ADVERTISEMENT

മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വിമർശിച്ച് മുൻ ദേശീയ ടീം അംഗവും ചീഫ് സിലക്ടറുമായിരുന്ന സന്ദീപ് പാട്ടീൽ രംഗത്ത്. മധ്യനിര ബാറ്റ്സ്മാൻ അജിൻക്യ രഹാനെയാണ് സന്ദീപ് പാട്ടീലിന്റെ വിമർശനത്തിന് ഏറ്റവുമധികം പാത്രമായത്. തട്ടീം മുട്ടീം കൂടുതൽ നേരം ക്രീസിൽ നിൽക്കാൻ ശ്രമിക്കുന്ന രഹാനെയെ പോലുള്ള താരങ്ങളാണ് ടീമിന്റെ തോൽവിക്ക് ഉത്തരവാദികളെന്ന് പാട്ടീൽ തുറന്നടിച്ചു. ടീമിലെ പ്രധാന താരങ്ങൾ ഇത്തരത്തിൽ തട്ടിമുട്ടി നിന്നാൽ എതിർ ടീമിന്റെ ബോളിങ് അതി ഗംഭീരമാണെന്ന് പിന്നാലെ വരുന്നവർ ധരിക്കും. രഹാനെയുൾപ്പെടെയുള്ളവർ ടീമിനെ സഹായിക്കാത്ത സമീപനം സ്വീകരിക്കുമ്പോൾ തിരുത്തിക്കൊടുക്കേണ്ട മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെയുള്ളവർ എവിടെയാണെന്നും സന്ദീപ് പാട്ടീൽ ചോദിച്ചു.

ടെസ്റ്റ് പരമ്പരയിൽ ഭേദപ്പെട്ട തുടക്കം ലഭിച്ച രഹാനെ നാല് ഇന്നിങ്സുകളിൽനിന്ന് 21.50 ശരാശരിയിൽ ആകെ നേടിയത് 91 റൺസ് മാത്രമാണ്. മധ്യനിരയിൽ രഹാനെ ഉൾപ്പെടെയുള്ള താരങ്ങളുടെ അമിത കരുതലും ശ്രദ്ധയുമാണ് ടീമിന്റെ മോശം പ്രകടനത്തിനു കാരണമെന്ന് സന്ദീപ് പാട്ടീൽ വിമർശിച്ചു. പരാജയപ്പെടുമെന്ന ഭയത്തിൽനിന്നാണ് ബാറ്റ്സ്മാൻമാർ തട്ടീം മുട്ടീം കളിക്കാൻ ശ്രമിക്കുന്നതെന്ന് സന്ദീപ് പാട്ടീൽ അഭിപ്രായപ്പെട്ടു. ‘മുട്ടിക്കളി’ കൊണ്ട് ടീമിന് യാതൊരു ഗുണവും ലഭിക്കില്ലെന്ന വിമർശനവുമായി ഒന്നാം ടെസ്റ്റിനു പിന്നാലെ ക്യാപ്റ്റൻ വിരാട് കോലിയും രംഗത്തെത്തിയിരുന്നു. ഈ വാദത്തെ സാധൂകരിക്കുന്നതാണ് സന്ദീപ് പാട്ടീലിന്റെ നിലപാടും.

‘ഈ സീസണിൽ മുംബൈയ്ക്കായി ആഭ്യന്തര തലത്തിൽ കളിക്കുമ്പോഴും അദ്ദേഹത്തിന്റെ (രഹാനെ) ബാറ്റിങ് മന്ദഗതിയിലായിരുന്നുവെന്ന് ഞാൻ കേട്ടു. പരാജയപ്പെടുമെന്ന ഭയത്തിൽനിന്നാണ് മുട്ടിക്കളിക്കാനുള്ള പ്രചോദനമുണ്ടാകുന്നത്. ചില മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള താരമാണ് അദ്ദേഹം. വിദേശത്ത് മികച്ച റെക്കോർഡുമുണ്ട്. ഇപ്പോൾ എല്ലാം ചരിത്രമായി മാറിയ മട്ടാണ്. ഇപ്പോൾ ഒരു ടെസ്റ്റ് കളിക്കാരനെന്ന ലേബലിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇതോടെ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽനിന്ന് പുറത്തായി. മാനുഷിക രീതിയിൽ ചിന്തിച്ചാൽ മികച്ച ടെസ്റ്റ് താരമാണെന്ന് തെളിയിക്കാനാകും ഇനി അദ്ദേഹത്തിന്റെ ശ്രമം. അതാണ് നമ്മൾ ന്യൂസീലൻഡിൽ ഉൾപ്പെടെ കണ്ടതും’ – പാട്ടീൽ ചൂണ്ടിക്കാട്ടി.

‘സാങ്കേതികമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് തെളിയിക്കാനുള്ള ശ്രമം കൂടിയാണ് ഈ മുട്ടിക്കളി. എന്തുവിലകൊടുത്തും ക്രീസിൽ തുടരുക എന്നതാണ് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം. വെറുതെ ക്രീസിൽ നിൽക്കാനാണെങ്കിൽ വല്ല സെക്യൂരിറ്റിക്കാരെയും വിളിച്ചാൽ പോരേ? ടീമിന് ആവശ്യമായ റൺസ് ആര് നേടും?’ – പാട്ടീൽ ചോദിച്ചു.

അതേസമയം, എതിരെ വരുന്ന എല്ലാ പന്തും അടിച്ചകറ്റാൻ ശ്രമിക്കണമെന്നല്ല താൻ പറയുന്നതെന്നും സന്ദീപ് പാട്ടീൽ വിശദീകരിച്ചു. ‘എല്ലാ പന്തും അടിച്ചുകളിക്കാൻ ശ്രമിക്കണമെന്നല്ല ഞാൻ പറയുന്നത്. മറിച്ച്, ഇത്രയേറെ സെഞ്ചുറികൾ നേടിയിട്ടുള്ള ഒരു താരത്തെ സംബന്ധിച്ച് ഇപ്പോഴത്തെ ഈ സമീപനം ശരിയല്ല എന്നാണ്. എന്നെപ്പോലുള്ള സാധാരണ കളിക്കാർ പോലും വിദേശത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇവരൊക്കെ ശരിക്കും ചാംപ്യൻമാരല്ലേ’ – പാട്ടീൽ പറഞ്ഞു.

ന്യൂസീലൻഡിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പരാജയത്തിൽ പരിശീലകൻ രവി ശാസ്ത്രിക്കും പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സന്ദീപ് പാട്ടീൽ പറഞ്ഞു. ‘തന്റെ കളിയിലെ പ്രശ്നം തിരിച്ചറിയാൻ രഹാനെയ്ക്ക് സാധിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കേണ്ടത് ആരാണ്? മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകനും എന്തെടുക്കുകയാണ്? ടീമിലെ ബാറ്റ്സ്മാൻമാരിലൊരാൾ ഒരു മോശം പ്രവണതയ്ക്കു തുടക്കമിടുന്നു. മറ്റുള്ളവരും അത് അനുകരിക്കുന്നു. ഇതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് ടീം ഒന്നാകെയാണ്. ഇങ്ങനെ മുട്ടിക്കളിക്കുന്ന ഒരു ബാറ്റ്സ്മാനു പിന്നാലെയെത്തുന്നവർ എതിർ ടീമിന്റെ ബോളിങ് അതിഗംഭീരമാണെന്നാകും കരുതുക. അതുകൊണ്ട് ഇവരെ തിരുത്തേണ്ടത് പരിശീലകരാണ്’ – സന്ദീപ് പാട്ടീല്‍ ചൂണ്ടിക്കാട്ടി.

English Summary: ‘If you want to just occupy crease, call a security guard’: India’s former chief selector slams Ajinkya Rahane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com