sections
MORE

1985ലും ഇന്ത്യയ്ക്ക് ‘ലോകകപ്പ്’ കിട്ടി, ശാസ്ത്രിക്ക് ഔഡി കാറും; ഇന്ന് 35 വയസ്

ravi-shastri-audi-car
1985ൽ ലഭിച്ച ഔഡി കാറുമായി ശാസ്ത്രി.
SHARE

എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന്  വിസ്‌ഡൻ അൽമനാക് വിശേഷിപ്പിച്ചത് സുനിൽ ഗാവസ്‌കറുടെ നേതൃത്വത്തിലുള്ള 1985ലെ ഇന്ത്യൻ ടീമിനെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിസ്‌മരണീയ നിമിഷങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട് 2002ലാണ് 1985ലെ ടീമിനെ നൂറ്റാണ്ടിന്റെ ഇന്ത്യൻ ടീമായി വിസ്‌ഡൻ പ്രഖ്യാപിച്ചത്. 1985ൽ ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമായിരുന്നു അത്. ഇന്ത്യൻ ക്രിക്കറ്റിന് 1983, 2007, 2011 ലോകകപ്പ് വിജയങ്ങൾക്കൊപ്പം പ്രധാനപ്പെട്ട  ഒന്നാണ് ഈ കിരീടവും. 1983 ലോകകപ്പ് നേട്ടത്തെ പലരും അപ്രതീക്ഷിത വിജയം എന്നു വിശേപ്പിക്കാറുണ്ടെങ്കിലും, ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോക കിരീടനേട്ടം ആധികാരികമായ വിജയം തന്നെയായിരുന്നു. ആ വിജയത്തിന്റെ 35–ാം വാർഷികമാണിന്ന്.

ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനത്തിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ചാണ് ഏഴു രാജ്യങ്ങളെ പങ്കെടുപ്പിച്ച് ലോകക്രിക്കറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചത്. പ്രശസ്‌തരായ ബെൻസൺ ആൻഡ് ഹെഡ്‌ജസ് കമ്പനിയായിരുന്നു സ്‌പോൺസർമാർ. 1985 ഫെബ്രുവരി 17നാണ് ടൂർണമെന്റിന് തുടക്കമായത്. അന്ന് ലോകകപ്പ് ജേതാക്കൾ എന്ന നിലയിൽ ഇന്ത്യ ക്രിക്കറ്റ് ശക്‌തിയായി മാറിയിരുന്നെങ്കിലും വെസ്‌റ്റിൻഡീസിനായിരുന്നു കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. 

പ്രാഥമിക റൗണ്ടിൽ ഇന്ത്യ നേരിട്ട മൂന്നു രാജ്യങ്ങളെയും നല്ല മാർജിനിൽത്തന്നെ പരാജയപ്പെടുത്തി. സെമിയിൽ ന്യൂസീലൻഡായിരുന്നു എതിരാളികൾ. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിലെത്തി. രണ്ടാം സെമിയിൽ പാക്കസിസ്‌ഥാൻ വെസ്‌റ്റിൻഡീസിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നു. രാഷ്‌ട്രീയ പ്രാധാന്യമുളള യുദ്ധം എന്നാണ് ഓസ്‌ട്രേലിയൻ പത്രങ്ങൾ ഫൈനലിനെ വിശേഷിപ്പിച്ചത്.

1985 മാർച്ച് 10, ഞായറാഴ്‌ച. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ അന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടുമ്പോൾ സ്‌റ്റേഡിയത്തിലെ കാണികളുടെ എണ്ണം മതി കളിയുടെ ആവേശം വിളിച്ചോതുവാൻ. 35,296 പേരാണ് മത്സരം സ്റ്റേഡിയത്തിലെത്തി വീക്ഷിച്ചത്. ആതിഥ്യ രാഷ്‌ട്രം പങ്കെടുക്കാതെ ഓസ്‌ട്രേലിയയിൽ ഇത്രയേറെ കാണികൾ ക്രിക്കറ്റ് കാണാൻ എത്തിയത് അപൂർവം.

ടോസ് നേടിയ പാക്ക് ക്യാപ്‌റ്റൻ ജാവേദ് മിയാൻദാദ് ബാറ്റിങ് തിരഞ്ഞെടുത്തു. കപിൽദേവിന്റെയും എൽ. ശിവരാമകൃഷ്‌ണന്റെയും മൂർച്ചയേറിയ ബോളിങ്ങിനുമുന്നിൽ പാക്ക് പട തകർന്നടിഞ്ഞു. 33 റൺസെടുക്കുമ്പോഴേയ്ക്കും അവർക്ക് നാലു വിക്കറ്റ് നഷ്ടമായി. അല്‍പമെങ്കിലും പിടിച്ചുനിന്നത് മിയാൻദാദും ഇമ്രാൻ ഖാനും മാത്രം. മിയാൻദാദ് 92 പന്തിൽ 48 റൺസെടുത്തു. ഇമ്രാൻ 67 പന്തിൽ 35 റൺസും. പിന്നീട് വസിം രാജ 26 പന്തിൽ പുറത്താകാതെ 21 റൺസ് കൂടി നേടിയതോടെ 50 ഓവർ പൂർത്തിയാകുമ്പോൾ പാക്കിസ്‌ഥാൻ സ്കോർ ബോർഡിലെത്തിയത് 176 റൺസ്. അതും ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ. ഇന്ത്യയ്ക്കായി കപിൽ, ശിവരാമകൃഷ്ണൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടായ രവി ശാസ്‌ത്രി– ശ്രീകാന്ത് സഖ്യത്തെ തകർക്കാൻ പാക്ക് ബോളിങ് നിരയ്‌ക്കായില്ല. സ്കോർ ബോർഡിൽ 103 റൺസ് എത്തിയപ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്‌ടപ്പെടുന്നത്. 77 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 67 റൺസ് സംഭാവന ചെയ്‌ത ശ്രീകാന്താണ് ആദ്യം പുറത്തായത്. ഈ മത്സരത്തിൽ ആകെ പിറന്ന രണ്ടു സിക്സറുകളും ഇതാണ്. 148 പന്തിൽ മൂന്നു ഫോറുകളോടെ 63 റൺസെടുത്ത് പുറത്താകാതെ നിന്ന ശാസ്‌ത്രി മികച്ച പോരാട്ടമാണ് നടത്തിയത്. മുഹമ്മദ് അസ്‌ഹറുദീൻ 25 പന്തിൽ 25 റൺസെടുത്ത് ഉറച്ച പിന്തുണ നൽകി. ദിലീപ് വെങ്സർക്കാർ 32 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്നു. 17 പന്തു ബാക്കിനിൽക്കെ ഇന്ത്യ അനായാസം വിജയത്തിലെത്തി.

32,000 ഡോളറാണ് അന്ന് ഇന്ത്യൻ ടീമിന് സമ്മാനമായി ലഭിച്ചത്. ശ്രീകാന്ത് കളിയിലെ താരമായും ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് രവി ശാസ്‌ത്രി ചാംപ്യൻമാരുടെ ചാംപ്യനായും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലാകെ അഞ്ച് മത്സരങ്ങളിൽനിന്ന് 182 റൺസാണ് ശാസ്ത്രി നേടിയത്. മാത്രമല്ല, എട്ടു വിക്കറ്റും സ്വന്തമാക്കി. അതിന് ശാസ്‌ത്രിക്ക് ലഭിച്ചതാകട്ടെ മിന്നിത്തളങ്ങുന്ന ഒരു ഔഡി–100 കാർ. ക്യാപ്‌റ്റനെന്ന നിലയിൽ സുനിൽ ഗാവസ്‌കറുടെ അവസാന മൽസരവും ഇതായിരുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ച വിടവാങ്ങൽ അദ്ദേഹം വച്ചുതാമസിപ്പിച്ചില്ല. തന്നെ നായകസ്‌ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ഗാവസ്‌കർ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.

English Summary: Benson and Hedges World Championship of Cricket 1985, India Vs Pakistan Final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA