ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാവി നിശ്ചയിക്കാൻ മുംബൈയിൽ യോഗം ചേർന്ന് ബിസിസിഐ നേതൃത്വവും ക്ലബ് ഉടമകളും. ഈ മാസം 29ന് മുംബൈയിൽ ചെന്നൈ സൂപ്പർ കിങ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തോടെ ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ, കൊറോണ വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 15 വരെ നീട്ടിവച്ചതായി ബിസിസിഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐ ഉന്നതരും ക്ലബ് അധികൃതരും കൂടിക്കാഴ്ച നടത്തിയത്. ഐപിഎല്ലിന്റെ നടത്തിപ്പിനായി ഏഴോളം മാർഗങ്ങൾ യോഗത്തിൽ ചർച്ചയായെന്നാണ് സൂചന.

ഐപിഎൽ മത്സരങ്ങൾ അടച്ചിട്ട മൈതാനത്തു നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും കേന്ദ്രസർക്കാർ നിലപാടു കടുപ്പിച്ചതോടെ ഐപിഎൽ ഏപ്രിൽ 15ലേക്കു നീട്ടിവയ്ക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് രണ്ടു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 80ൽ അധികം പേർക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചു.

‘ഇപ്പോഴത്തെ സാഹചര്യത്തിൽ ഐപിഎൽ എന്നു തുടങ്ങുമെന്ന് പറയാൻ ആർക്കും കഴിയില്ല. രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞ് സാഹചര്യം വിലയിരുത്തിയശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്താൻ കഴിയൂ. അപ്പോഴേക്കും കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ’ – ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിനുശേഷം കിങ്സ് ഇലവൻ‌ പഞ്ചാബ് ഉടമകളിൽ ഒരാളായ നെസ് വാഡിയ പ്രതികരിച്ചു.

അതേസമയം, മുൻ നിശ്ചയിച്ചപ്രകാരം ഐപിഎൽ ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ സീസണിലേക്കായി ബദൽ മാർഗങ്ങളും യോഗത്തിൽ ചർച്ചയായതായി ബോർഡ് പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഐപിഎൽ നടത്തിപ്പിന് ഏഴോളം ബദൽ മാർഗങ്ങളാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞത്.

‘ടീം ഉടമകളും ബിസിസിഐ അധികൃതരും തമ്മിലുള്ള ചർച്ചയിൽ ആറോ ഏഴോ ബദൽ മാർഗങ്ങളാണ് ടൂർണമെന്റ് നടത്തിപ്പിനായി ഉയർന്നുവന്നത്. മത്സരങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി ഐപിഎൽ സംഘടിപ്പിക്കുകയാണ് അതിലൊന്ന്’ – ബോർഡ് പ്രതിനിധി പിടിഐയോടു പറഞ്ഞു.

‘രണ്ടാമത്തെ മാർഗമെന്ന നിലയിൽ ചർച്ചയ്ക്കു വന്നത് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഏറ്റവും മികച്ച നാലു ടീമുകൾ പ്ലേ ഓഫിലേക്കു മുന്നേറുന്നതാണ്. മൂന്നാമത്തെ മാർഗം, ഡബിൾ ഹെഡറുകളുടെ (ശനി, ഞായർ ദിവസങ്ങളിൽ രണ്ടു മത്സരങ്ങൾ വീതം നടത്തുന്ന രീതി) എണ്ണം വർധിപ്പിക്കുകയാണ്’ – ബിസിസിഐ പ്രതിനിധി പറഞ്ഞു.

നാലമാത്തെ വഴി, മത്സരങ്ങൾ ഏതാനും വേദികളിലേക്കു മാത്രമായി ചുരുക്കുകയാണ്. അങ്ങനെ വരുമ്പോൾ കളിക്കാരുടെയും പരിശീല, ടെലിവിഷൻ സംഘങ്ങളുടെയും യാത്രകൾ പരമാവധി ചുരുക്കാനാകും. മുൻനിശ്ചയിച്ച 60 മത്സരങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ പൂർത്തിയാക്കാനും എല്ലാ മത്സരങ്ങളും അടച്ചിട്ട വേദികളിൽ നടത്താനുമാണ് മറ്റൊരു നിർദ്ദേശം. അതേസമയം, ഐപിഎൽ വേദി വിദേശത്തേക്കു മാറ്റുന്ന കാര്യം ചർച്ചയ്ക്കു വന്നതേയില്ലെന്നും ബോർഡ് പ്രതിനിധി വ്യക്തമാക്കി. ലോക വ്യാപകമായി ഇതുവരെെ 5000ൽ അധികം പേർ കോവിഡ് 19 ബാധിച്ച് മരിച്ചു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടൂർണമെന്റിന്റെ സാമ്പത്തിക വശത്തിന് അമിത പ്രാധാന്യം നൽകില്ലെന്ന് നെസ്സ് വാഡിയ വ്യക്തമാക്കി. ഇക്കാര്യത്തിൽ ബിസിസിഐയ്ക്കും ഐപിഎല്ലിനും സ്റ്റാർ സ്പോർട്സിനും വ്യക്തമായ ധാരണയുണ്ട്. മനുഷ്യ ജീവനു തന്നെയാണ് എല്ലാവരും പ്രാമുഖ്യം കൽപ്പിക്കുന്നത്. സാമ്പത്തിക നേട്ടമൊക്കെ അതിനു ശേഷമേ വരൂ. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഐപിഎൽ നടത്തിപ്പിന്റെ കാര്യത്തിൽ ഈ മാസം തന്നെ എന്തെങ്കിലും തീരുമാനമെടുക്കാനാകുമെന്ന് കരുതുന്നില്ല. സാഹചര്യം മെച്ചപ്പെടാനായി കാത്തിരിക്കുക മാത്രമാണ് വഴി’ – വാഡിയ ചൂണ്ടിക്കാട്ടി.

‘കൊറോണ വൈറസ് ബാധയുടെ കാര്യത്തിൽ വ്യക്തതയുണ്ടാകുന്നതു വരെ അന്തിമ തീരുമാനമെടുക്കാനാകില്ല. അതിന് മൂന്നോ നാലോ ആഴ്ചയെടുക്കും. വിദേശ താരങ്ങൾക്ക് ഇനി എന്നത്തേക്കാണ് ഇന്ത്യയിലെത്താനാകുക എന്നതാണ് അടുത്ത ചോദ്യം. അക്കാര്യത്തിലും വ്യക്തതയില്ല. നിലവിൽ ഏപ്രിൽ 15 വരെ യാത്രാവിലക്കുണ്ട്. അതിനുശേഷം ബാക്കി നോക്കാം. ഐപിഎൽ നടന്നാൽ നല്ലത്. നടന്നില്ലെങ്കിലും അങ്ങനെ തന്നെ’ – വാഡിയ പറഞ്ഞു.

English Summary: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com