sections
MORE

കുറച്ചു റൺസ് കൊടുത്താലും കുഴപ്പമില്ല, ബുമ്ര വിക്കറ്റെടുത്തേ തീരൂ: സഹീർ ഖാൻ

zaheer-khan-bumrah
സഹീർ ഖാൻ, ജസ്പ്രീത് ബുമ്ര
SHARE

മുംബൈ∙ എത്ര മികച്ച രീതിയിൽ പന്തെറിഞ്ഞാലും വിക്കറ്റ് കിട്ടണമെങ്കിൽ ജസ്പ്രീത് ബുമ്ര കൂടുതൽ ആക്രമണോത്സുകത കാട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം സഹീർ ഖാൻ രംഗത്ത്. മികച്ച ബോളറായതിനാൽ ബുമ്രയ്ക്ക് വിക്കറ്റ് നൽകാതെ പ്രതിരോധത്തിലൂന്നി കളിക്കാനാണ് എതിർ ടീം ഇപ്പോൾ ശ്രദ്ധിക്കുന്നതെന്ന് സഹീർ ചൂണ്ടിക്കാട്ടി. എതിർ ടീമിൽനിന്നു കിട്ടുന്ന ഈ ബഹുമാനം നല്ലതാണെങ്കിലും വിക്കറ്റെടുക്കുന്ന പതിവു തുടരണമെങ്കിൽ ബുമ്ര കൂടുതൽ ആക്രമണോത്സുകത കാട്ടണം. കുറച്ച് റൺസ് വിട്ടുകൊടുത്താലും വിക്കറ്റെടുക്കാനാണ് ബുമ്ര ശ്രമിക്കേണ്ടതെന്നും സഹീർ അഭിപ്രായപ്പെട്ടു.

അടുത്തിടെ ന്യൂസീലൻഡിനെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ജസ്പ്രീത് ബുമ്രയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായിരുന്നില്ല. മൂന്നു മത്സരങ്ങളും തോറ്റ് മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യ ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് ഏറ്റുവാങ്ങിയതിൽ ബുമ്രയുടെ ‘വിക്കറ്റില്ലാ പ്രകടനവും’ നിര്‍ണായകമായിരുന്നു. മൂന്നു മത്സരങ്ങളിലായി 30 ഓവർ ബോൾ ചെയ്ത ബുമ്ര 167 റൺസാണ് വഴങ്ങിയത്. മാത്രമല്ല, ഏകദിന കരിയറിൽ ആദ്യമായാണ് ബുമ്ര തുടർച്ചയായി മൂന്നു മത്സരങ്ങളിൽ വിക്കറ്റ് നേടാതെ പോകുന്നത്. ഈ സാഹചര്യത്തിലാണ് വിക്കറ്റെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ച് സഹീറിന്റെ രംഗപ്രവേശം.

‘കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ബോളറെന്ന നിലയിൽ എതിർ ടീമിനിടയിൽപ്പോലും ജസ്പ്രീത് ബുമ്ര നേടിയെടുത്ത വളർച്ചയും ബഹുമാനവും നല്ലതുതന്നെ. പക്ഷേ അതു നിലനിർത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. ബുമ്രയുടെ 10 ഓവറിൽ 35 റൺസ് മാത്രമേ കിട്ടുന്നുള്ളൂവെങ്കിലും അതുമതി എന്ന് ടീമുകൾ വിലയിരുത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബുമ്രയ്ക്ക് വിക്കറ്റ് കൊടുക്കാതെ മറ്റു ബോളർമാരെ ആക്രമിക്കുകയെന്നതാണ് അവരുടെ തന്ത്രം’ – സഹീർ ഖാൻ ചൂണ്ടിക്കാട്ടി.

‘ഇനിയങ്ങോട്ട് വിക്കറ്റെടുക്കുന്ന ശീലം തുടരണമെങ്കിൽ ബുമ്ര കൂടുതൽ അധ്വാനിക്കേണ്ടിവരും. കളത്തിൽ കൂടുതൽ ആക്രമണോത്സുകത കാട്ടുകയും വേണം. കാരണം, ബുമ്രയെ പ്രതിരോധത്തിലൂന്നി നേരിടാനേ എതിർ ടീമിലെ ബാറ്റ്സ്മാൻമാർ ശ്രമിക്കൂ’ – സഹീർ പറഞ്ഞു.

‘ബാറ്റ്സ്മാൻമാർ പിഴവു വരുത്തുന്നതു കാത്തിരുന്നിട്ട് ഇനി കാര്യമില്ല. പകരം വിക്കറ്റ് കിട്ടാനുള്ള വഴി ബുമ്ര സ്വയം കണ്ടെത്തണം. ബുമ്രയ്ക്ക് വിക്കറ്റ് നൽകാതിരിക്കാൻ ബാറ്റ്സ്മാൻമാർ ഉറപ്പായും തുടർന്നും ശ്രമിക്കും. എതിർ ടീം ഇത്തരമൊരു ബഹുമാനം നൽകുന്നത് നല്ല കാര്യമാണെങ്കിലും അതുകൊണ്ടു കാര്യമില്ല. അവരെ ഷോട്ടുകൾ കളിക്കാൻ പ്രേരിപ്പിക്കുകയും വിക്കറ്റെടുക്കുകയുമാണ് ഇനി വേണ്ടത്. വിക്കറ്റെടുക്കുകയാണ് തന്റെ ദൗത്യമെന്ന് എപ്പോഴും ഓർമിക്കണം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ കുറച്ച് റൺസ് വിട്ടുകൊടുത്താലും കുഴപ്പമില്ല. ടീമിന്റെ ഒന്നാം നമ്പർ ബോളറെന്ന നിലയിൽ വിക്കറ്റെടുക്കേണ്ട ചുമതലയും തന്റേതാണെന്ന് അദ്ദേഹം ഓർക്കണം’ – സഹീർ പറഞ്ഞു.

∙ റാങ്കിങ്ങിലും തിരിച്ചടി

അതിനിടെ, ഐസിസി ഏകദിന റാങ്കിങ്ങിൽ ബുമ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസീലൻ‍ഡ് പേസർ ട്രെന്റ് ബോൾട്ട് ആണ് പുതിയ ഒന്നാം സ്ഥാനക്കാരൻ. ന്യൂസീലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ വിക്കറ്റ് വീഴ്ത്താനാകാതെ പോയതാണ് ബുമ്രയ്ക്ക് തിരിച്ചടിയായത്. ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ രവീന്ദ്ര ജഡേജ മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും ഒന്നും രണ്ടും സ്ഥാനം നിലനിർത്തി.

English Summary: Former Indian pace spearhead Zaheer Khan said that Jasprit Bumrah's reputation has forced batsmen to be cautious and it is time for him to be more aggressive.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA