ADVERTISEMENT

ദുബായ്∙ അണ്ടർ 19 ലോകകപ്പിലെ കിരീടവിജയത്തിന്റെ ആവേശത്തിൽ എതിരാളികളെ അസഭ്യം പറയുകയും പരിധിവിട്ട് പെരുമാറുകയും ചെയ്ത ബംഗ്ലദേശ് ടീമിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നടപടിയെടുത്തേക്കും. മത്സരശേഷം സംഭവിച്ച കാര്യങ്ങളേക്കുറിച്ച് മാച്ച് റഫറിയുടെ റിപ്പോർട്ടിന് കാത്തിരിക്കുകയാണ് ഐസിസിയെന്ന് ഇന്ത്യൻ ടീം മാനേജർ അനിൽ പട്ടേൽ അറിയിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മൈതാനത്ത് സംഭവിച്ച കാര്യങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ഐസിസി പരിശോധിക്കുമെന്നും അനിൽ പട്ടേൽ വ്യക്തമാക്കി.

മത്സരം ജയിച്ചതിനു പിന്നാലെ ആവേശം മൂത്ത് മൈതാനത്തേക്ക് ഓടിയിറങ്ങിയ ബംഗ്ലദേശ് താരങ്ങൾ തോൽവിയുടെ നിരാശയിൽ മടങ്ങുകയായിരുന്ന ഇന്ത്യൻ താരങ്ങളുമായി കോർത്തിരുന്നു. ഇടയ്ക്ക് അടിയിലേക്കുപോലും നീങ്ങിയ സംഘർഷം ഇരുടീമുകളുടെയും പരിശീലക സംഘത്തിലെ മുതിർന്നവർ ഇടപെട്ടാണ് പരിഹരിച്ചത്. മത്സരശേഷം മൈതാനത്ത് അരങ്ങേറിയ കാര്യങ്ങൾ ക്രിക്കറ്റിന്റെ സൽപ്പേരിനു കളങ്കം ചാർത്തിയ സാഹചര്യത്തിലാണ് ഐസിസി നടപടിക്കു സാധ്യത തെളിഞ്ഞത്.

ബംഗ്ലദേശ് താരങ്ങളുടെ പെരുമാറ്റം അസഹനീയമായിരുന്നുവെന്ന് ഇന്ത്യൻ നായകൻ പ്രിയം ഗാർഗ് മത്സരശേഷം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അതേസമയം, ആവേശത്തിന്റെ പാരമ്യത്തിൽ എല്ലാം സംഭവിച്ചുപോയതാണെന്നും ടീമിന്റെ പേരിൽ ക്ഷമ ചോദിക്കുന്നുവെന്നും ബംഗ്ലദേശ് ക്യാപ്റ്റൻ അക്ബർ അലി അറിയിച്ചിരുന്നു.

മത്സരത്തിനിടയിലും ഇരുടീമുകളുടെയും താരങ്ങൾ പലകുറി കോർത്തിരുന്നു. ഓസ്ട്രേലിയൻ ടീമിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ള സ്ലെഡ്ജിങ്ങാണ് ബംഗ്ലദേശ് ടീം മത്സരത്തിലുടീളം ഇന്ത്യൻ ടീമിനെതിരെ പുറത്തെടുത്തത്. മത്സരത്തിനിടെ പരിധിവിട്ട് അപ്പീല്‍ ചെയ്ത ഇന്ത്യൻ താരങ്ങൾക്കെതിരെയും വിമർശനമുണ്ട്.

മത്സരത്തിനിടയിലും മത്സരശേഷവും സംഭവിച്ച കാര്യങ്ങളിൽ മാച്ച് റഫറി ഗ്രെയിം ലബ്രൂയി ഖേദമറിയിച്ചതായും അനിൽ പട്ടേൽ അറിയിച്ചു. ‘മത്സരശേഷം അംപയർ എന്റെ അടുത്തു വന്നിരുന്നു. സംഭവിച്ച കാര്യങ്ങളിൽ ഖേദമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സംഭവിച്ച കാര്യങ്ങളെ ഐസിസി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മത്സരശേഷം സംഭവിച്ച കാര്യങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം  വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.’ – അനിൽ പട്ടേൽ പറഞ്ഞു.

English Summary: ICC has taken it very seriously: Indian team manager on Bangladesh's aggressive celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com