ADVERTISEMENT

ഒറ്റയ്ക്കു നിൽക്കാനും ഒപ്പം നിൽക്കാനും കരുത്തുണ്ടെന്നു കഴിഞ്ഞ ലോകകപ്പോടെ തന്നെ വനിതാ ക്രിക്കറ്റ് തെളിയിച്ചതാണ്. പുരുഷ ലോകകപ്പിനോടു ‘ടാറ്റാ’ പറഞ്ഞ രണ്ടാമത്തെ ലോകകപ്പിനാണ് നാളെ മുതൽ ഓസ്ട്രേലിയ ആതിഥ്യമരുളുന്നത്. അതിനു മുൻപുള്ള ലോകകപ്പുകളെല്ലാം പുരുഷ ലോകകപ്പിനോടു ചേർന്നാണു നടന്നിരുന്നത്. 2 ലോകകപ്പുകൾക്കിടയിൽ വനിതാ ക്രിക്കറ്റിന്റെ പകിട്ടും പ്രചാരവും ഏറെ വർധിച്ചതോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും ഏറെ പ്രതീക്ഷയിലാണ് – ഇത്തവണ വനിതാ ട്വന്റി20 ലോകകപ്പ് ഒരു മഹാസംഭവമാകുമെന്നു തീർച്ച.

ആതിഥേയരായ ഓസ്ട്രേലിയയുടെ മനസ്സിൽ 2 മോഹങ്ങളുണ്ട്. ടീം കിരീടം ചൂടണം, പിന്നെ മാർച്ച് 8നു വനിതാദിനത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനൽ കാണികളുടെ എണ്ണത്തിൽ റെക്കോർഡ് കുറിക്കണം.

∙ ഞങ്ങൾ തയാർ

‘ഈ ടൂർണമെന്റിലെ ഏറ്റവും സന്തോഷമുള്ള ടീമാണു ഞങ്ങളുടേത്, ആദ്യ ലോകകപ്പ് കളിക്കുന്ന തായ്‌ലൻഡ് ആയിരിക്കും രണ്ടാമത്’ – ചിരിച്ചുകൊണ്ടു സിക്സടിക്കുന്ന, ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വാക്കുകളിലെ സന്തോഷവും പ്രസരിപ്പും തന്നെയാണ് ഇന്ത്യൻ ടീമിലെ ഓരോ താരത്തിനും പങ്കുവയ്ക്കാനുള്ളത്. 23 വയസ്സാണ് ഇന്ത്യൻ താരങ്ങളുടെ ശരാശരി പ്രായം. അതുകൊണ്ടുതന്നെ യുവത്വത്തിന്റെ ചുറുചുറുക്കും ചങ്കൂറ്റവും അവരിൽനിന്നു പ്രതീക്ഷിക്കാം. എന്നാൽ മുതിർന്ന താരങ്ങളായ മിതാലി രാജും ജുലൻ ഗോസാമിയും ട്വന്റി20 ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനാൽ പരിചയസമ്പത്തിന്റെ കാര്യത്തിൽ ടീം ഇന്ത്യ രണ്ടടി പിറകിലാണ്.

ടീം ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ഷെഫാലി വർമ, ജമിമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, വേദ കൃഷ്ണമൂർത്തി, ദീപ്തി ശർമ, റിച്ച ഘോഷ്, താനിയ ഭാട്യ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്‌വാദ്, ഷിഫ പാണ്ഡെ, പൂജ വസ്ത്രാകർ, അരുന്ധതി റെഡ്ഡി.

∙ ചിരിച്ചു ജയിക്കാൻ ഇന്ത്യ

‘ഈ ടൂർണമെന്റിലെ ഏറ്റവും സന്തോഷമുള്ള ടീമാണു ഞങ്ങളുടേത്, ആദ്യ ലോകകപ്പ് കളിക്കുന്ന തായ്‌ലൻഡ് ആയിരിക്കും രണ്ടാമത്’ – ചിരിച്ചുകൊണ്ടു സിക്സടിക്കുന്ന, ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വാക്കുകളിലെ സന്തോഷവും പ്രസരിപ്പും തന്നെയാണ് ഇന്ത്യൻ ടീമിലെ ഓരോ താരത്തിനും പങ്കുവയ്ക്കാനുള്ളത്. 23 വയസ്സാണ് ഇന്ത്യൻ താരങ്ങളുടെ ശരാശരി പ്രായം. അതുകൊണ്ടുതന്നെ യുവത്വത്തിന്റെ ചുറുചുറുക്കും ചങ്കൂറ്റവും അവരിൽനിന്നു പ്രതീക്ഷിക്കാം.

∙ ഒരു പിറന്നാൾ സമ്മാനം

വനിതാ ട്വന്റി20 ലോകകപ്പ് ഫൈനൽ നടക്കുന്ന മാർച്ച് 8നാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പിറന്നാളും. എംസിജി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ കപ്പുയർത്തിയ സന്തോഷത്തിൽ ഹർമനു പിറന്നാൾ ആഘോഷിക്കാൻ സാധിക്കണേ എന്ന പ്രാർഥനയിലാണ് ആരാധകർ.

∙ ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യ

2009 സെമി

2010 സെമി

2012 ഗ്രൂപ്പ് ഘട്ടം

2014 ഗ്രൂപ്പ് ഘട്ടം

2016 ഗ്രൂപ്പ് ഘട്ടം

2018 സെമി

∙ ടീം ഇന്ത്യയുടെ മത്സരങ്ങൾ

നാളെ ഓസ്ട്രേലിയ

24 ബംഗ്ലദേശ്

27 ന്യൂസീലൻഡ്

29 ശ്രീലങ്ക

∙ ഗ്രൂപ്പ് എ

ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസീലൻഡ്, ശ്രീലങ്ക, ബംഗ്ലദേശ്

∙ ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, പാക്കിസ്ഥാ‌ൻ, തായ്‍ലൻഡ്

∙ മത്സര ക്രമം

നാളെ ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തോടെ തുടക്കമാകുന്ന ടൂർണമെന്റിന്റെ ഫൈനൽ മാർച്ച് 8നു മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടക്കും.

∙ ചാംപ്യൻമാർ ഇതുവരെ

ഓസ്ട്രേലിയ 4 തവണ (2010, 2012, 2014, 2018)

വെസ്റ്റിൻഡീസ് ഒരു തവണ (2016)

ഇംഗ്ലണ്ട് ഒരു തവണ (2009)

∙ നോബോൾ വിളിക്കാൻ 3–ാം അംപയർ

ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇതാദ്യമായി നോബോളുകൾ പരിശോധിക്കാൻ തേഡ് അംപയറെ ചുമതലപ്പെടുത്തും. പുരുഷ ക്രിക്കറ്റിൽ ഇതിനായി തേഡ് അംപയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും വനിതാ ക്രിക്കറ്റിൽ ആദ്യമായാണ് ഈ നടപടി.

∙ ടീമുകളെ പരിചയപ്പെടാം

∙ ഇന്ത്യ

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സ്മൃതി മന്ഥനയും ഉൾപ്പെടുന്ന ബാറ്റിങ് നിര ശക്തമാണെങ്കിലും ലോകകപ്പിൽ എതിർ ടീമുകളുടെ നോട്ടപ്പുള്ളിയാവാൻ‍ പോകുന്നത് ടീം ഇന്ത്യയുടെ പുത്തൻ താരോദയമായ പതിനേഴുകാരി ഷെഫാലി വർമയാണ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ടീം ഇന്ത്യയുടെ ഓപ്പണിങിന് അടിത്തറ പാകുന്ന ഷെഫാലിയുടെ ഫോം ലോകകപ്പിലെ ഇന്ത്യൻ കുതിപ്പിൽ നിർണായകമാകും. പൂനം യാദവായിരിക്കും ബോളിങ്ങിൽ ഇന്ത്യയുടെ ശക്തി.

∙ ഓസ്ട്രേലിയ

4 തവണ ചാംപ്യന്മാരായ ഓസ്ട്രേലിയൻ വനിതാ ടീം ഇത്തവണ ടൂർണമെന്റിനെത്തുന്നത് ലോകകപ്പ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ്. സ്വന്തം മണ്ണിലായതിനാൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന ടീമും ഓസീസ് തന്നെ.വനിതാ ക്രിക്കറ്റിലെ സ്റ്റാർ ഓൾറൗണ്ടർമാരായ എലീസ് പെറിയും അലീസ ഹീലിയുമാണ് ഓസീസ് പടയുടെ കിരീടപ്പോരാട്ടത്തിനു ചുക്കാൻ പിടിക്കുക. ക്യാപ്റ്റൻ മെഗ് ലാനിങ് നയിക്കുന്ന ബാറ്റിങ് നിരയെ മെരുക്കാൻ എതിർടീമുകൾ നന്നായി വിയർക്കേണ്ടിവരും.

∙ ബംഗ്ലദേശ്

വനിതാ ലോകകപ്പുകളിൽ ഇതുവരെ മികവു പുറത്തെടുക്കാനായിട്ടില്ലെങ്കിലും ഏതു ടീമിനെയും അട്ടിമറിയിലൂടെ ഞെട്ടിക്കാമെന്ന വിശ്വാസവുമായാണു ബംഗ്ലദേശിന്റെ വരവ്. ക്യാപ്റ്റൻ സൽമ ഖാത്തൂനിൽ തന്നെയാണ് ഇത്തവണയും ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ. ഇടംകൈ ഓഫ് സ്പിന്നുമായി ബാറ്റ്മാൻമാരെ വട്ടം കറക്കുന്ന കൗമാരതാരം നഹിദ അക്തറിനായിരിക്കും ബോളിങ് നിരയുടെ ചുമതല

∙ ഇംഗ്ലണ്ട്

2009ലെ പ്രഥമ ട്വന്റി20 വനിതാ ലോകകപ്പ് കിരീടം നേടിയശേഷം പിന്നീടുള്ള ടൂർണമെന്റുകളിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ഇംഗ്ലണ്ട് ടീമിനു സാധിച്ചിട്ടില്ല. താരങ്ങളുടെ അതിപ്രസരമുണ്ടെങ്കിലും ഐസിസി ടൂർണമെന്റിലെത്തുമ്പോൾ കളി മറക്കും. വനിതാ ട്വന്റി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണറായ ഡാനി വൈറ്റ് തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ട്വന്റി20 സ്പെഷലിസ്റ്റ് സ്പിന്നർ സാറ ഗ്ലെൻ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്.

∙ ന്യൂസീലൻഡ്

ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായി 5 അർധ സെഞ്ചുറി നേടുന്ന ആദ്യ ക്രിക്കറ്റർ എന്ന റെക്കോർഡിട്ട ശേഷമാണു ന്യൂസീലൻഡ് ക്യാപ്റ്റൻ സോഫി ഡെവിൻ ട്വന്റി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്കു വണ്ടികയറിയത്. ക്യാപ്റ്റനൊപ്പം ഓൾ റൗണ്ടർ അമേലിയ കെർ കൂടി ചേരുമ്പോൾ ടൂർണമെന്റിൽ മുന്നേറാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ കിവീസ് ടീമിനെ മാറ്റിനിർത്താനാവില്ല

∙ പാക്കിസ്ഥാൻ

ട്വന്റി20 ക്രിക്കറ്റിൽ 2000ൽ അധികം റൺസ് നേടിയിട്ടുള്ള ക്യാപ്റ്റൻ ബിസ്മ മഹ്റൂഫാണ് പാക്കിസ്ഥാൻ ബാറ്റിങ് നിരയുടെ നട്ടെല്ല്. മൂർച്ചയില്ലാത്ത ബോളിങ് നിരയെന്ന ചീത്തപ്പേരുണ്ടെങ്കിലും വനിതാ ബിബിഎല്ലിൽ ഉൾപ്പെടെ മികവുതെളിയിച്ച ഓഫ് സ്പിന്നർ നിദ ദർ നയിക്കുന്ന പാക്ക് ബോളിങ് യൂണിറ്റ് ഇത്തവണ ഒരുങ്ങിത്തന്നെയാണു വന്നിരിക്കുന്നത്.

∙ ദക്ഷിണാഫ്രിക്ക

ട്വന്റി20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ വിക്കറ്റു നേടിയ ശേഷം ക്ലോയ് ട്രെയോണിനു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഓരാളായി പേരെടുത്ത ക്ലോയ് തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സാധ്യതകൾ സജീവമാക്കുന്നത്. മരിസാനെ കാപ് കൂടി ചേരുമ്പോൾ ബോളിങ് നിരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്കയില്ല.

∙ ശ്രീലങ്ക

വനിതാ ക്രിക്കറ്റായാലും പുരുഷ ക്രിക്കറ്റായാലും ആത്മാർഥതയുടെ പര്യായമാണു ശ്രീലങ്കൻ ടീം. 81 ട്വന്റി20 മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിലാണ് ഇത്തവണയും ലങ്ക പ്രതീക്ഷയർപ്പിക്കുന്നത്. ‌ ഓൾറൗണ്ടർ ശശികല സിരിവർധന കൂടി ചേരുമ്പോൾ ടൂർണമെന്റിലെ കറുത്ത കുതിരകളായേക്കാം എന്ന മുന്നറിയിപ്പ് ലങ്കൻ ടീം തരുന്നു.

∙ വെസ്റ്റിൻഡീസ്

ഓസ്ട്രേലിയയുടെ കുത്തകയായിരുന്ന വനിതാ ട്വന്റി20 ലോകകപ്പ് 2016ൽ കരീബിയൻ കടൽ കടന്നപ്പോൾ വെസിറ്റിൻഡീസിനെ മുന്നിൽ നിന്നു നയിച്ചതും ടൂർണമെന്റിലെ താരമായതും സ്റ്റെഫാനി ടെയ്‌ലറായിരുന്നു. 4 വർഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പിൽ വീണ്ടുമൊരു കരീബിയൻ മുത്തം പതിയണമെങ്കിൽ സ്റ്റെഫാനി തന്നെ മനസ്സു വയ്ക്കണം.

∙ തായ്‌ലൻഡ്

അപ്രതീക്ഷിതമായിരുന്നു തായ്‌ലൻഡിന്റെ ലോകകപ്പ് എൻട്രി. പൊതുവെ വമ്പൻമാരില്ലാത്ത ബി ഗ്രൂപ്പിലാണെങ്കിലും നോക്കൗട്ട് റൗണ്ടിലേക്കുള്ള യാത്ര തായ്‌ലൻഡിനു ദുഷ്കരമാകും. നടകൻ ചാൻറ്റം, നറ്റായ ബൂച്ചാതം എന്നിവരിലാണു തായ് പ്രതീക്ഷകൾ.

English Summary: ICC Women's World Cup T20 to begin tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com