ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയെ ആശങ്കയിലാഴ്ത്തി പരുക്ക് ‘കളി തുടരുന്നു’. പരുക്കുമൂലം ടീമിൽനിന്ന് പുറത്തായ ഓപ്പണർ രോഹിത് ശർമയ്ക്കു പകരമെത്തിയ യുവതാരം പൃഥ്വി ഷായാണ് ഏറ്റവും ഒടുവിൽ പരുക്കിന്റെ പിടിയിലായത്. ഇടതുകാലിൽ വീക്കം ബാധിച്ചതിനെ തുടർന്ന് ഇന്നലത്തെ പരിശീലന സെഷൻ പൂർണമായും പൃഥ്വി ഷാ ഒഴിവാക്കി. രണ്ടാം ടെസ്റ്റിൽ ഷായ്ക്ക് കളിക്കാനാകുമോ എന്ന കാര്യത്തിൽ വെള്ളിയാഴ്ചയേ അന്തിമ തീരുമാനം എടുക്കൂ. ആദ്യ ടെസ്റ്റിൽ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും ഷായ്ക്ക് ഉറച്ച പിന്തുണയുമായി ക്യാപ്റ്റൻ വിരാട് കോലി രംഗത്തെത്തിയിരുന്നു. ഷാ രണ്ടാം ടെസ്റ്റിലും കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് പരുക്കിന്റെ ‘കളി’!

ഇടതുകാലിന്റെ വീക്കത്തിന്റെ കാരണം കണ്ടെത്താൻ ഷായെ രക്ത പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ടീം അധികൃതരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ കുഴപ്പമില്ലെന്നു തെളിഞ്ഞാൽ ഷാ കളിക്കാനാണ് സാധ്യത. വെള്ളിയാഴ്ചത്തെ പരിശീലനത്തിലും പരുക്കിന്റെ ലക്ഷണം കാട്ടിയാൽ ഷായെ പുറത്തിരുത്താനും സാധ്യതയുണ്ട്.

പൃഥ്വി ഷായ്ക്ക് കളിക്കാനായില്ലെങ്കിൽ പഞ്ചാബിൽനിന്നുള്ള യുവതാരം ശുഭ്മാൻ ഗിൽ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. ന്യൂസീലൻഡ് എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യ എയ്ക്കായി ഒരു ഇരട്ടസെഞ്ചുറിയും സെഞ്ചുറിയും നേടി മികവു കാട്ടിയ താരമാണ് ഗിൽ. ഷായ്ക്കു പകരം ടീമിലെത്തിയാൽ മായങ്ക് അഗർവാളിനൊപ്പം രണ്ടാം ടെസ്റ്റിൽ ഗിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യും. വ്യാഴാഴ്ചത്തെ പരിശീലന സെഷനിൽ രവി ശാസ്ത്രി ഏറെനേരം ഗില്ലിനൊപ്പം ചെലവഴിച്ചതും താരത്തിന്റെ അരങ്ങേറ്റ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്.

English Summary: Prithvi Shaw skips practice with swollen foot, call to be taken Friday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com