ADVERTISEMENT

പെർത്ത്∙ ഓസ്ട്രേലിയയിൽ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ബംഗ്ലദേശിനെ 18 റൺസിന് തോൽപ്പിച്ചെങ്കിലും, മത്സരത്തിനിടെ ഔട്ടിൽനിന്ന് രക്ഷപ്പെടാൻ ഒരേ ക്രീസിലേക്ക് ‘മത്സരിച്ചോടുന്ന’ ഇന്ത്യൻ താരങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഇന്നിങ്സിലെ 17–ാം ഓവറിലാണ് റണ്ണൗട്ടിൽനിന്ന് രക്ഷപ്പെടാൻ ദീപ്തി ശർമയും വേദ കൃഷ്ണമൂർത്തിയും ഒരേ ക്രീസിലേക്ക് മത്സരിച്ചോടിയത്. ക്രീസിൽ തുടരാനുള്ള ആവേശത്തിൽ ദീപ്തി ശർമ ഡൈവ് ചെയ്ത് നോക്കിയെങ്കിലും ‘മത്സരത്തിൽ ജയിച്ചത്’ വേദ കൃഷ്ണമൂർത്തി!

സൽമ ഖാട്ടൂൻ എറിഞ്ഞ 17–ാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. പന്തു നേരിട്ട ദീപ്തി ശർമ ഡീപ് മിഡ്‌വിക്കറ്റിലേക്ക് തട്ടിയിട്ട ശേഷം റണ്ണിനായി ഓടി. ഒരു റൺ പൂർത്തിയാക്കിയ ഇരുവരും രണ്ടാം റണ്ണിനു ശ്രമിച്ചെങ്കിലും അതിനിടെ ആശയക്കുഴപ്പം ഉടലെടുത്തു. ഇതോടെ ഇരുവരും ഒരേ ക്രീസിലെത്തുകയായിരുന്നു. ഔട്ടിൽനിന്ന് രക്ഷപ്പെടുന്നതിന് ആദ്യം ക്രീസിലെത്താൻ ഇരുവരും മത്സരിച്ചോടിയത് അത്ര രസമില്ലാത്ത കാഴ്ചയായി. വേദയ്ക്കു മുന്നേ ക്രീസിലെത്താൻ ഡൈവ് ചെയ്തുനോക്കിയ ദീപ്തി ശർമയാണ് പുറത്തായത്.

ഈ സംഭവത്തിനു തൊട്ടുപിന്നാലെ ‘ചരിത്രം ആവർത്തിക്കുന്നു’ എന്ന ലഘു കുറിപ്പുമായി ഐസിസി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച ഒരു ചിത്രവും വൈറലായി. അടുത്തിടെ സമാപിച്ച അണ്ടർ 19 ലോകകപ്പിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇതേ എതിരാളികൾക്കെതിരെ സമാനമായ രീതിയിൽ ഒരേ ക്രീസിലേക്ക് മത്സരിച്ചോടുന്ന ചിത്രമാണിത്.

അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിലായിരുന്നു ഈ സംഭവം. ഇന്ത്യ–ബംഗ്ലദേശ് ടീമുകൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ച ഈ മത്സരത്തിൽ ധ്രുവ് ജുറെലും അഥർവ അങ്കോലേക്കറുമാണ് ഒരേ ക്രീസിലേക്ക് ‘മത്സരിച്ചോടി’ നാണംകെട്ടത്. ഇന്ത്യൻ ഇന്നിങ്സിലെ 43–ാം ഓവറിലാണ് സംഭവം. പന്തു നേരിട്ട ജുറെൽ അത് പോയിന്റിലേക്ക് തട്ടിയിട്ട ശേഷം റണ്ണിനായി ക്രീസിൽനിന്നിറങ്ങി. അങ്കോലേക്കർ പ്രതികരിക്കാൻ വൈകിയെങ്കിലും ജുറെൽ പാതിവഴി പിന്നിട്ടിരുന്നു. ഇതോടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ക്രീസിൽ കയറി ഔട്ടിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും മത്സരിച്ചോടി. കുറച്ചു നേരം ചർച്ച ചെയ്തതിനു ശേഷം അംപയർ വിധിച്ചു. ധ്രുവ് ഔട്ട്.

English Summary: ICC Trolls Team India As Two Players Aim Same Crease At The Same Time in U 19 World Cup and Women's T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com