sections
MORE

വിശപ്പടക്കാൻ പാനിപൂരി വിറ്റവനെ ചേർത്തുനിർത്തി, താരമാക്കി; യശസ്വിക്ക് പിന്നിൽ ഒരാൾ‌

yashaswi-and-coach
യശസ്വിയും പരിശീലകൻ ജ്വാല സിങ്ങും
SHARE

വരും ദിവസങ്ങളിൽ മുംബൈ മഹാനഗരത്തിലെ തിരക്കുപിടിച്ച വഴികളിലൂടെ മാരുതി ബ്രെസ കാറിൽ ഒരു പതിനെട്ടുകാരൻ കുതിച്ചു പായുന്നതു കണ്ടാൽ സൂക്ഷിച്ചു നോക്കണം. ഒരു പക്ഷേ, അത് യശസ്വി ജയ്സ്വാൾ ആയിരിക്കും. ദക്ഷിണാഫ്രിക്കയിൽ അരങ്ങേറുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ സൂപ്പർതാര പദവിയിലേക്കുയർന്ന യശസ്വി തന്നെ!

ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾക്കു തുല്യമായ പെരുമയിൽ നിൽക്കുന്ന കൗമാരക്കാരനു പഴയൊരു കാറിലെന്തു കാര്യം എന്നു സംശയം തോന്നാം. പക്ഷേ, യശസ്വിക്ക് അത് ദൈവത്തിന്റെ സമ്മാനമാണ്. ജീവിതത്തിൽ പിതൃതുല്യനായ പരിശീലകൻ ജ്വാല സിങ്ങിന്റെ സമ്മാനം. ഈ സമ്മാനം ജ്വാല സിങ്ങിന്റെ വാഗ്ദാനമാണ്. അണ്ടർ 19 ലോകകപ്പിൽ ടോപ്സ്കോറർ ആയാൽ പുത്തൻ കാറാണ് ഗുരുവിന്റെ ഓഫർ. 

ടോപ് സ്കോറർ ആകുമെന്ന കാര്യത്തിൽ യശസ്വിക്കു സംശയമൊന്നുമുണ്ടായിരുന്നില്ല. ‘പക്ഷേ, പുതിയ കാർ വേണ്ട. ഗുരുവിന്റെ പഴയ ബ്രെസ മതി. പുതിയ വാഹനം കോച്ചിനു തന്നെയിരിക്കട്ടെ’– യശസ്വി നിലപാടെടുത്തു.

സെമിയിൽ പാക്കിസ്ഥാനെതിരെ മിന്നുന്ന സെഞ്ചുറിയോടെ ഇന്ത്യയെ ഫൈനലിലേക്കു നയിച്ച ഇടംകയ്യൻ ഓപ്പണർ 5 കളികളിൽ 312 റൺസുമായി ടോപ്സ്കോറർ പദവിയിൽ ബഹുദൂരം മുന്നിലാണ്. നാളെ നടക്കുന്ന ഫൈനലിലെ എതിരാളികളായ ബംഗ്ലദേശിന്റെ താരങ്ങളിൽ ആരും അടുത്തെങ്ങുമില്ല. 

ഉത്തരപ്രദേശിലെ വാരാണസിക്ക് അടുത്തുള്ള ഭദോഹിയിൽനിന്ന് 11–ാം വയസ്സിൽ മുംബൈയിലെത്തിയ യശസ്വിയെ ക്രിക്കറ്റിലെന്ന പോലെ ജീവിതത്തിലും കൈപിടിച്ചുയർത്തിയത് ജ്വാല സിങ്ങാണ്. സ്വന്തം വീട്ടിൽ മകനെപ്പോലെ വളർത്തുകയാണ് സിങ് ഈ പ്രതിഭയെ. 

യുപിയിലെ തന്നെ ഗോരഖ്പുരിൽനിന്ന് ക്രിക്കറ്റിലെ അടുത്ത സൂപ്പർതാരമാകാൻ യശസ്വിയപ്പോലെ മുംബൈയിലെത്തിയ ചരിത്രമുണ്ട് ഇദ്ദേഹത്തിനും– 1995ൽ. സഹീർ ഖാനൊപ്പമൊക്കെ ഒട്ടേറെ മത്സരങ്ങളിൽ കളിച്ചു പരിചയവുമുണ്ട്. 

പക്ഷേ, പരുക്കും ദൗർഭാഗ്യവും വിനയായി. സ്വപ്നങ്ങളെല്ലാം പൊലിഞ്ഞതോടെയാണ് കോച്ചിങ്ങിലേക്കു തിരിഞ്ഞത്. വിശപ്പടക്കാൻ മുംബൈ തെരുവുകളിൽ പാനി പൂരി വിറ്റുനടന്ന യശസ്വിയെ നെഞ്ചോടു ചേർക്കാൻ ജ്വാല സിങ്ങിന് അധികമൊന്നും ആലോചിക്കേണ്ടി വന്നതേയില്ല.

മകനോട് എന്ന പോലെയാണ് യശസ്വിയുടെ കാര്യത്തിൽ കോച്ചിന്റെ ഇടപടലുകൾ. ഇക്കഴിഞ്ഞ ഐപിഎൽ ലേലദിനത്തിൽ, ലേലപ്പട്ടികയിലുണ്ടായിരുന്ന താരങ്ങളൊക്കെ സാകൂതം ടിവി നോക്കിയിരുന്നപ്പോൾ അക്കൂട്ടത്തിൽ ഒരാളായിരുന്ന യശസ്വിക്ക് അതിന് അവസരം ലഭിച്ചില്ല. വീട്ടിലേക്കുള്ള പലചരക്കു സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലായിരുന്നു യശസ്വി അപ്പോൾ! – ജ്വാല സിങ് തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

അണ്ടർ 19 ലോകകപ്പ് നേരിട്ടു കാണാൻ ജ്വാല സിങ് എത്തരുത് എന്നു ശാഠ്യം പിടിച്ച ശേഷമാണ് യശസ്വി ദക്ഷിണാഫ്രിക്കയിലേക്കു വിമാനം കയറിയത്. പക്ഷേ, വീട്ടിൽ ഇരിപ്പുറയ്ക്കാതായതോടെ ജ്വാല സിങ് പോച്ചെഫ്സ്ട്രൂമിലേക്കു പുറപ്പെട്ടു. 

സെമിയിൽ, പാക്കിസ്ഥാനെതിരെ ശിഷ്യൻ അപരാജിത സെഞ്ചുറി കുറിച്ച് ഇന്ത്യയെ വിജയത്തിലേക്കു നയിക്കുന്നത് അദ്ദേഹം അഭിമാനപൂർവം കണ്ടു നിന്നു. ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷായുടെയും പരിശീലകനാണ് ജ്വാല സിങ്.

English Summary: Yashaswi Jaiswal and coach Jwala Singh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA