ADVERTISEMENT

വെല്ലിങ്ടൺ∙ ക്രിക്കറ്റ് കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന യാഥാർഥ്യം യുവതാരം ഋഷഭ് പന്ത് അംഗീകരിച്ചേ മതിയാകൂവെന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകൻ അജിൻക്യ രഹാനെ. വെല്ലുവിളികൾ ഏറെയുള്ള സമയമാണെങ്കിലും ശ്രദ്ധ നഷ്ടമാകാതെ മികച്ചൊരു ക്രിക്കറ്റ് താരമായി വളരാനാണ് പന്ത് ശ്രമിക്കേണ്ടതെന്നും രഹാനെ അഭിപ്രായപ്പെട്ടു. ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായാണ് രഹാനെ നിലപാട് വ്യക്തമാക്കിയത്. ഈ മത്സരത്തിൽ പന്തിന് ടീമിൽ ഇടമുണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴാണ് പന്തിന്റെ ‘മോശം സമയത്തെ’ക്കുറിച്ച് രഹാനെയുടെ പരാമർശം.

ഏതാനും മാസം മുൻപുവരെ മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായിരുന്ന പന്തിന് ഞൊടിയിടയിലാണ് ടീമിലെ സ്ഥാനം നഷ്ടമായത്. വിക്കറ്റിനു പിന്നിലെ മോശം പ്രകടനത്തെ തുടർന്ന് ടെസ്റ്റ് ടീമിൽനിന്ന് മാറിനിൽക്കേണ്ടിവന്ന പന്തിന് പകരം ബംഗാൾ താരം വൃദ്ധിമാൻ സാഹയമാണ് ഇപ്പോൾ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ലോകേഷ് രാഹുൽ വിക്കറ്റ് കീപ്പറിന്റെ ജോലി കൂടി ചെയ്യാനാരംഭിച്ചതോടെ പന്തിന്റെ ടീമിലെ സ്ഥാനം നഷ്ടമാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പന്തിനെ ആശ്വസിപ്പിച്ച് രഹാനെയുടെ വരവ്.

‘കടന്നുപോകുന്ന സാഹചര്യങ്ങളെ അതേപടി അംഗീകരിക്കുക മാത്രമേ ഈ ഘട്ടത്തിൽ നിവൃത്തിയുള്ളൂ. ഈ സാഹചര്യത്തിലും പോസിറ്റീവായി തുടരുകയെന്നത് പ്രധാനമാണ്. സഹതാരങ്ങളിൽനിന്ന്, അവർ ആരായാലും നല്ല കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. ഇക്കാര്യത്തിൽ സീനിയറെന്നോ ജൂനിയറെന്നോ വ്യത്യാസമില്ല’ – രഹാനെ ചൂണ്ടിക്കാട്ടി.

‘ആരും ടീമിനു പുറത്തിരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ ഓരോ മത്സരത്തിലും ടീമിന് ആവശ്യമായതെന്തോ, അത് നാം അംഗീകരിച്ചേ മതിയാകൂ. പ്രതികൂല സാഹചര്യങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള മനസ്സാണ് ഇത്തരം ഘട്ടങ്ങളിൽ പ്രധാനം. നമുക്കു സാധ്യമാകുന്ന കാര്യങ്ങളിലെല്ലാം നിയന്ത്രണം പുലർത്തുക. ക്രിക്കറ്ററെന്ന നിലയിൽ വളരാനായി കഠിനാധ്വാനം ചെയ്യുക’ –  രഹാനെ പറഞ്ഞു.

കരിയറിൽ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുവന്ന താരമാണ് രഹാനെയും. ടീമിന്റെ ഉപനായകനായിരിക്കുമ്പോഴാണ് 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രഹാനെ ടീമിൽനിന്ന് തഴയപ്പെട്ടത്. പിന്നീട് കഠിനാധ്വാനത്തിലൂടെ രഹാനെ ടീമിലേക്കു തിരിച്ചെത്തുകയായിരുന്നു.

‘കളിക്കാരെന്ന നിലയിൽ മികവു വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്യുക. ടീമിലേക്കു തിരികെയെത്തുന്ന സ്വപ്നം കൈവിടാതിരിക്കുക. ടീമിൽ നിങ്ങളുടെ ജോലിയെന്താണെന്ന് വ്യക്തമായ ധാരണയുണ്ടാകുമല്ലോ. പന്തിന്റെ കാര്യത്തിലാണെങ്കിൽ ആറാം നമ്പറിലോ ഏഴാം നമ്പറിലോ ബാറ്റിങ്ങിനെത്തുകയാണ് ദൗത്യം. അപ്പോൾ ആ സ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കുക. അതിനായി കഠിനാധ്വാനം ചെയ്യുക. അത്രേയുള്ളൂ’ – രഹാനെ ചൂണ്ടിക്കാട്ടി.

English Summary: Rishabh Pant needs to accept that he is going through a rough patch, says Ajinkya Rahane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com