ADVERTISEMENT

വെല്ലിങ്ടൺ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇതുവരെ കളിച്ച ഏഴു കളികളും ജയിച്ചതിന്റെ തുടർച്ച തേടി ഇന്ത്യ ന്യൂസീലൻഡിനെതിരെ. ട്വന്റി20 പരമ്പര തൂത്തുവാരിയതിന്റെ എല്ലാ ആവേശവും ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങി കെടുത്തിക്കളഞ്ഞതിന്റെ നിരാശയിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് വെള്ളിയാഴ്ച വെല്ലിങ്ടനിൽ ആരംഭിക്കും. രോഹിത് ശർമ പരുക്കേറ്റ് പിൻമാറിയതിനാൽ ഓപ്പണിങ്ങിൽ പുതിയ ജോടിയെ പരീക്ഷിക്കാനുറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത്, പരുക്കിൽനിന്ന് വിമുക്തനായി തിരിച്ചെത്തിയ പേസ് ബോളർ ട്രെന്റ് ബോൾട്ടിന്റെ സാന്നിധ്യം പകരുന്ന ആവേശത്തിലാണ് ന്യൂസീലൻഡിന്റെ പടപ്പുറപ്പാട്.

അതേസമയം, ഒന്നാം ടെസ്റ്റിനു മുൻപേ ടീം തിര‍ഞ്ഞെടുപ്പിന്റെ കാര്യത്തിൽ തലപുകയ്ക്കുകയാണ് കോലി. ഓപ്പണിങ്ങിൽ മായങ്ക് അഗർവാളിനൊപ്പം ആരിറങ്ങും എന്നതിൽ തുടങ്ങുന്നു തലവേദന. രോഹിത് ശർമയ്ക്ക് പരുക്കേറ്റതോടെയാണ് ഓപ്പണിങ്ങിന്റെ കാര്യത്തിൽ സംശയമുയരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ യുവതാരങ്ങളായ പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവരുടെ പേരുകളാണ് ഓപ്പണിങ്ങിലേക്കു പരിഗണിക്കുന്നത്. വിക്കറ്റ് കീപ്പറായി പന്തോ വൃദ്ധിമാൻ സാഹയോ, സ്പിന്നർ വേഷത്തിൽ അശ്വിനോ ജഡേജയോ തുടങ്ങിയ ചോദ്യങ്ങളും സജീവം.

∙ ഷായോ ഗില്ലോ?

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി വരവറിയിച്ച പൃഥ്വി ഷായ്ക്ക് തന്നെ നറുക്കു വീഴാനാണ് സാധ്യത. ഏകദിന പരമ്പരയിൽ നിരാശപ്പെടുത്തിയെങ്കിലും മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട വിരാട് കോലി ഷായെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞത് താരം ടീമിലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. പരിശീലന മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മായങ്കിന്റെ ഓപ്പണിങ് പങ്കാളിയെ കണ്ടെത്താമെന്നു കരുതിയ ടീം മാനേജ്മെന്റിനെ നിസഹായരാക്കി ഒന്നാം ഇന്നിങ്സിൽ രണ്ടു പേരും പൂജ്യത്തിനു പുറത്തായി. രണ്ടാം ഇന്നിങ്സിൽ ഷാ ക്ലാസ് തെളിയിക്കുകയും ചെയ്തു.

ന്യൂസീലൻഡ് എ ടീമിനെതിരായ മത്സരത്തിൽ ഇരട്ടസെഞ്ചുറി സഹിതം നേടിയ ശുഭ്മാൻ ഗില്ലും അങ്ങനെ അവഗണിക്കാവുന്ന താരമല്ല. ഈ മത്സരങ്ങളിൽ 83, 204*, 136 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്കോർ. അതേസമയം, ടെസ്റ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ല എന്നത് ഗില്ലിനെ പിന്നോട്ടുവലിക്കുന്ന ഘടകമാണ്. ന്യൂസീലൻഡിനെതിരെ അവരുടെ നാട്ടിൽ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യ ഗില്ലിനെ ഒരു പരീക്ഷത്തിന് വിട്ടുകൊടുക്കാൻ സാധ്യത വിരളം.

∙ തിരിച്ചെത്തുമോ, വിഹാരി?

മധ്യനിരയിൽ ഹനുമ വിഹാരിയുടെ തിരിച്ചുവരവ് ഏറെക്കുറെ ഉറപ്പാണ്. പരിശീലന മത്സരത്തിൽ ന്യൂസീലൻഡ് ഇലവനെതിരെ വിഹാരി സെഞ്ചുറി നേടിയത് താരത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. ഇതോടെ, യുവതാരം ഋഷഭ് പന്തിനെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി പരിഗണിക്കാനുള്ള സാധ്യത മങ്ങി. മാത്രമല്ല, ഇതിനു മുൻപ് ഇന്ത്യ വിദേശത്ത് ടെസ്റ്റ് കളിച്ച വിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യയുടെ ടോപ് സ്കോററും വിഹാരിയായിരുന്നു.

ന്യൂസീലൻഡിലും ഇതുവരെ മികച്ച പ്രകടനമാണ് വിഹാരിയുടേത്. ഇന്ത്യ എയ്ക്കായി 51, 100*, 59 എന്നിങ്ങനെയാണ് വിഹാരിയുടെ പ്രകടനം. ഇതിനു പിന്നാലെയാണ് ന്യൂസീലൻഡ് ഇലവനെതിരായ പരിശീലന മത്സരത്തിൽ പുറത്താകാതെ 101 റൺസ് നേടിയത്. ഇതോടെ ചേതേശ്വർ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ എന്നിവർക്കു പിന്നാലെ വിഹാരിക്ക് ബാറ്റിങ് ലൈനപ്പിൽ ഇടംലഭിക്കും.

∙ പന്തോ സാഹയോ?

വിക്കറ്റ് കീപ്പറായി മുതിർന്ന താരം വൃദ്ധിമാൻ സാഹയെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. ഒരു വർഷം മുൻപ് ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ പുറത്താകാതെ 159 റൺസ് നേടിയ ശേഷം ആകെ മൂന്ന് ടെസ്റ്റ് മാത്രമാണ് പന്ത് കളിച്ചിട്ടുള്ളത്. വിക്കറ്റ് കീപ്പിങ്ങിൽ നിലവാരം ശരാശരിക്കു താഴെ പോയതോടെയാണ് ഇന്ത്യ വൃദ്ധിമാൻ സാഹയിലേക്കു തിരികെ പോയത്.

ബാറ്റിങ്ങിൽ കാര്യമായ പ്രകടനങ്ങൾക്ക് ഇതുവരെ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ പിഴവുകളില്ലാത്ത പ്രകടനമായിരുന്നു സാഹയുടേത്. ക്യാപ്റ്റൻ വിരാട് കോലിയുടെ ഉറച്ച പിന്തുണയും ടീമിൽ സാഹയുടെ സ്ഥാനം സുരക്ഷിതമാക്കുന്നു. പരിശീലന മത്സരത്തിൽ 7, 70 എന്നിങ്ങനെയായിരുന്നു പന്തിന്റെ പ്രകടനം. സാഹ ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായപ്പോൾ, രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 30 റണ്‍സെടുത്തു.

∙ അശ്വിനെ ‘വെട്ടുമോ’ ജഡേജ?

വെല്ലിങ്ടനിൽ പരമ്പരാഗതമായി പേസ് ബോളർമാരെ തുണയ്ക്കുന്ന പിച്ചിലാണ് കളിയെന്നതിനാൽ രണ്ടു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തില്ലെന്ന് ഉറപ്പ്. ഇതോടെ, ഏക സ്പിന്നറുടെ റോളിലേക്ക് രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും തമ്മിലാകും മത്സരം. മത്സരത്തിൽ നാലു പേസർമാരെ ഒരുമിച്ചു കളിപ്പിക്കില്ലെന്ന് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സ്പിന്നറുടെ റോളിൽ ആരു വരുമെന്നതും പ്രധാനമാണ്.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ അശ്വിനു പകരം ജഡേജയ്ക്കാണ് ടീം പ്രാമുഖ്യം നൽകിയത്. അതേസമയം, നാട്ടിൽ പതിവുപോലെ ഇരുവരും ഒരുമിച്ചു കളിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ ജഡേജയിൽത്തന്നെ തുടരാനാണ് സാധ്യത. പ്രത്യേകിച്ചും ജഡേജയുടെ ബാറ്റിങ് അടുത്തിടെയായി വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിൽ.

∙ ഇഷാന്ത് കളിച്ചേക്കും

രഞ്ജി ട്രോഫിക്കിടെ പരുക്കേറ്റ പേസ് ബോളർ ഇഷാന്ത് ശർമയും ആദ്യ ടെസ്റ്റിൽ കളിക്കുമെന്നാണ് കോലി നൽകുന്ന സൂചന. വാർത്താ സമ്മേളനത്തിൽ ഇഷാന്ത് ‘പഴയ മികവിലേക്ക് ഉയർന്ന’തായി കോലി പ്രത്യേകം എടുത്തുപറയുകയും ചെയ്തു. ഇഷാന്തിന് കളിക്കാനാകുന്നില്ലെങ്കിൽ ഉമേഷ് യാദവാകും പകരം കളത്തിലിറങ്ങുക.

നീണ്ട ഇടവേളയ്ക്കു ശേഷം ജസ്പ്രീത് ബുമ്ര ടെസ്റ്റ് കളിക്കാനിറങ്ങുന്നതും വെല്ലിങ്ടനിൽ കാണാം. ഏകദിന പരമ്പരയിൽ ന്യൂസീലൻഡുകാരുടെ പ്രതിരോധക്കളിയിൽ നിരായുധനായിപ്പോയ ബുമ്ര ടെസ്റ്റിലേക്കായി എന്ത് ആയുധമായിരിക്കും കാത്തുവച്ചിരിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇഷാന്തിനും ബുമ്രയ്ക്കുമൊപ്പം മുഹമ്മദ് ഷമിയും പേസാക്രമണം നയിക്കും.

English Summary: From Shaw v Gill to Jadeja v Ashwin, the Selection Dilemmas for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com