ADVERTISEMENT

ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 165 റൺസിൽ ഒതുക്കിയ ന്യൂസീലൻഡിന് ആദ്യ ടെസ്റ്റിന്റെ 2–ാം ദിനം വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ 51 റൺസിന്റെ ലീഡ്. സ്കോർ: ഇന്ത്യ 165, ന്യൂസീലൻഡ് 5ന് 216. 4 വിക്കറ്റ് വീതമെടുത്ത ടിം സൗത്തിയും കൈൽ ജയ്മിസനുമാണ് ഇന്ത്യയെ തകർത്തത്. മറുപടിയിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസനും (89) റോസ് ടെയ്‌ലറും (44) ആതിഥേയരുടെ പട നയിച്ചു. വാട്‍ലിങ്ങും (14) ഗ്രാൻഹോമുമാണു (4) ക്രീസിൽ. ഇഷാന്ത് ശർമ 3 വിക്കറ്റെടുത്തു.

വെല്ലിങ്ടൻ ∙ മഴയും കാറ്റും മാറി വെല്ലിങ്ടനി‍ൽ വെയിലുദിച്ചെങ്കിലും ഇന്ത്യയുടെ അവസ്ഥയ്ക്കു മാറ്റവുമുണ്ടായില്ല. 43 റൺസിനിടെ അവസാന 5 വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യ 165നു പുറത്തായി. ഋഷഭ് പന്തിനെ (19) റണ്ണൗട്ടിലേക്കു തള്ളിയിട്ട അജിൻക്യ രഹാനെയ്ക്കും (46) അധികം ആയുസ്സുണ്ടായില്ല. തലേന്നത്തെ സ്കോറിനോട് 9 റൺസ് കൂട്ടിച്ചേർത്താണു പന്ത് മടങ്ങിയതെങ്കിൽ രഹാനെയ്ക്കു നേടാനായത് 8 റൺസ് മാത്രം. സൗത്തിയുടെ പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ വാട്‍ലിങ്ങിനു ക്യാച്ച് സമ്മാനിച്ചാണു മടങ്ങിയത്. സൗത്തി ഇന്ത്യൻ വാലറ്റം തുടച്ചുനീക്കി.

കളി 3 ദിവസം ബാക്കിനിൽക്കെ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്ന ഏക കാര്യം പിച്ചിൽനിന്ന് ആർ. അശ്വിന് ടേണും ബൗൺസും ലഭിച്ചെന്നതാണ്. 2–ാം ഇന്നിങ്സിൽ മികച്ച സ്കോർ നേടി കിവീസിനെ ബാറ്റിങ്ങിനു വിളിക്കാൻ കഴി‍ഞ്ഞാൽ കളി ഉണരും.

ഒന്നാം ഇന്നിങ്സ് തുടങ്ങിയ കിവീസിനെ അൽപമെങ്കിലും വിരട്ടാൻ കഴിഞ്ഞത് ഇഷാന്ത് ശർമയ്ക്കു മാത്രമാണ്. ഇഷാന്തിന്റെ ആദ്യ പന്തിൽതന്നെ കെയ്ൻ വില്യംസന്റെ കൈവിരലിനു പരുക്കേറ്റു. ചികിത്സ തേടിയ ശേഷമാണു കിവീസ് ക്യാപ്റ്റൻ ബാറ്റിങ് തുടർന്നത്. സെഞ്ചുറിക്കു 11 റൺസ് അകലെ വീണെങ്കിലും വില്യംസൻ 3–ാം വിക്കറ്റി‍ൽ റോസ് ടെയ്‍ലറുമായി ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മുഹമ്മദ് ഷമിയാണു വില്യംസനെ വീഴ്ത്തിയത്. ഇഷാന്ത് 3 വിക്കറ്റെടുത്തു. അശ്വിന് ഒരു വിക്കറ്റ്. 

ജസ്പ്രീത് ബുമ്രയ്ക്കു വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്നത് ഇന്ത്യയ്ക്കു തിരിച്ചടിയായി. അവസാന സ്പെല്ലിൽ മാത്രമാണു ബുമ്രയുടെ പന്തുകൾക്കു പതിവു മൂർച്ച കിട്ടിയത്. മൂന്നിനു മുകളിലേക്കു പോയ ന്യൂസീലൻഡ് റൺനിരക്ക് അതോടെ താഴുകയും ചെയ്തു.

സ്കോർ ബോർഡ്

ഇന്ത്യ ഒന്നാം ഇന്നിങ്സ്: പൃഥ്വി ഷാ ബി സൗത്തി 16, മായങ്ക് സി ജയ്മിസൻ ബി ബോൾട്ട് 34, പൂജാര സി വാട്‌ലിങ് ബി ജയ്മിസൻ 11, കോലി സി ടെയ്‌ലർ ബി ജയ്മിസൻ 2, രഹാനെ സി വാട്‌ലിങ് ബി സൗത്തി 46, വിഹാരി സി വാട്‌ലിങ് ബി ജയ്മിസൻ 7, പന്ത് റൺഔട്ട് 19, അശ്വിൻ ബി സൗത്തി 0, ഇഷാന്ത് സി വാട്‌ലിങ് ബി ജയ്മിസൻ 5, ഷമി സി ബ്ലൻഡൽ ബി സൗത്തി 21, ബുമ്ര 0*. എക്സ്ട്രാ 4. ആകെ 68.1 ഓവറിൽ 165നു പുറത്ത്.

വിക്കറ്റ് വീഴ്ച: 1–16, 2–35, 3–40, 4–88, 5–101, 6–132, 7–132, 8–143, 9–165, 10–165. 

ബോളിങ്: സൗത്തി 20.1–5–49–4, ബോ‍ൾട്ട് 18–2–57–1, ഗ്രാൻഹോം 11–5–12–0, ജയ്മിസൻ 16–3–39–4, പട്ടേൽ 3–2–7–0. 

ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സ്: ലാതം സി പന്ത് ബി ഇഷാന്ത് 11, ബ്ലൻഡൽ ബി ഇഷാന്ത് 30, വില്യംസൻ സി ജഡേജ ബി ഷമി 89, ടെയ്‍‌ലർ സി പൂജാര ബി ഇഷാന്ത് 44, നിക്കോൾസ് സി കോലി ബി അശ്വിൻ 17, വാട്‍ലിങ് 14*, ഗ്രാൻഹോം 4*. എക്സ്ട്രാ 7. ആകെ 71.1 ഓവറിൽ 5ന് 216. 

വിക്കറ്റ് വീഴ്ച: 1–26, 2–73, 3–166, 4–185, 5–207.  ബോളിങ്: ബുമ്ര 18.1–4–62–0, ഇഷാന്ത് 15–6–31–3, ഷമി 17–2–61–1, അശ്വിൻ 21–1–60–1. 

English Summary: New Zealand vs India, 1st Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com