sections
MORE

72 പന്തിൽ 35ന് പുറത്ത്; വനിതാ ടീമുകളെയും ‘തോൽപ്പിച്ച്’ യുഎസ് പുരുഷ ടീം

nepal-cricket-team
SHARE

കാഠ്മണ്ഡു∙ നേരിട്ട പന്തുകളുടെയും നേടിയ റണ്‍സിന്റെയും കണക്കിൽ നാണക്കേടിന്റെ പുതിയ ചരിത്രമെഴുതി യുഎസ്എ ക്രിക്കറ്റ് ടീമിന് കനത്ത തോൽവി. നേപ്പാളിനെതിരായ ഏകദിന മത്സരത്തിൽ 12 ഓവറിനുള്ളിൽ 35 റൺസിന് പുറത്തായ യുഎസ്എ ടീം, എട്ടു വിക്കറ്റിനാണ് തോറ്റത്. ഒമാൻ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിലാണ് യുഎസ്എയുടെ നാണംകെട്ട തോൽവി. യുഎസ്എ ഉയർത്തിയ 36 റൺസിന്റെ ‘കൊച്ചു വിജയലക്ഷ്യം’ നേപ്പാൾ 5.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപ്പണർമാരായ ക്യാപ്റ്റൻ ഗയ്നേന്ദ്ര മല്ല (ഒന്ന്), സുഭാഷ് ഖാകുറൽ (0) എന്നിവർ രണ്ടു റൺസിനുള്ളിൽ പുറത്തായെങ്കിലും 12 പന്തിൽ 20 റണ്‍സെടുത്ത പരസ് ഖഡ, 11 പന്തിൽ 15 റൺസെടുത്ത ദീപേന്ദ്ര സിങ് എന്നിവർ ചേർന്ന് നേപ്പാളിനെ വിജയത്തിലെത്തിച്ചു.

22 പന്തിൽ രണ്ടു ഫോറുകൾ സഹിതം 16 റണ്‍സെടുത്ത ഓപ്പണർ സേവ്യർ മാർഷലിന്റെ ഒറ്റയാൻ പോരാട്ടമാണ് യുഎസ്എയുടെ സ്കോർ 35ൽ എത്തിച്ചത്. യുഎസ് ടീമിൽ മറ്റാർക്കും രണ്ടക്കത്തിലെത്താനായില്ല. മാർഷൽ കഴിഞ്ഞാൽ നാലു റൺസ് വീതമെടുത്ത മോനക് പട്ടേൽ, ആരോൺ ജോൺസ്, അക്ഷയ് ഹോംരാജ് എന്നിവരാണ് യുഎസ്എയ്ക്കായി കൂടുതൽ റൺസ് നേടിയത്. യുഎസ്എ നിരയിൽ നാലു പേർ സം‘പൂജ്യ’രായപ്പോൾ, രണ്ടു പേർ ഓരോ റണ്ണെടുത്തും പുറത്തായി.

ഐപിഎല്ലിലൂടെ ഇന്ത്യൻ ആരാധകർക്കും പരിചിതനായ സന്ദീപ് ലാമിച്ചനെയുടെ റെക്കോർഡ് പ്രകടനമാണ് യുഎസ്എയുടെ സ്കോർ 35ൽ ഒതുക്കിയത്. ആറ് ഓവറിൽ ഒരു മെയ്ഡൻ സഹിതം 16 റൺസ് വിട്ടുകൊടുത്ത് ലാമിച്ചനെ ആറു വിക്കറ്റ് പിഴുതു. മൂന്ന് ഓവറിൽ ഒരു മെയ്ഡൻ സഹിതം അഞ്ചു റൺസ് വിട്ടുകൊടുത്ത് ശേഷിച്ച നാലു വിക്കറ്റുകളും സുഷാൻ ഭാരി പോക്കറ്റിലാക്കി.

∙ പുരുഷ ക്രിക്കറ്റിൽ ഏകദിനത്തിലെ ഏറ്റവും ചെറിയ സ്കോറെന്ന സിംബാബ്‍വെയുടെ നാണക്കേടിനൊപ്പമാണ് ഇനി യുഎസ്എയുടെ സ്ഥാനം. 2004ൽ ഹരാരെയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് സിംബാബ്‌വെ 35 റൺസിന് പുറത്തായത്. ശ്രീലങ്കയ്ക്കെതിരെ 2003ൽ 36 റൺസിന് പുറത്തായ കാനഡയാണ് മൂന്നാമത്.

∙ ആകെ നേരിട്ട പന്തുകളുടെ എണ്ണത്തിലും യുഎസ് ടീം നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി. പൂർത്തിയായ ഏകദിന ഇന്നിങ്സുകളിൽ ഏറ്റവും കുറവ് പന്തുകൾ നേരിട്ട ടീമാണ് യുഎസ്എ. വെറും 72 പന്തിനുള്ളിലാണ് യുഎസ്എ ഓൾഔട്ടായത്. 2017ൽ അഫ്ഗാനിസ്ഥാനെതിരെ 13.5 ഓവറിൽ 54 പുറത്തായ സിംബാബ്‌വെയുടെ നാണക്കേടിന് ഇനി രണ്ടാം സ്ഥാനം മാത്രം. ഇക്കാര്യത്തിൽ വനിതാ ടീമുകളെപ്പോലും യുഎസ്എ പിന്തള്ളിയെന്ന പ്രത്യേകതയുമുണ്ട്. 1997ലെ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ 82 പന്തിൽ (13.4 ഓവർ) പുറത്തായ പാക്കിസ്ഥാൻ വനിതാ ടീമായിരുന്നു ഇക്കാര്യത്തിൽ ഇതുവരെ മുന്നിൽ.

∙ 16 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുത സന്ദീപ് ലാമിച്ചനെയുടെ ബോളിങ് ഒരു നേപ്പാളി താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു നേപ്പാളി താരം ആറു വിക്കറ്റ് നേട്ടം കൈവരിക്കുന്നതും ഇതാദ്യം. 2018ൽ കെനിയയ്ക്കെതിരെ 20 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത സ്വന്തം റെക്കോർഡ് തന്നെയാണ് ഇക്കാര്യത്തിൽ ലാമിച്ചനെ തിരുത്തിയത്. ആറോ അതിൽ കുറവോ ഓവറുകൾ ബോൾ ചെയ്തിട്ടുള്ള താരങ്ങളിൽ ഏറ്റവം മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനവും ഇനി ലാമിച്ചനെയുടെ പേരിലാണ്. 2014ൽ ബംഗ്ലദേശിനെതിരെ നാലു റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത സ്റ്റുവാർട്ട് ബിന്നിയുടെ പേരിലാണ് ഇക്കാര്യത്തിൽ റെക്കോർഡ്.

∙ നേപ്പാൾ – യുഎസ്എ മത്സരം ആകെ നീണ്ടത് 104 പന്തുകൾ മാത്രം. അതായത് ഒരു ട്വന്റി20 ഇന്നിങ്സിലെ അത്രപോലും പന്ത് എറിയും മുൻപേ ഈ ഏകദിന മത്സരം പൂർത്തിയായി! ഏകദിനത്തിൽ ഇത്രയും വേഗത്തിൽ അവസാനിച്ച മറ്റൊരു മത്സരമില്ല. 1997ലെ ലോകകപ്പിൽ പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം 119 പന്തുകളിൽ തീർന്നിരുന്നു. ഈ  റെക്കോർഡ് നേപ്പാൾ – യുഎസ്എ മത്സരത്തോടെ തകർന്നു.

∙ 268 പന്തുകൾ ബാക്കിയാക്കിയാണ് നേപ്പാൾ മത്സരം ജയിച്ചു കയറിയത്. വിജയത്തിലെത്തുമ്പോൾ ഏറ്റവും കൂടുതൽ പന്തുകൾ ബാക്കിയായതിൽ നാലാം സ്ഥാനമാണ് നേപ്പാളിന്. ഏകദിന മത്സരം 60 ഓവറായിരുന്ന കാലത്ത് കാനഡ ഉയർത്തിയ 46 റൺസ് വിജയലക്ഷ്യം 277 പന്തുകൾ ബാക്കിയാക്കി ജയിച്ചുകയറിയ ഇംഗ്ലണ്ടിന്റെ പേരിലാണ് റെക്കോർഡ്. സിംബാബ്‌വെയ്ക്കെതിരെ ഒരിക്കൽ 274 പന്തും മറ്റൊരിക്കൽ 272 പന്തും ബാക്കിയാക്കി ജയിച്ചു കയറിയ ചരിത്രം ശ്രീലങ്കയ്ക്കുണ്ട്.

English Summary: Nepal vs United States, 6th Match - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA