ADVERTISEMENT

ഈസ്റ്റ് ലണ്ടൻ∙ ആവേശം അവസാന പന്തുവരെ കൂട്ടിനെത്തിയ ട്വന്റി20 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒരു റണ്ണിനു തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. അവസാന ഓവർ വരെ വിജയമുറപ്പിച്ചു കളിച്ച ഇംഗ്ലണ്ടിനെ അവസാന ഓവറുകളിൽ വരിഞ്ഞുമുറുക്കിയാണ് ദക്ഷിണാഫ്രിക്ക തകർപ്പൻ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്റെ മറുപടി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ അവസാനിച്ചു. ലുങ്കി എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ നാലു വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് ഏഴു റൺസ് മാത്രം മതിയായിരുന്നെങ്കിലും, മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് നേടാനായത് അഞ്ച് റൺസ് മാത്രം.

ഇതോടെ, മൂന്നു മത്സരങ്ങടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1–0ന് മുന്നിലെത്തി. അവസാന ഓവറിലെ മാസ്മരിക ബോളിങ് പ്രകടനത്തിലൂടെ ലുങ്കി എൻഗിഡി കളിയിലെ കേമനായി. ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ ഒരു റൺ വിജയമാണ് ഇത്. 2009ൽ ലോർഡ്സിൽ ന്യൂസീലൻഡിനെയും 2019ൽ നോർത്ത് സൗണ്ടിൽ വെസ്റ്റിന്‍ഡീസിനെയും അവർ ഒരു റണ്ണിനു തോൽപ്പിച്ചിട്ടുണ്ട്. രണ്ടു തവണ രണ്ടു റണ്ണിനും ജയിച്ചു. അതേസമയം, ട്വന്റി20യിൽ ഇംഗ്ലണ്ട് ഒരു റണ്ണിനു തോൽക്കുന്നത് നടാടെയാണ്. ഒരു തവണ രണ്ടു റണ്‍സിനും രണ്ടു തവണ മൂന്നു റൺസിനും തോറ്റു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണർമാരായ തെംബ ബാവുമ (27 പന്തിൽ 43), ക്വിന്റൺ ഡികോക്ക് (15 പന്തിൽ 31) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റാസി വാൻഡർ ദസ്സൻ (26 പന്തിൽ 31), ഡേവിഡ് മില്ലർ (14 പന്തിൽ 16), ജെ.ജെ. സ്മുട്സ് (20 പന്തിൽ 20), ആൻഡിൽ പെഹ്‌ലൂക്‌വായോ (15 പന്തിൽ 18) എന്നിവരുടെ ഇന്നിങ്സുകളും ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ നിർണായകമായി. മൂന്ന് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ക്രിസ് ജോർദാനാണ് ഇംഗ്ലണ്ട് ബോളർമാരിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതലേ വിജയമുറപ്പിച്ചാണ് കളിച്ചത്. ഓപ്പണർ ജെയ്സൻ റോയി, ക്യാപ്റ്റൻ ഒയിൻ മോർഗൻ എന്നിവരുടെ അതിവേഗ അർധസെ‍ഞ്ചുറികൾ കൂടിയായതോടെ അവസാന നിമിഷം വരെ ആധിപത്യം ഇംഗ്ലണ്ടിനായിരുന്നു. റോയി 38 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 70 റൺസെടുത്തു. മോർഗൻ 34 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്തു.

ഇംഗ്ലണ്ട് ഇന്നിങ്സിലെ 19–ാം ഓവർ എറിയാനായി ബ്യൂറൻ ഹെൻഡ്രിക്സ് എത്തുമ്പോൾ അവർക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 12 പന്തിൽ 23 റൺസ്. ആദ്യ രണ്ടു പന്തുകളിൽ സിംഗിൾ മാത്രം വഴങ്ങിയ ഹെൻഡ്രിക്സിന്റെ മൂന്നും നാലും പന്തുകളിൽ മോർഗൻ വക തുടർച്ചയായി ഫോറുകൾ. അഞ്ചാം പന്തിൽ സിക്സറടിച്ച് മോർഗന്‍ അർധസെഞ്ചുറിയും കടന്നു. അഞ്ചു വിക്കറ്റ് ബാക്കിയിരിക്കെ ശേഷിച്ചെ ഏഴു പന്തിൽ വിജയത്തിലേക്ക് ഏഴു റൺസ് എന്ന നിലയിൽ നിൽക്കെ ആറാം പന്തിൽ മോർഗൻ പുറത്തായത് മത്സരത്തിൽ വഴിത്തിരിവായി.

ലുങ്കി എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ ഇംഗ്ലണ്ടിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് ഏഴു റൺസ്, കയ്യിൽ നാലു വിക്കറ്റും. എന്നാൽ, ഈ ഓവറിലെ രണ്ടാം പന്തിൽ ടോം കറനെയും അഞ്ചാം പന്തിൽ മോയിൻ അലിയെയും എൻഗിഡി പുറത്താക്കി. അവസാന പന്തിൽ ആദിൽ റഷീദ് റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്ണിന്റെ ആവേശജയം.

English Summary: South Africa vs England, 1st T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com