ADVERTISEMENT

രാജ്യാന്തര ഏകദിനത്തിൽ ആദ്യ ഇരട്ടസെഞ്ചുറി നേടിയ താരമാരാണ്? സച്ചിൻ തെൻഡുൽക്കർ എന്നാകും ഏറെപ്പേരുടെയും നാവിൽ വരുന്ന പേര്. പുരുഷ ക്രിക്കറ്റ് മാത്രം പരിഗണിച്ചാൽ ഈ ഉത്തരം ശരിയാണ്. പക്ഷേ, സച്ചിനും മുൻപേ രാജ്യാന്തര ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ ഒരു വനിതാ താരമുണ്ട് എന്ന കാര്യം എത്ര പേർക്കറിയാം? ഓസ്ട്രേലിയൻ താരമായിരുന്ന ബെലിൻഡ ക്ലാർക്കാണ് രാജ്യാന്തര ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ ആദ്യ താരം!

ഇനി മറ്റൊരു ചോദ്യം: ഫുട്ബോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാരാണ്? ജർമനിയുടെ മിറോസ്ലാവ് ക്ലോസെ എന്നാകും സ്വാഭാവികമായ ഉത്തരം. ആകെ നേടിയത് 16 ഗോളുകൾ. എന്നാൽ, ഇതും പുരുഷ ഫുട്ബോളിനു മാത്രം ബാധകമാണ്. വനിതകളുടെ റെക്കോർഡ് അതുക്കും മേലെയാണ്. ബ്രസീലിന്റെ മാർത്ത അഞ്ചു ലോകകപ്പിൽനിന്നായി (2003–2019) നേടിയത് 17 ഗോളുകൾ! ക്ലോസെയേക്കാൾ ഒരു ഗോൾ കൂടുതൽ. കായിക മേഖലയിലെ വിവിധ ഇനങ്ങളിൽ ഇത്തരത്തിൽ പുരുഷ താരങ്ങളേക്കാൾ മികവു കാട്ടിയ വനിതാ താരങ്ങൾ വേറെയുമുണ്ട്. പുരുഷതാരങ്ങൾക്കു മുൻപേ നടക്കുന്ന അവരിൽ ചിലരെ പരിചയപ്പെടാം

∙ ബെലിൻഡ ഫസ്റ്റ്!

രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ആദ്യ ഡബിൾ സെഞ്ചുറി പിറന്നത് 2010ലാണ്. സച്ചിൻ തെൻഡുൽക്കറാണ് 200 എന്ന നാഴികകല്ല് പിന്നിട്ട ആദ്യ താരം. എന്നാൽ സച്ചിനുമുൻപെ ഈ നേട്ടം കൈവരിച്ച ഒരു വനിതയുണ്ട്–ഓസ്ട്രേലിയയുടെ ഓപ്പണറായിരുന്ന ബെലിൻഡ ക്ലാർക്ക്. ഒരു പുരുഷ താരം ഏകദിനക്രിക്കറ്റിൽ ഡബിൾ നേടുന്നതിനും പതിമൂന്നു വർഷം മുൻപെ ക്ലാർക്ക് ചരിത്രത്തിന്റെ ഭാഗമായി!  1997ലെ വനിതാ ലോകകപ്പിൽ ഡെൻമാർക്കിനെതിരെ മുംബൈയിൽ ബെലിൻഡ നേടിയത് പുറത്താവാതെ 229 റൺസ്.  

വനിതകളുടെ സച്ചിൻ തെൻഡുൽക്കർ എന്നാണ് ഈ ഓസിസ് മുൻ ക്യാപ്റ്റൻ അറിയപ്പെടുന്നത്. 1991ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ചു. ഒരു കാലത്ത് ബെലിൻഡ കുറിച്ച പല നേട്ടങ്ങളും വനിതാ ക്രിക്കറ്റിലെ  റെക്കോർഡായിരുന്നു. ഏകദിന ക്രിക്കറ്റ് കരിയറിൽ അവർ നേടിയ 4844 റൺസ് ഏറ്റവും ഉയർന്ന ടോട്ടലായിരുന്നു ഒരു കാലത്ത്. ടെസ്റ്റിലും ഏകദിനത്തിലും ബെലിൻഡയുടെ ബാറ്റിങ് ശരാശരി 45നു മുകളിലാണ്. ഏകദിന ക്രിക്കറ്റിലാണ് ബെലിൻഡ കൂടുതൽ ശോഭിച്ചത്. 118 ഏകദിനങ്ങളിൽനിന്നായി 5 സെഞ്ചുറികൾ, 30 അർധസെഞ്ചുറികൾ, 51 വിക്കറ്റുകൾ. മൂന്ന് ലോകകപ്പുകളിൽ ഓസ്ട്രേലിയയെ നയിച്ച അവർ രണ്ടു തവണ ലോകകപ്പ് ഏറ്റുവാങ്ങി (1997, 2005). 2000ൽ ടീമിനെ ഫൈനലിലേക്ക് നയിച്ചെങ്കിലും കലാശപോരാട്ടത്തിലെ ബെലിൻഡയുടെ 91 റൺസിനും ടീമിനെ രക്ഷിക്കാനായില്ല.

ഒരേ സമയം തന്നെ താരവും ക്യാപ്റ്റനും ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിന്റെ ചീഫ് എക്സിക്യൂട്ടീവുമായി പ്രവർത്തിച്ചു. ‍‍‍‍14 വർഷത്തെ മികച്ച കരിയറിനുശേഷം 2005ലാണ് ബെലിൻഡ വിരമിച്ചത്. പിന്നീട് കമന്റേറ്ററായി പ്രവർത്തിച്ചു. ക്രിക്കറ്റിലെ ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം നേടുമ്പോൾ മറ്റൊരു നേട്ടവും അവർ സ്വന്തമാക്കി– റേച്ചൽ ഫ്ളിന്റിനുശേഷം ഈ ബഹുമതി സ്വന്തമാക്കിയ ആദ്യ വനിത. 

∙ മറക്കാമോ മാർത്തയെ!

ഫുട്ബോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള റെക്കോർഡ് ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ പേരിലാണ്. ആകെ 16 ഗോളുകൾ. എന്നാൽ വനിതകളുടെ റെക്കോർഡ് ഇതിനും മേലെയാണ്. ബ്രസീലിന്റെ മാർത്ത അഞ്ചു ലോകകപ്പിൽനിന്നായി (2003–2019) നേടിത് 17 ഗോളുകൾ. 

വനിതാ ഫുട്ബോളിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT), ‘പാവാടയിട്ട പെലെ’ എന്നൊക്കെയാണ് ആറു തവണ ഫിഫയുടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട മാർത്ത വിയേര ഡാ സിൽവയെ വിശേഷിപ്പിക്കുന്നത്. 2006 മുതൽ 2010 വരെയും പിന്നെ 2018ലും മാർത്തയ്ക്കായിരുന്നു ഈ സമ്മാനം. 2007 ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും മികച്ച സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും മാർത്ത സ്വന്തമാക്കിയിട്ടുണ്ട്. 

അ‍ഞ്ചു ലോകകപ്പുകളിൽ ഗോളടിച്ച രണ്ടു താരങ്ങളിലൊരാളാണ് മാർത്ത. യുഎസ് (2003), ചൈന (2007), ജർമനി (2011), കാനഡ (2015), ഫ്രാൻസ് (2019 ) ലോകകപ്പുകളിലാണ് മാർത്ത മഞ്ഞക്കുപ്പായത്തിലിറങ്ങിയത്. രണ്ട് ഒളിംപിക് വെങ്കലമെഡലുകൾ. 152 രാജ്യാന്തര മൽസരങ്ങളിൽ മാർത്ത സ്വന്തമാക്കിയത് 107 ഗോളുകളാണ്. 2003, 2007 വർഷങ്ങളിൽ പാൻ അമേരിക്കൻ ഗെയിംസിലും ബ്രസീലിനെ ജേതാക്കളാക്കി.  

∙ ടെന്നിസിലെ മാർഗരറ്റ് ‘സെന്റർ’ കോർട്ട്

ഗ്രാൻസ്‌ലാം ടെന്നിസിൽ കൂടുതൽ കിരീടങ്ങൾ എന്ന വനിതകളുടെ റെക്കോർഡിന് അരനൂറ്റാണ്ടിലേറെക്കാലമായി മാറ്റമില്ല. ഏറ്റവും കൂടുതൽ സിംഗിൾസ് കിരീടങ്ങളും (24)  എല്ലാ വിഭാഗങ്ങളിലുമായി (സിംഗിൾസ്, ഡബിൾസ്, മിക്സഡ്) കൂടുതൽ കിരീടങ്ങളും (62) എന്ന നേട്ടം ഇന്നും ഒരു വനിതയുടെ പേരിലാണ്: ഓസ്ട്രേലിയയുടെ മാർഗരറ്റ് സ്മിത്ത് കോർട്ട് (രണ്ട് ഫൈനലുകൾ മോശം കാലാവസ്‌ഥ മൂലം നടന്നില്ല, അല്ലെങ്കിൽ കോർട്ടിന്റെ ആകെ കിരീടങ്ങൾ 64 ആകുമായിരുന്നു). പുരുഷവിഭാഗത്തിലെ റെക്കോർഡുകാർ ഏറെ പിന്നിൽ. കൂടുതൽ സിംഗിൾസ് കിരീടങ്ങൾ നേടിയത് റോജർ ഫെഡറർ  (20) ആണെങ്കിൽ എല്ലാ വിഭാഗങ്ങളിലുമായി കൂടുതൽ ഗ്രാൻസ്‌ലാം നേടിയത് റോയ് എമേഴ്സൺ (28). 

ടെന്നിസ് സിംഗിൾസിലും ഡബിൾസിലും ഒരു കാലത്ത് ലോക ഒന്നാം നമ്പർ താരമായിരുന്നു ഇവർ. കലണ്ടർ ഗ്രാൻസ്‍ലാം പട്ടം പൂർത്തിയാക്കിയ മൂന്നു വനിതകളിൽ ഒരാൾ. മിക്സഡ് ഡബിൾസിൽ ഗ്രാൻസ്‍ലാം പദവി രണ്ടു വട്ടം (1963, 65) കൈവരിച്ച ഏക താരം. ഓസ്ട്രേലിയയുടെ മാർഗരറ്റ് സ്മിത്ത് കോർട്ട് ടെന്നിസ് കോർട്ടിൽ കൊയ്ത നേട്ടങ്ങൾക്ക് തിളക്കമേറെ. ടെന്നിസിലെ നേട്ടങ്ങളുടെ പേരിൽ അവർക്ക് മറ്റൊരു പേരും വീണു– മാർഗരറ്റ് ‘സെന്റർ’ കോർട്ട് . ലോക ടെന്നിസിലെ പ്രധാന ഗ്രാൻസ്‍ലാം റെക്കോർഡുകൾ ഇന്നും ഇവരുടെ പേരിൽതന്നെയാണ്. കോർട്ടിന്റെ ആകെ ഗ്രാൻസ്‌ലാം കിരീടങ്ങളുടെ കാര്യത്തിൽ മറ്റൊരു പ്രത്യേകതയും ഉണ്ട്. ഓസ്‌ട്രേലിയൻ, ഫ്രഞ്ച്, യുഎസ്, വിമ്പിൾഡൻ എന്നിവയിലെ സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിവയിലെല്ലാം അവർ കിരീടം നേടിയിട്ടുണ്ട്.

നാലു ഗ്രാൻസ്‌ലാം കിരീടങ്ങളും ഒരേ കലണ്ടർ വർഷം നേടിയെടുക്കുക എന്ന അപൂർവ നേട്ടം കൈവരിച്ച മൂന്നു വനിതകളിൽ ഒരാളാണ് കോർട്ട് (1970). പക്ഷേ ഇതിനും മുകളിൽനിൽക്കും 1973ലെ അവരുടെ വിജയങ്ങൾ. അമ്മയായശേഷം നേടിയത് മൂന്നു ഗ്രാൻസ്‌ലാം കിരിടങ്ങൾ. മൂത്ത മകൻ ഡാനിയലിനെ പ്രസവിച്ചശേഷമായിരുന്നു അത്. അന്ന് യുഎസ് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ എന്നിവ നേടി. രണ്ടാമത്തെ കുട്ടി മരികയെ പ്രസവിച്ചശേഷവും കോർട്ട് ടെന്നിസിൽ സജീവമായിരുന്നു. ഇനി മറ്റൊരു കാര്യം കേട്ടാൽ നെറ്റി ചുളിക്കരുത്. 1971ലെ വിമ്പിൾഡനിൽ ഓസ്‌ട്രേലിയയുടെതന്നെ ഇവോൺ ഗൂലാഗോങ് കൗളിയോട് മൽസരക്കുമ്പോൾ മാർഗരറ്റ് കോർട്ട് ഗർഭിണിയായിരുന്നു. 

∙ അത്‍ലറ്റിക്സിലെ ‘ഫ്ലോ’

അത്‍ലറ്റിക്സിലെ 100, 200 മീറ്ററുകളിൽ ഉസൈൻ ബോൾട്ട് സ്വന്തമാക്കിയ ലോക, ഒളിംപിക് റെക്കോർഡുകൾക്ക് ഏറെ കാലപ്പഴക്കമില്ല (2008–2012). എന്നാൽ വനിതാ വിഭാഗത്തിലെ സ്പ്രിന്റ് റെക്കോർഡുകൾ മൂന്നു പതിറ്റാണ്ടുകളായി അമേരിക്കയുടെ ഫ്‌ളോറൻസ് ഗ്രിഫിത്ത് ജോയ്‌നർ എന്ന ഫ്ലോ ജോയുടെ പേരിലാണ്. 1988ലാണ് ഫ്ലോ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. 

ഒളിംപിക്‌സ് വേഗത്തിന്റെയും ദൂരത്തിന്റെയും മാത്രം കായികമേളയല്ല, മറിച്ച് നിറങ്ങളുടെകൂടി മഹാമേളയാണെന്ന് ലോകത്തെ അറിയിച്ച ട്രാക്കിലെ സൗന്ദര്യമായിരുന്നു ഫ്‌ളോറൻസ് ഗ്രിഫിത്ത് ജോയ്‌നർ എന്ന ഫ്‌ളോ ജോ. അത്‌ലറ്റിക്‌സിന് സൗന്ദര്യവും നിറവും ചാർത്തിയ ഫ്‌ളോയുടെ ജീവിതത്തിന്റെ തുടക്കം അത്ര നിറമുളളതായിരുന്നില്ല. കഷ്‌ടപ്പാടും യാതനകളും നിറഞ്ഞ ചെറുപ്പകാലമായിരുന്നു അവളുടെത്. 1959 ഡിസംബർ 21ന് ലോസ് ഏഞ്ചൽസിലെ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ഫ്‌ളോയുടെ ജനനം. പതിനൊന്ന് മക്കളിൽ ഏഴമതായി പിറന്ന ഫ്‌ളോ പട്ടിണിയോട് പടവെട്ടിയാണ് വളർന്നത് 1983ലെ ലോക അത്‌ലറ്റിക് മീറ്റിലൂടെയായിരുന്നു ഫ്‌ളോയെ കായികലോകം ശ്രദ്ധിച്ചുതുടങ്ങിയത്. അന്ന് നാലാമതെത്തിയ ഫ്‌ളോ 1984ൽ സ്വന്തം നാട്ടിൽ നടന്ന ഒളിംപിക്‌സിൽ 200 മീറ്റർ വെളളി നേടി അത്‌ലറ്റിക് രംഗത്ത് നിലയുറപ്പിച്ചു. പിന്നീട് അത്‌ലറ്റിക്‌സിൽ ഉയർച്ചയുടെ ഗ്രാഫ് ഒന്നൊന്നായി കയറുകയായിരുന്നു.

1987 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെള്ളിയും. 1988. സോൾ. ശീതയുദ്ധകാലത്തിനുശേഷം നടന്ന ആദ്യ ഒളിംപിക്‌സ്. ഫ്‌ളോ തയ്യാറെടുപ്പോടെയായിരുന്നു എത്തിയത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഈ കറുത്ത മുത്തിലേക്കായിരുന്നു. ഫ്‌ളോ നിരാശപ്പെടുത്തിയില്ല. 100 മീ., 200 മീ., റിലേ എന്നിവയിലായി മൂന്ന് സ്വർണവും ഒരു വെളളിയും നേടി ഫ്‌ളോ മേളയുടെ താരമായി. 1989ൽ വിടവാങ്ങൽ പ്രഖ്യാപിച്ചു. അതേ വർഷം വിവാഹം. ട്രാക്കിലെ കൂട്ടുകാരിയും അമേരിക്കൻ അത്‌ലറ്റുമായ ജോക്കി ജോയ്‌നർ കെയ്‌സിയുടെ സഹോദരനുമായ അൽ ജോയ്‌നറിനെ ജീവിതസഖിയാക്കി ഫ്‌ളോറൻസ് ഗ്രിഫിത്ത് ജോയ്‌നറായി. മുൻ ഒളിംപിക് ട്രിപ്പിൾ ജംപ് ചാംപ്യൻകൂടിയായിരുന്നു അൽ ജോയ്‌നർ. 1996 അറ്റ്‌ലാന്റാ ഒളിംപിക്‌സിൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരുക്കുമൂലം പിൻമാറേണ്ടിവന്നു. പിന്നീട് അപ്‌സ്‌മാരം പിടിപെട്ടു. 2000 സിഡ്‌നി ഒളിംപിക്‌സിൽ താൻ ഉണ്ടാവുമെന്ന് ഫ്‌ളോ ഉറപ്പിച്ചിരുന്നെങ്കിലും വിധി അതനുവദിച്ചില്ല. 

1998 സെപ്‌റ്റംബർ 21 ന് ഭർത്താവ് അൽ ജോയ്‌നറെയും പൊന്നുമോൾ മേരി റൂത്തിനെയും ഒറ്റയ്‌ക്കാക്കി ഓട്ടവും ചാട്ടവും ഫാഷനുമില്ലാത്ത ലോകത്തേക്ക് ഫ്‌ളോ പറന്നു. ഉറക്കത്തിനിടയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. മരണകാരണം ഇപ്പോഴും വ്യക്‌തമല്ല. അപസ്‌മാരമെന്ന് കുടുംബക്കാർ പറയുമ്പോൾ ഉത്തേജകമരുന്ന് അധികമായി ഉപയോഗിച്ചതാവാം മരണകാരണമെന്ന് ഒരു വാദമുണ്ട്.  

∙ ഇടിച്ചിടുന്ന ‘അമ്മ’

ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ കൂടുതൽ മെഡലുകൾ നേടിയ പുരുഷതാരം  ക്യൂബയുടെ ഫെലിക്സ് സാവനാണ്. 1986–99 കാലത്ത് സാവൻ  നേടിയത് ആറു സ്വർണവും ഒരു വെള്ളിയും. എന്നാൽ ഒരു വനിതയുടെ നേട്ടത്തിന് ഇതിനേക്കാൾ തിളക്കമുണ്ട്: ഇന്ത്യയുടെ മേരി കോം. ലോക ചാംപ്യൻഷിപ്പിൽ മേരി ‘ഇടിച്ചെടുത്തത്’ എട്ടു മെഡലുകൾ. ആറു സ്വർണം (2002, 05, 06, 08, 2010, 18) ഒരു വെള്ളി (2001), ഒരു വെങ്കലം (2019) 

പ്രായം 37. ഇരട്ടകളടക്കം മൂന്നു കുട്ടികളുടെ അമ്മ. രാജ്യസഭാംഗം. പക്ഷേ ഇതൊന്നും എം. സി. മേരി കോമിനെ ബോക്സിങ് റിങ്ങിൽനിന്ന് പിന്തിരിപ്പിക്കുന്നില്ല. വനിതകളുടെ ലോക ചാംപ്യൻഷിപ്പ് ആരംഭിച്ചിട്ട് 19 വർഷം കഴിഞ്ഞു. 2001ൽ ആരംഭിച്ച ലോക ചാംപ്യൻഷിപ്പിലെ മേരി കോമിന്റെ മെഡൽ കൊഴ്ത്ത് ഇപ്പോഴും തുടരുന്നു. 2019ലും അവർ ഒരു വെങ്കലമെഡൽ കഴുത്തിലണിഞ്ഞു. ഇക്കാലയളവിൽ പുതിയ ചാംപ്യൻമാർ വന്നു. ചിലർ  വിരമിച്ചു. മറ്റു ചിലർ പ്രഫഷണലായി. ഈ കാലങ്ങളിൽ മേരി പങ്കെടുത്ത പല ഇനങ്ങളും ഇന്ന് പുതിയ വിഭാഗങ്ങളിലേക്ക് മാറ്റപ്പെട്ടു. ഇതിനിടെ രണ്ടു തവണ ന്യൂഡൽഹിയിൽതന്നെ ലോക ചാംപ്യൻഷിപ്പ് വിരുന്നിനെത്തി.

2010ലെ ലോകചാംപ്യൻഷിപ്പിനുശേഷം മേരിക്കോം ലോകചാംപ്യനാകുന്നത് എട്ടു വർഷങ്ങൾക്കുശേഷം 2018ൽ. എട്ടു വർഷത്തെ ഇടവേള. ഈ എട്ടുവർഷത്തിനിടയിൽ മേരിയുടെ ജീവിത്തിലും പല മാറ്റങ്ങൾ വന്നു:  ഒരു കുട്ടിക്കുകൂടി ജന്മം നൽകി.  ഒരു ശസ്ത്രക്രിയ നടന്നു. 26 ചെറുകല്ലുകളാണ് അന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഇതിനിടെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുപ്പെട്ടു.   ഇക്കാലത്തിനിടിയിൽ  ഒന്നുകൂടിയുണ്ടായി: ഇന്ത്യയിൽ ബോക്സിങ് ആരാധകരുടെ എണ്ണം കൂടി. ഡൽഹിയിൽ ആദ്യമായി ലോക ടൂർണമെന്റ് നടക്കുമ്പോൾ ബന്ധുക്കളും അധികാരികളും മാത്രമാണ് കാണികളായി ഉണ്ടായിരുന്നതെങ്കിൽ ഡൽഹിയിൽ നടന്ന 2018ലെ ലോക പോരാട്ടത്തിന് വൻതിരക്കായിരുന്നെന്ന് മേരി സാക്ഷ്യപ്പെടുത്തുന്നു. 

രാജ്യത്തിനായി ഏറെ ചെയ്യാനുണ്ടെന്ന് തീരുമാനമെടുത്ത മേരി കോം ഇപ്പോഴും അമച്വർ രംഗത്തുതന്നെ നിലയുറപ്പിച്ചതാണ് ഇന്ത്യൻ ബോക്സിങ്ങിന്റെ ഭാഗ്യം. പ്രഫഷണലാകാൻ  പല ഭാഗത്തുനിന്ന് സമ്മർദമുണ്ടായെങ്കിലും അവർ ഇപ്പോഴും അമച്വർ രംഗത്തുറച്ചുനിൽക്കുന്നു. പണമല്ല രാജ്യമാണ് വലുതെന്നാണ് മേരിയുടെ വാദം. മേരിയുടെ ഇടിയുടെ പഞ്ച് ഈ അടുത്ത സമയത്തും ഇന്ത്യൻ കായികലോകം കണ്ടതാണ്. ബോക്സിങ് റിങ്ങിനു പുറത്ത് തന്നെ വെല്ലുവിളിച്ച നിഖാത് സരീൻ എന്ന ഇരുപത്തിമൂന്നുകാരിയെ എം.സി. മേരി കോം എന്ന മുപ്പത്തിയാറുകാരി തോൽപിച്ചത്  9–1 എന്ന സ്കോറിനായിരുന്നു. അതുവഴി ടോക്കിയോ ഒളിംപിക്സ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരവും മേരി നേടിയെടുത്തു. 2020 ടോക്കിയോ ഒളിംപിക്സിന്റെ ബോക്സിങ് അംബാസഡർമാരുടെ കൂട്ടത്തിൽ മേരി കോമിനെ നേരത്തെതന്നെ ഉൾപെടുത്തിയിട്ടുണ്ട്.  

പേരും പെരുമയുമൊക്കെ കൈവരുമ്പോഴും മേരി, വീട്ടമ്മ എന്ന ലേബലിൽ വ്യത്യസ്തയാണ്. സ്വന്തം വീട്ടിൽനിന്ന് മാറി നിൽക്കുമ്പോൾ ഏറ്റവും മിസ് ആകുന്നതെന്ത് എന്ന് മേരിയോട് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ തന്റെ കുട്ടികളും അടുക്കളയും എന്നായിരുന്നു മറുപടി.

English Summary: Lady Super Stars in Sports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com