sections
MORE

‘ചതിച്ചത്’ ഒന്നാമൻമാർ, ഓപ്പണർമാർ, പേസർമാർ; നിരാശപ്പെടുത്തിയ ‘വൈറ്റ് വാഷ്’

virat-kohli-vs-new-zealand
ന്യൂസീലൻഡിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോലി.
SHARE

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ആഘാതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. ന്യൂസീലൻഡ് മണ്ണിൽ ആദ്യമായി ട്വന്റി20 പരമ്പര നേടുകയും അതിന് സമ്പൂർണ വിജയത്തിന്റെ മേമ്പൊടി ചാലിച്ച് ചരിത്രമെഴുതുകയും ചെയ്ത് വിരാട് കോലിയും സംഘവും, സമ്പൂർണ തോൽവികളായി മാറിയത് എത്ര വേഗമാണ്! മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഏകദിന പരമ്പരയിൽ ‘വൈറ്റ് വാഷ്’ ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ ഈ തിരിച്ചിറക്കം വിസ്മയകരമാണ്. ഇതിനു മുൻപ് ഇന്ത്യ ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റ് നാണംകെട്ടത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നതിനും മുൻപാണ്!

ന്യൂസീലൻഡ് മണ്ണിൽ ഇന്ത്യയുടെ അപ്രതീക്ഷിത തോൽവിക്കു പ്രധാനമായും കാരണങ്ങൾ മൂന്നാണ്. തലക്കെട്ടിൽ ചൂണ്ടിക്കാട്ടിയതുപോലെ ആ മൂന്നു കാരണങ്ങളെ ഇങ്ങനെ ചുരുക്കിയെഴുതാം; ഏകദിനത്തിലെ ഒന്നാമൻമാർ, അരങ്ങേറ്റം കുറിച്ച ഓപ്പണർമാർ, ധാരാളിത്തം കാട്ടിയ പേസർമാർ. ഇതിനൊപ്പം നിർഭാഗ്യവും വലിയൊരളവിൽ കൂട്ടിനെത്തിയതോടെയാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്ന് ഇന്ത്യയുടെ പേരിലായത്. ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ടോസ് ഭാഗ്യം ഇന്ത്യയെ അനുഗ്രഹിച്ചില്ലെന്ന് ഓർക്കുക. ആദ്യ രണ്ടു മത്സരങ്ങളിലും ന്യൂസീലൻഡിന്റെ പകരക്കാരൻ നായകൻ ടോം ലാഥം ടോസ് നേടി. മൂന്നാം ഏകദിനത്തിൽ ടീമിലേക്കു മടങ്ങിയെത്തിയ സ്ഥിരം നായകൻ കെയ്ൻ വില്യംസനും. താരതമ്യേന ചെറിയ മൈതാനങ്ങളുള്ള ന്യൂസീലൻഡിലെ പിച്ചുകളിൽ ടോസ് നിർണായകമാണെന്നിരിക്കെ, ഇന്ത്യൻ തോൽവിയുടെ യഥാർഥ ചിത്രം അവിടെ തുടങ്ങുന്നു.

∙ നിറംമങ്ങിയ ഒന്നാമൻമാർ

രാജ്യാന്തര ഏകദിനത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒന്നാം നമ്പർ താരങ്ങൾ ഇന്ത്യൻ ടീമിൽനിന്നാണ്. അവർ രണ്ടു പേരും ഈ പരമ്പരയിൽ കളിക്കുകയും ചെയ്തു. ബാറ്റിങ്ങിൽ നായകൻ വിരാട് കോലിയും ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയും! പരമ്പരയിലെ ഒരു മത്സരത്തിൽപ്പോലും ഇരുവർക്കും തിളങ്ങാനാകാതെ പോയത് ഇന്ത്യൻ തോൽവിയിൽ നിർണായകമായി. ദീർഘകാലമായി ഇരുവരും ലോക ഒന്നാം നമ്പർ താരങ്ങളാണെങ്കിലും ഇരുവരും ഇതുപോലെ നിരാശപ്പെടുത്തിയ ഒരു പരമ്പര അടുത്തകാലത്തൊന്നും ഇല്ല.

പരമ്പരയിലെ മൂന്നു മത്സരങ്ങളിൽനിന്ന് കോലിക്ക് ആകെ നേടാനായത് 75 റണ്‍സ് മാത്രമാണ്. ഇതിൽ ഒന്നാം ഏകദിനത്തിൽ നേടിയ അർധസെഞ്ചുറി മാറ്റിനിർത്തിയാൽ, ശേഷിച്ച രണ്ടു മത്സരങ്ങളിൽനിന്ന് നേടിയത് 24 റൺസ് മാത്രം. കോലിയുടെ മികവ് ഇന്ത്യയ്ക്ക് പൂർണമായും ആവശ്യമുണ്ടായിരുന്ന ഈ രണ്ടു മത്സരങ്ങളിലും താരത്തിന് തിളങ്ങാനാകാതെ പോയത് തോൽവിയിൽ നിർണായകമായി. രണ്ടാം ഏകദിനത്തിൽ 25 പന്തിൽ 15 റൺസെടുത്ത കോലി, മൂന്നാം മത്സരത്തിൽ നേടിയത് 12 പന്തിൽനിന്ന് ഒൻപതു റൺസ് മാത്രം!

kohli-bumrah

കോലിയേക്കാൾ കൂടുതൽ നിരാശപ്പെടുത്തിയത് ജസ്പ്രീത് ബുമ്രയാണ്. പരുക്കിൽനിന്ന് മുക്തനായി മടങ്ങിയെത്തിയ ബുമ്ര ട്വന്റി20യിലെ ഇന്ത്യൻ വിജയത്തിന്റെ തേരാളിയായെങ്കിലും ഏകദിനത്തിൽ പൂർണമായും നിരാശപ്പെടുത്തി. ലോക ഒന്നാം നമ്പർ ബോളറായിട്ടും പരമ്പരയിലെ ഒരു മത്സരത്തിൽപ്പോലും ബുമ്രയ്ക്ക് വിക്കറ്റ് നേടാനാകാതെ പോയത് അസാധാരണ കാഴ്ചയായി. ഇന്ത്യൻ തോൽവിക്കു പ്രധാന കാരണമായി മുൻ താരം വീരേന്ദർ സേവാഗ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയത് ബുമ്രയ്ക്കു വിക്കറ്റ് നേടാനാകാതെ പോയതുതന്നെ. പരമ്പരയിലെ മൂന്നു മത്സരങ്ങളിൽ ബുമ്രയുടെ പ്രകടനം ഇതാ:

ഒന്നാം ഏകദിനം - 10-1-53-0

രണ്ടാം ഏകദിനം - 10-0-64-0

മൂന്നാം ഏകദിനം- 10-0-50-0

ആകെ – 30-1-167-0

∙ ‘തുറക്കാതെ പോയ’ ഓപ്പണിങ്!

പരമ്പരയിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു. ന്യൂസീലൻഡ് ഓപ്പണർമാർ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തപ്പോൾ, ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ ഓപ്പണർമാരായ മായങ്ക് അഗർവാൾ – പൃഥ്വി ഷാ സഖ്യത്തിന്റെ ഉയർന്ന സംഭാവന ഒന്നാം ഏകദിനത്തിൽ കൃത്യം അർധസെഞ്ചുറിയിലെത്തിയ കൂട്ടുകെട്ടു മാത്രം. രോഹിത് ശർമ – ശിഖർ ധവാൻ കൂട്ടുകെട്ടിന്റെ പ്രാധാന്യം ഇന്ത്യയ്ക്ക് മനസ്സിലാക്കിത്തന്നെ പരമ്പര കൂടിയാണിത്.

ഓപ്പണിങ്ങിൽ ന്യൂസീലൻഡിന് മാർട്ടിൻ ഗപ്ടിൽ – ഹെൻറി നിക്കോള്‍സ് സഖ്യവും ഇന്ത്യയ്ക്ക് പൃഥ്വി ഷാ – മായങ്ക് അഗർവാൾ സഖ്യവും സമ്മാനിച്ച തുടങ്ങളുടെ കണക്കുകളിലുണ്ട്, ഇരു ടീമുകളുടെയും മത്സരഫലവും. ആദ്യ രണ്ട് ഏകദിനങ്ങളിൽ ഓപ്പണിങ് വിക്കറ്റിൽ ഗപ്ടിൽ – നിക്കോൾസ് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുകളും (85, 93) മൂന്നാം ഏകദിനത്തിൽ സെഞ്ചുറി കൂട്ടുകെട്ടും (106) തീർത്താണ് കിവീസ് ഇന്നിങ്സിന് അടിത്തറയിട്ടത്.

prithvi-shaw-mayank-agarwal

ഇനി ഇന്ത്യൻ ഓപ്പണർമാരുടെ കാര്യം. ഒന്നാം ഏകദിനത്തിൽ 50 റൺസ് കൂട്ടുകെട്ടു തീർത്ത് പ്രതീക്ഷാനിർഭരമായ തുടക്കമാണ് ഇരുവരും ടീമിനു സമ്മാനിച്ചത്. രണ്ടാം ഏകദിനത്തിൽ 21 റൺസിൽ വച്ച് കൂട്ടുകെട്ടു പിരിഞ്ഞു. ഈ മത്സരത്തിൽ അഗർവാൾ പുറത്തായത് വെറും മൂന്നു റൺസിന്. മൂന്നാം ഏകദിനത്തിൽ വെറും എട്ടു റൺസുള്ളപ്പോൾത്തന്നെ അഗർവാൾ ഒരു റണ്ണുമായി മടങ്ങി. കിവീസിന്റെ മിന്നുന്ന തുടക്കവും ഇന്ത്യയുടെ പാളിയ തുടക്കവും പരമ്പരയുടെ ഗതി നിർണയിക്കുന്നതിൽ നിർണായകമായി.

∙ ‘പേസില്ലാത്ത’ ബോളർമാർ

പരമ്പരയിൽ ഇന്ത്യയുടെ സമ്പൂർണ തോൽവിക്കു കാരണക്കാർ ഇന്ത്യയുടെ പേസ് ബോളിങ് നിരയാണെന്നും കണക്കുകളും സാക്ഷ്യപ്പെടുത്തുന്നു. പരമ്പരയിലുടനീളം 85.2 ഓവർ ബോൾ ചെയ്ത ഇന്ത്യൻ പേസർമാർക്ക് ആകെ ലഭിച്ചത് അഞ്ചു വിക്കറ്റ് മാത്രം. ശരാശരി 114.60 ! മറുവശത്ത് ന്യൂസീലൻഡ് പേസർമാർ 41 ശരാശരിയിൽ 18 വിക്കറ്റുകളാണ് നേടിയതെന്നും ഓർക്കുക. മൂന്നു മത്സരങ്ങളിലായി ഇന്ത്യയ്ക്കായി ബോൾ ചെയ്തത് നാലു പേസ് ബോളർമാരാണ്. ഠാക്കൂറിനു പുറമെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി (ഒരു മത്സരം), നവ്ദീപ് സെയ്നി (രണ്ടു മത്സരം) എന്നിവർ. ഇതിൽ വിക്കറ്റ് വേട്ടയിൽ പേരു ചേർക്കാനായത് ഠാക്കൂറിനും (നാലു വിക്കറ്റ്) ഷമിക്കും (ഒരു വിക്കറ്റ്) മാത്രം.

shardul-thakur-virat-kohli

ഒന്നാം നമ്പർ ബോളറായ ജസ്പ്രീത് ബുമ്രയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയതും അപ്രതീക്ഷിത തിരിച്ചടിയായി. സുപ്രധാന നിമിഷങ്ങളിൽനിർണായക വിക്കറ്റുകൾ വീഴ്ത്തുന്ന ബുമ്ര മാജിക് ഈ പരമ്പരയിൽ കണ്ടില്ല. രണ്ടാം ഏകദിനത്തിൽ ഒഴികെ റൺസ് വഴങ്ങുന്നതിൽ ബുമ്ര പിശുക്കു കാട്ടിയെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതിലും സമാനമായ പിശുക്കു പ്രകടിപ്പിച്ചത് ടീമിനു തിരിച്ചടിയായി. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും കിവീസിന് ലഭിച്ച മികച്ച തുടക്കങ്ങളാണ് അവരുടെ വിജയത്തിന് അടിത്തറയായത്. ആദ്യ രണ്ട് ഏകദിനങ്ങളിൽ ഓപ്പണിങ് വിക്കറ്റിൽ മാർട്ടിൻ ഗപ്ടിൽ – ഹെൻറി നിക്കോൾസ് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുകളും (85, 93) മൂന്നാം ഏകദിനത്തിൽ സെഞ്ചുറി കൂട്ടുകെട്ടും (106) തീർത്തത് ഇന്ത്യൻ പേസർമാരുടെ കഴിവുകേടിന് സാക്ഷ്യമായി.

∙ കയ്യടിക്കാം, ‘നട്ടെല്ലിന്’!

രോഹിത് ശർമ, ശിഖർ ധവാൻ എന്നീ സ്ഥിരം ഓപ്പണർമാർമാരുടെ അസാന്നിധ്യവും ക്യാപ്റ്റൻ വിരാട് കോലിയുടെ ഫോംഔട്ടും ചേർന്ന് ഇന്ത്യൻ മധ്യനിര പരീക്ഷിക്കപ്പെട്ട പരമ്പര കൂടിയായി ഇത്. എന്തായാലും ഇന്ത്യയ്ക്കും ഒരു മധ്യനിരയുണ്ട് എന്ന് പൂർണമായും ബോധ്യപ്പെട്ട പരമ്പര കൂടിയാണ് അവസാനിക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് സഹിതം കാരണമായി അവതരിപ്പിക്കപ്പെടുന്ന നാലാം നമ്പർ പ്രശ്നത്തിന് കൃത്യമായ ഉത്തരവും ഈ പരമ്പര നൽകി. നാലാം നമ്പറിൽ അസാമാന്യ സ്ഥിരത പുലർത്തിയ ശ്രേയസ് അയ്യരാണ് പരമ്പരയുടെ ടോപ് സ്കോറർ. മൂന്ന് മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സഹിതം 72.33 ശരാശരിയിൽ അയ്യർ നേടിയത് 217 റൺസ്. ഇതിനിടെ ഏകദിന കരിയറിലെ ആദ്യ 16 മത്സരങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും അയ്യർ സ്വന്തമാക്കി. പിന്തള്ളിയത് മുൻ താരം നവ്ജോത് സിങ് സിദ്ധുവിനെ.

iyer-rahul

ഏകദിനത്തിൽ ഇന്ത്യൻ മധ്യനിരയിൽ ലോകേഷ് രാഹുൽ വ്യക്തമായ സ്ഥാനം കണ്ടെത്തണമെന്ന ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ആഹ്വാനം നടപ്പിലാകുന്നതും ഈ പരമ്പരയിൽ കണ്ടു. ദീർഘനാളുകൾക്കുശേഷം ന്യൂസീലൻഡ് മണ്ണിൽ ഇന്ത്യയുടെ അഞ്ചാം നമ്പർ താരത്തിന്റെ സെഞ്ചുറി കണ്ട പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽനിന്ന് 102.00 ശരാശരിയിൽ രാഹുൽ നേടിയത് 204 റൺസ്. അയ്യർക്കു പിന്നിൽ പരമ്പരയുടെ ടോപ് സ്കോറർമാരിൽ രണ്ടാമൻ.

അതേസമയം, ഇവർ കഴിഞ്ഞാൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ താരം ഓപ്പണർ പൃഥ്വി ഷായാണ്. മൂന്നു മത്സരങ്ങളിൽനിന്ന് 28.00 ശരാശരിയിൽ നേടിയത് 84 റൺസ്. നാലാമതുള്ളത് ക്യാപ്റ്റൻ വിരാട് കോലി. മൂന്ന് മത്സരങ്ങളിൽനിന്ന് 25 ശരാശരിയിൽ നേടിയത് 75 റൺസ്. ഇന്ത്യൻ തോൽവിക്ക് വേറെ കാരണം അന്വേഷിക്കണോ?

English Summary: New Zealand vs India, 3rd ODI - Match Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA