ തന്നെ മാറ്റിമറിക്കുന്ന താരങ്ങൾ’ ഇന്നത്തെ ടീമിൽ ഇല്ല. ഞാൻ ടീമിലുണ്ടായിരുന്ന സമയത്തു കളി വിജയിപ്പിക്കാൻ ശേഷിയുള്ള താരങ്ങൾ പലത് ഉണ്ടായിരുന്നു. ആരെങ്കിലും അതു ചെയ്യുമെന്ന് അപ്പോൾ ഞങ്ങൾക്ക് ഉറപ്പായിരുന്നു. അതാണ് ക്ലാസ്. ഈ പ്രശ്നം കാരണമാണ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ ഇന്ത്യയ്ക്കു പിന്നിലായത്– മൊയീൻ ഖാൻ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റിയത് മഹേന്ദ്ര സിങ് ധോണിയാണ്. ടീമിനെ തന്നെ മാറ്റിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു. അതുകൊണ്ടാണ് ഇന്ത്യ നിരവധി മികച്ച കളിക്കാരെ ഉണ്ടാക്കുന്നത്. ഇന്ത്യയ്ക്ക് ബെഞ്ചിലും കരുത്തരായ താരങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഉത്തരവാദിത്തങ്ങൾ ഒരേ സമയം ഏറ്റെടുത്തതിൽ പാക്കിസ്ഥാൻ പരിശീലകനും സിലക്ടറുമായ മിസ്ബ ഉൾ ഹഖിനെ മൊയീൻ ഖാൻ വിമർശിച്ചു. പാക്കിസ്ഥാന്റെ രീതികൾ അനുസരിച്ച് ഇതു പ്രാവർത്തികമാക്കാൻ സാധിക്കില്ല. കളിക്കാരുടെ മനസ്സിനെക്കുറിച്ച് ഓർക്കുക. ഡ്രസിങ് റൂമിൽവച്ച് പാക്കിസ്ഥാൻ താരങ്ങൾക്ക് പരിശീലകനോട് എന്തെങ്കിലും തുറന്നു പറയണമെങ്കിൽ രണ്ടു വട്ടം ആലോചിക്കേണ്ടിവരും. കാരണം ഇവിടെ പരിശീലകൻ തന്നെയാണ് സിലക്ടറും– മൊയീൻ ഖാൻ പറഞ്ഞു.

2015 ലോകകപ്പിന് മുൻപ് പാക്കിസ്ഥാൻ ടീമിന്റെ മാനേജരും സിലക്ടറുമായി പ്രവർത്തിച്ചിരുന്ന സമയത്ത് മുഖ്യ പരിശീലകനാകാനുള്ള അവസരവും തന്നെ തേടിയെത്തിയതായും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി എനിക്കു മുഖ്യ പരിശീലകന്റെ ചുമതല വാഗ്ദാനം ചെയ്തിരുന്നു. ഒരാൾക്ക് ഈ ചുമതലകൾ ഭാരമായിരിക്കുമെന്ന് എനിക്ക് തോന്നി. മിസ്ബ രണ്ട് ചുമതലകൾ ഏറ്റെടുക്കരുതായിരുന്നു. മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പുറത്താക്കുകയും എല്ലാ ടീമുകളിൽനിന്നും ഒഴിവാക്കുകയും ചെയ്ത രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Only batsman in current generation destined to be legend: Moin Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com