ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയ യുവതാരം പൃഥ്വി ഷായ്ക്ക് പിന്തുണയുമായി ഇന്ത്യൻ നായകൻ വിരാട് കോലി രംഗത്ത്. ട്രെന്റ് ബോൾട്ടിന്റെയും ടിം സൗത്തിയുടെയും പന്തുകൾക്കു മുന്നിൽ പൃഥ്വി ഷായുടെ ബാറ്റിങ്ങിലെ സാങ്കേതികമായ പ്രശ്നങ്ങൾ വെളിപ്പെട്ടെങ്കിലും അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് കോലി അഭിപ്രായപ്പെട്ടു. ഷായുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കാൻ സമയമായിട്ടില്ലെന്നും കാത്തിരിക്കണമെന്നും കോലി വ്യക്തമാക്കി. ഇന്ത്യ 10 വിക്കറ്റിനു തോറ്റ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 16 റൺസിനു പുറത്തായ ഷാ, രണ്ടാം ഇന്നിങ്സിൽ നേടിയത് 14 റൺസ് മാത്രം. ഈ പശ്ചാത്തലത്തിൽ ഷായ്ക്കു പകരം ശുഭ്മാൻ ഗില്ലിനെ കളിപ്പിക്കണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു.

‘എട്ടോ പത്തോ തവണ സമാനമായ രീതിയിൽ പൃഥ്വി ഷാ പുറത്താവുകയാണെങ്കിൽ അദ്ദേഹത്തിന്റെ കളിയിലെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാം. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ട് ഇന്നിങ്സിലെ പ്രകടനം വച്ച് അതിന്റെ ആവശ്യമില്ല. ഇന്ത്യയ്ക്കു പുറത്ത് അദ്ദേഹം സീനിയർ ടീമിനു വേണ്ടി കളിക്കുന്നത് ആദ്യമാണെന്ന് മറക്കരുത്. മാത്രമല്ല, രാജ്യാന്തര ക്രിക്കറ്റിലെ തീർത്തും വ്യത്യസ്തമായൊരു ബോളിങ് ആക്രമണത്തെയാണ് അദ്ദേഹം ന്യൂസീലൻഡിൽ നേരിടുന്നത്. ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ കളിയെ കീറിമുറിച്ച് വിശകലനം ചെയ്യേണ്ടതില്ല. കാരണം അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഇപ്പോൾ യാതൊരു പിഴവുമില്ല. മനസ്സിലുള്ളത് കളത്തിൽ നടപ്പിലാക്കാൻ സാധിക്കാത്തതു മാത്രമാണ് പ്രശ്നം’ – കോലി ചൂണ്ടിക്കാട്ടി.

ഒരു ബാറ്റ്സ്മാൻ ഏഴോ എട്ടോ ഇന്നിങ്സിൽ സമാനമായ പിഴവുവരുത്തി പുറത്തായാൽ മാത്രമേ അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ സംശയിക്കേണ്ടതുള്ളൂവെന്ന് കോലി വ്യക്തമാക്കി. രണ്ടേ രണ്ട് ഇന്നിങ്സിൽ പുറത്തായതിന്റെ പേരിൽ ഷായെ വിമർശിക്കേണ്ടതില്ലെന്നും കോലി പറഞ്ഞു.

‘തന്റെ കളിയിലെ പ്രശ്നങ്ങളെന്തെന്ന് ഷാ തന്നെ കണ്ടെത്തും. റൺസ് കണ്ടെത്താനുള്ള വഴികൾ സ്വയം തെളിച്ചെടുക്കാൻ പ്രാപ്തിയുള്ള താരമാണ് അദ്ദേഹം. സ്വാഭാവികമായ സ്ട്രോക്ക് പ്ലേയിലൂടെ റൺസ് കണ്ടെത്താൻ സാധിക്കുമെന്ന് അദ്ദേഹം മുൻപും തെളിയിച്ചിട്ടുണ്ട്. ഷാ ചെറിയ സ്കോറിൽ പുറത്തായി എന്നതല്ല പ്രശ്നം. വലിയ സ്കോറുകൾ നേടാനാകുമെന്ന് അദ്ദേഹം മുൻപു തെളിയിച്ചിട്ടുണ്ട്’ – കോലി ചൂണ്ടിക്കാട്ടി.

‘പിച്ചിന്റെ വേഗം ഉള്‍പ്പെടെയുള്ള വശങ്ങൾ മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ നിലവിൽ ഷായുടെ ബാറ്റിങ്ങിലുള്ളൂ. ഇക്കാര്യത്തിൽ മനസ് ശാന്തമായിക്കഴിഞ്ഞാൽ അദ്ദേഹം വിനാശകാരിയായ ബാറ്റ്സ്മാനായിരിക്കും. വിദേശത്ത് നമ്മൾ ഉജ്വലമായി കളിച്ചിട്ടുള്ളപ്പോഴെല്ലാം ഓപ്പണർമാർ നൽകിയ മികച്ച തുടക്കങ്ങൾ നിർണായകമായിട്ടുണ്ട്. തികഞ്ഞ വ്യക്തതയോടെ ഷോട്ടുകൾ കളിക്കാനും ബോളർമാരെ കടന്നാക്രമിക്കാനും ഓപ്പണർമാർ കാട്ടിയിട്ടുള്ള ഉത്സാഹമാണ് നമ്മുടെ വിജയങ്ങളുടെ അടിസ്ഥാനം. അത്തരം തുടക്കം സമ്മാനിക്കാൻ കെൽപ്പുള്ള താരമാണ് ഷാ’ – കോലി ചൂണ്ടിക്കാട്ടി.

‘എനിക്കിതു കഴിയും എന്ന് ഒരിക്കൽ ഷായ്ക്ക് തോന്നിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. ഈ ആത്മവിശ്വാസം കിട്ടിക്കഴിഞ്ഞാൽ അദ്ദേഹത്തിന്റെ പ്രകടനത്തിൽ കാര്യമായ വ്യത്യാസം വരും. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പൃഥ്വിക്ക് ആഗ്രഹമുണ്ടെന്ന് തീർച്ചയാണ്. എല്ലാ ബാറ്റ്സ്മാൻമാർക്കു അതേ ആഗ്രഹമുണ്ട്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് സമയം കൊടുത്തേ പറ്റൂ. ഒരിക്കൽ മികച്ച സ്കോർ നേടാനായാൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഉയരുമെന്ന് തീർച്ചയല്ലേ’ – കോലി പറഞ്ഞു.

English Summary: Virat Kohli Backs "Destructive" Prithvi Shaw Ahead Of 2nd Test Against New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com