ADVERTISEMENT

വെല്ലിങ്ടൻ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പ്രകടനം മോശമായതിനു പിന്നാലെ യുവതാരം പൃഥ്വി ഷായ്‌ക്കെതിരെ വിമർശനവുമായി ആരാധകർ. ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ തുടക്കം മോശമാകുകയും ബാറ്റിങ് നിര തീർത്തും നിരാശപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് ഷായ്ക്കെതിരെ ആരാധകർ രംഗത്തെത്തിയത്. ന്യൂസീലൻഡ് എയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശുഭ്മാൻ ഗില്ലിന് ഷായ്ക്കു പകരം അവസരം നൽകണമെന്നാണ് ആരാധകരുടെ ആവശ്യം. ട്വിറ്ററിൽ ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ച് ആരാധകർ രംഗത്തുണ്ട്.

വെല്ലിങ്ടൻ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 18 പന്തിൽ 16 റൺസെടുത്ത പൃഥ്വി ഷാ, രണ്ടാം ഇന്നിങ്സിൽ നേടിയത് 30 പന്തിൽ 14 റൺസ് മാത്രം. ഒന്നാം ഇന്നിങ്സിൽ ടിം സൗത്തിയും രണ്ടാം ഇന്നിങ്സിൽ ട്രെന്റ് ബോൾട്ടുമാണ് ഷായെ പുറത്താക്കിയത്. രോഹിത് ശർമയുടെ അഭാവത്തിൽ ടെസ്റ്റിൽ കഴിവു തെളിയിക്കാനുള്ള അവസരം ഷാ തുലച്ചതാണ് ആരാധകരുടെ അനിഷ്ടത്തിനു കാരണം.

ന്യൂസീലൻഡ് മണ്ണിൽ മികവു കാട്ടിയിട്ടുള്ള സാഹചര്യത്തിലാണ് ആരാധകർ ശുഭ്മാൻ ഗില്ലിനായി ശബ്ദമുയർത്തുന്നത്. ന്യൂസീലൻഡിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിൽ അംഗമായിരുന്ന ഗിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ ഒരു ഇരട്ടസെഞ്ചുറിയും ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും സഹിതം ഇന്ത്യ എയുടെ ടോപ് സ്കോററുമായി. 83, 204*, 136 എന്നിങ്ങനെയായിരുന്നു അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ കളത്തിലിറങ്ങിയ മൂന്ന് മത്സരങ്ങളിൽ ഗില്ലിന്റെ പ്രകടനം.

സാങ്കേതികത്തികവിൽ പൃഥ്വി ഷായേക്കാൾ ബഹുദൂരം മുന്നിലുള്ള ശുഭ്മാൻ ഗില്ലാണ് ടെസ്റ്റിന് പറ്റിയ താരമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞത് 2000 റണ്‍സെങ്കിലും നേടിയിട്ടുള്ള താരങ്ങളിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ കഴിഞ്ഞാൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരമാണ് ഗില്ലെന്നാണ് ചില ആരാധകരുടെ കണ്ടെത്തൽ. ബ്രാഡ്മാന്റെ ശരാശരി 95.14ഉം ഗില്ലിന്റേത് 73.55ഉം ആണ്. ഇനിയും ഗില്ലിന് രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറാൻ അവസരം നൽകാത്തത് കഷ്ടമാണെന്ന് ആരാധകർ കുറിച്ചു.

English Summary: ‘Bring in Shubman Gill’ – Twitter wants Virat Kohli to axe Prithvi Shaw for 2nd Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com