ADVERTISEMENT

പുരുഷ താരങ്ങൾക്കു തുല്യമായ പ്രതിഫലം തങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ടത് വെറുതെയല്ല എന്ന് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ഒരിക്കൽ കൂടി തെളിയിച്ചു. കളിക്കാർക്കുള്ള പ്രതിഫലത്തിന്റെ കാര്യത്തിൽ നിലനിന്നിരുന്ന വേർതിരിവിനെതിരെ ശബ്ദമുർത്താൻ കാണിച്ച ആർജവം അവർ കളിക്കളത്തിലും കാണിച്ചതോടെ സ്വന്തമായത് പതിനൊന്നാം ലോക കിരീടം (ഏകദിനത്തിൽ–6, ട്വന്റി20യിൽ 5). പുരുഷ ടീമിന് ഏകദിന ലോകകപ്പിലെ 5 കിരീടങ്ങളാണുള്ളത്. വീറും വാശിയും മൈതാനത്തിന് അകത്തും പുറത്തും ഒരു പോലെ കാത്തുസൂക്ഷിക്കുന്നതിലും ഓസീസ് വനിതാ ടീം ഒട്ടും പിന്നിലല്ല.

ക്രിക്കറ്റിന്റെ മാന്യതയ്ക്കു പന്തു ചുരണ്ടൽ വിവാദം പോലുള്ളവയിലൂടെ കളങ്കം വീഴ്ത്തുകയും ഫോമില്ലായ്മയുടെ ഉയർച്ച– താഴ്ചകളിലൂടെ പലതവണ കടന്നുപോവുകയും ചെയ്ത പുരുഷ ടീമിനെക്കാൾ ‘മാന്യത’ അവർക്കുണ്ട് താനും. ‘മൈറ്റി ഓസീസ്’ എന്നു ക്രിക്കറ്റ് ലോകം ഒരുകാലത്ത് പേടിയോടെ വിളിച്ചിരുന്ന ഓസ്ട്രേലിയയുടെ പുരുഷ ടീമിനെ ആഘോഷിക്കുന്ന തിരക്കിൽ ഏകദിനത്തിലും ട്വന്റി20യിലുമായി 10 ലോകകീരീടങ്ങൾ ഉയർത്തിയിട്ടുള്ള ഓസ്ട്രേലിയയുടെ വനിതാ ടീമിന് ക്രിക്കറ്റ് ലോകം വേണ്ട പരിഗണന നൽകിയിട്ടില്ലെന്ന് പലതവണ ആക്ഷേപം ഉയർന്നിട്ടുള്ളതാണ്.

വനിതാ ദിനത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ 85000ൽ അധികം കാണികളെ സാക്ഷിയാക്കി തങ്ങളുടെ 11–ാം ലോകകിരീടം നേടിയ ഓസീസ് വനിതാ ടീമിനെ നൂറ്റാണ്ടിന്റെ അൽഭുതമെന്നാല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കാനാവുക? ക്രിക്കറ്റിന്റെ മാന്യതയ്ക്കു പലതവണ കളങ്കം വീഴ്ത്തുകയും ഫോമില്ലായ്മയുടെ ഉയർച്ച– താഴ്ചകളിലൂടെ പലതവണ കടന്നുപോവുകയും ചെയ്ത പുരുഷ ടീമുമായി താരതമ്യപ്പെടുത്തിയാൽ ക്രിക്കറ്റിലെ അതികായരായാണ് അന്നും ഇന്നും ഓസീസിന്റെ വനിതാ ടീം.

2008ൽ ആരംഭിച്ച വനിതാ ട്വന്റി20 ലോകകപ്പിന്റെ 7 എഡിഷനുകളിൽ 6 തവണയും ഫൈനൽ കടക്കുകയും അതിൽ 5 തവണ കപ്പ് ഉയർത്തികയും ചെയ്തതിൽ തന്നെ ഓസീസ് ടീമിന്റെ സ്ഥിരതയും ക്രിക്കറ്റ് മികവും വായിച്ചെടുക്കാവുന്നതാണ്. ശാരീരിക ക്ഷമതയ്ക്കപ്പുറം മാനസികമായ തയാറെടുപ്പാണ് ക്രിക്കറ്റിൽ അന്തിമ വിജയം നിർണയിക്കുന്നതെന്നും ഓസ്ട്രേലിയ തെളിയിച്ചു. അല്ലായിരുന്നെങ്കിൽ നിലവിലെ ചാംപ്യൻമാർ എന്ന ഗർവിൽ സ്വന്തം മണ്ണിൽ ലോകകപ്പ് കളിക്കാനിറങ്ങുകയും ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യയോടു ദയനീയമായി തോറ്റ ശേഷം അതേ ടീമിനെ ഫൈനലിൽ നിലംപരിശാക്കി കിരീടം ചൂടാൻ ഓസീസിനു കഴിയുമായിരുന്നില്ല.

ആദ്യ മത്സരത്തിൽ ഇന്ത്യയോടേറ്റ തിരിച്ചടിയെ അത്രകണ്ട് വിശകലനം ചെയ്തും തെറ്റുകൾ മറികടക്കാനുള്ള കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞുമാണ് ഓസീസ് ഫൈനലിന് ഇറങ്ങിയതെന്നു മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ വ്യക്തമായിരുന്നു. ആദ്യ മത്സരത്തിൽ തങ്ങളെ വരിഞ്ഞുകെട്ടിയ ഇന്ത്യൻ സ്പിന്നർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ‘ഓൾ ഔട്ട് അറ്റാക്ക്’ എന്ന രീതിയിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു ഓസീസിന്റെ തീരുമാനം. പദ്ധതി വിജയകരമായി നടപ്പാക്കിയ ഓസീസ്, മത്സരം ജയിച്ച പ്രതീതിയിലാണ് ആദ്യ ഇന്നിങ്സിൽ തന്നെ കളം വിട്ടത്. ‘മൈന്റ് ഗെയിം’ ക്രിക്കറ്റിൽ എത്രമാത്രം പ്രധാനമാണെന്നുള്ളതിന്റെ ഒരു ഓസീസ് ഉദാഹരണം.

കളിക്കാർക്കുള്ള വേതനത്തിന്റെ കാര്യത്തിൽ നിലനിന്ന വേർതിരിവിനെതിരെ ശബ്ദമുർത്താൻ ഓസീസ് വനിതാ ടീം കാണിച്ച ആർജവം ക്രിക്കറ്റ് ലോകം കണ്ടതാണ്. ഒടുവിൽ പുരുഷ താരങ്ങൾക്കു തുല്യമായ വേതനം വനിതാ താരങ്ങൾക്കും ഉറപ്പുവരുത്തുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ഉറപ്പു നൽകിയതോടെ അടർന്നുവീണത് ക്രിക്കറ്റ് ലോകം വർഷങ്ങളായി അണിഞ്ഞുപോന്നിരുന്ന അസമത്വത്തിന്റെ മേലാപ്പുകൂടിയായിരുന്നു.

English Summary: Australian Women's Cricket Team Wins T20 World Cup In History-Making Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com