ADVERTISEMENT

ന്യൂഡൽഹി∙ ഐപിഎൽ ട്വന്റി20 പ്രൈസ് മണി നേർപ്പകുതിയാക്കി വെട്ടിച്ചുരുക്കിയത് സാമ്പത്തിക പ്രതിസന്ധി നിമിത്തമാണെന്ന റിപ്പോർട്ടുകൾ തള്ളി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ രംഗത്ത്. ഐപിഎല്ലിന്റെ തുടക്കകാലത്ത് ടീമുകൾ നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കരാറിനു പുറമെ നൽകിയിരുന്ന പ്രത്യേക സാമ്പത്തിക സഹായമാണ് നിർത്തലാക്കിയതെന്ന് ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി. ഐപിഎൽ ഫ്രാഞ്ചൈസികളുടെ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയും കൂടുതൽ സ്പോൺസർഷിപ്പുകളും കണക്കിലെടുത്താണ് തീരുമാനമെന്നും ബ്രിജേഷ് പട്ടേൽ വിശദീകരിച്ചു.

‘സമ്മാനത്തുക വെട്ടിച്ചുരുക്കിയ തീരുമാനം ചെലവു ചുരുക്കലിന്റെ ഭാഗമല്ല. ഫ്രാഞ്ചൈസികൾ ലാഭത്തിലാകുന്നതുവരെ ബിസിസിഐ കൂടുതൽ പണം നൽകാൻ തീരുമാനിച്ചത് 2013–14 സീസണിലാണ്. ഇത് ഔദ്യോഗിക കരാറിന്റെ ഭാഗമായിരുന്നില്ല. മറിച്ച് ഫ്രാഞ്ചൈസികളെ സഹായിക്കുന്നതിന് അനൗദ്യോഗികമായി കൈക്കൊണ്ട തീരുമാനമാണ്’ – ബ്രിജേഷ് പട്ടേൽ ചൂണ്ടിക്കാട്ടി.

സമ്മാനത്തുക വെട്ടിച്ചുരുക്കുന്നത് കളിക്കാരെ ബാധിക്കില്ലെന്നും പട്ടേൽ വിശദീകരിച്ചു. ‘ഈ പ്രൈസ് മണിയിൽ രണ്ടു ഘടകങ്ങളുണ്ട്. അതിലൊന്ന് കളിക്കാർക്കു ലഭിക്കുന്ന തുകയാണ്. അതിൽ മാറ്റമുണ്ടാകില്ല. രണ്ടാമത്തേത് ഫ്രാഞ്ചൈസിക്ക് ലഭിക്കുന്ന തുകയാണ്. ആ തുകയാണ് വെട്ടിക്കുറച്ചത്. ഇതുവരെ ലാഭത്തിലായില്ലെന്ന് വിവിധ ഫ്രാഞ്ചൈസികൾ 2013ൽ നിവേദനം നൽകിയ സാഹചര്യത്തിലാണ് ഈ തുക ബിസിസിഐ നൽകിത്തുടങ്ങിയത്. കളിക്കാർക്കുള്ള വേതനത്തെ ഫ്രാഞ്ചൈസികളുടെ സാമ്പത്തിക ബാധ്യത ബാധിക്കരുതെന്ന നിർബന്ധ ബുദ്ധിയും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. ഇപ്പോൾ ഫ്രാഞ്ചൈസികളെല്ലാം ലാഭത്തിലായിക്കഴിഞ്ഞു. ഇപ്പോൾ വെട്ടിക്കുറച്ച തുക അവരുടെ ലാഭവിഹിതത്തിൽ മാത്രമേ കുറവു വരുത്തൂ’ – പട്ടേൽ ചൂണ്ടിക്കാട്ടി.

ഈ മാസം 29ന് ആരംഭിക്കുന്ന സീസണിനു മുന്നോടിയായി എട്ടു ഫ്രാഞ്ചൈസികൾക്കും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അയച്ച സർക്കുലറിലാണ് പ്ലേ ഓഫിലെത്തുന്ന ടീമുകൾക്ക് വിതരണം ചെയ്തിരുന്ന 50 കോടി രൂപ നേർപ്പകുതിയായി വെട്ടുച്ചുരുക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇതോടെ, കിരീടജേതാക്കൾക്കുള്ള പ്രൈസ്മണി 20 കോടി രൂപയിൽനിന്ന് 10 കോടിയായി ചുരുങ്ങും. ഇതുപോലെ എല്ലാ സമ്മാനത്തുകയും നേർപകുതിയാക്കി. പ്രൈസ്മണി കുറച്ചതിനു പുറമേ ബിസിസിഐ ഒഫിഷ്യലുകൾക്കു യാത്രാനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ആഘോഷപൂർവം നടക്കാറുണ്ടായിരുന്ന ഉദ്ഘാടനച്ചടങ്ങും ഇക്കുറി വേണ്ടെന്നു വച്ചു.

ഐപിഎൽ മത്സരത്തിനു ഗ്രൗണ്ട് വിട്ടു നൽകുന്ന സംസ്ഥാന അസോസിയേഷന് ഫ്രാഞ്ചൈസികൾ നൽകേണ്ട ഫീസ് ഉയർത്തിയ നടപടിയേയും ബ്രിജേഷ് പട്ടേൽ ന്യായീകരിച്ചു. മൈതാനങ്ങൾ പരിപാലിക്കുന്നതിനുള്ള ചെലവ് വൻതോതിൽ വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 30 ലക്ഷത്തിനൊപ്പം വെറും 20 ലക്ഷം രൂപ മാത്രമാണ് വർധിപ്പിച്ചത്. ബിസിസിഐ നൽകേണ്ട തുകയും ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ട്. ഒരു രാജ്യാന്തര മത്സരം സംഘടിപ്പിക്കാനുള്ള ചെലവ് 1.5 കോടി രൂപയാണ്. ഈ സ്ഥാനത്താണ് ഐപിഎൽ മത്സരത്തിന് ഒരു കോടി രൂപയ്ക്ക് മൈതാനം വിട്ടുനൽകുന്നത്’ – പട്ടേൽ ചൂണ്ടിക്കാട്ടി.

∙ പുതിയ തീരുമാനങ്ങൾ

∙ വിജയികൾക്കു പ്രൈസ്മണി: 10 കോടി രൂപ ( കഴിഞ്ഞ സീസണിൽ ജേതാക്കളായ മുംബൈ ഇന്ത്യൻസിനു ലഭിച്ചത് 20 കോടി രൂപ)

∙ രണ്ടാം സ്ഥാനക്കാർക്ക് 6.25 കോടി (കഴിഞ്ഞ സീസണിൽ 12.5 കോടി)

∙ ക്വാളിഫയേഴ്സ് തോൽക്കുന്ന ടീമുകൾക്ക് (3, 4 സ്ഥാനക്കാർ) 4.375 കോടി (കഴിഞ്ഞ സീസണിൽ 8.75 കോടി)

∙ ബിസിസിഐ ഒഫിഷ്യൽസിനു ബിസിനസ് ക്ലാസ് യാത്ര നിർത്തലാക്കി.

∙ എട്ടു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള യാത്രകൾക്ക് ഇക്കോണമി ക്ലാസ്.

∙ ബിസിസിഐയിലെ രണ്ടോ മൂന്നോ പേർക്കൊഴികെ എല്ലാവർക്കും നിയന്ത്രണം ബാധകം

English Summary: IPL 2020: Slashing playoff purse not cost-cutting, says Chairman Brijesh Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com