ADVERTISEMENT

രാജ്കോട്ട്∙ ഈ വിജയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നോ ജയ്ദേവ് ഉനദ്കട്ട്? രഞ്ജി ട്രോഫി ട്രോഫി കിരീടത്തിൽ മുത്തമിട്ട് രണ്ടാം ദിവസം സൗരാഷ്ട്ര ക്യാപ്റ്റനിതാ തന്റെ വിവാഹവും പ്രഖ്യാപിച്ചിരിക്കുന്നു. കൂട്ടുകാരി റിന്നിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ട്വിറ്ററിലൂടെയാണ് ഉനദ്കട്ട് പങ്കിട്ടത്. റിന്നിയുമൊത്തുള്ള ചിത്രത്തോടൊപ്പം ഉനദ്കട്ട് കുറിച്ചതിങ്ങനെ: ‘ആറു മണിക്കൂർ, രണ്ടു വിരുന്നുകൾ, ഒരു കേക്ക് പങ്കുവയ്ക്കൽ..’. രഞ്ജി കിരീടം ചൂടിയ സൗരാഷ്ട്ര ടീമിൽ ഉനദ്കടിന്റെ സഹതാരമായ ഇന്ത്യൻ താരം ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ളവർ ക്യാപ്റ്റന് ആശംസകളുമായി രംഗത്തെത്തി.

∙ ജയ്ദേവ് ‘ഉനദ്കപ്പ്’ !

‘ഒരു റെക്കോർഡിനെക്കുറിച്ചും ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ഞങ്ങളുടെ ലക്ഷ്യം ഈ ട്രോഫി മാത്രമായിരുന്നു’– രഞ്ജി ട്രോഫിയിലെ ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തുന്ന താരം എന്ന റെക്കോർഡ് ഒരു വിക്കറ്റ് വ്യത്യാസത്തിൽ നഷ്ടപ്പെട്ടതിൽ വിഷമമുണ്ടോ എന്നു ചോദിച്ചവരോട് സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട്ടിന്റെ മറുപടി. ‘ടീമിന്റെ ക്യാപ്റ്റനായി ബോളറോ?’ എന്നു മുഖം ചുളിച്ചവർക്കും ഐപിഎല്ലിലെ ‘പാഴായിപ്പോയ പർച്ചേസ്’ എന്നു കളിയാക്കിയവർക്കുമുള്ള മറുപടിയാണ് ജയ്‌ദേവ് ഉനദ്കട്ട് എന്ന ഇരുപത്തിയെട്ടുകാരന് ഈ കിരീടനേട്ടം. ടീം വർക്കിന്റെ പിൻബലത്തിൽ കിരീടം സ്വന്തമാക്കിയ സൗരാഷ്ട്ര അതിനേറ്റവും കടപ്പെട്ടിരിക്കുന്നതും മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റനോടു തന്നെ.

1950–51 സീസണിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച സൗരാഷ്ട്ര ടീമിന് തങ്ങളുടെ ആദ്യ ഫൈനൽ കളിക്കാൻ 2013 വരെ കാത്തിരിക്കേണ്ടി വന്നു. പക്ഷേ, അന്നു മുംബൈയോട് ഏകപക്ഷീയമായി തോൽക്കാനായിരുന്നു വിധി. പിന്നീട് 2016ൽ വീണ്ടും ഫൈനലിൽ. എതിരാളികൾ മുംബൈ തന്നെ. മത്സര ഫലവും സമാനം. 2018–19 സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ പതറിപ്പോയെങ്കിലും സീസൺ പകുതിയായപ്പോൾ ക്യാപ്റ്റൻസി ഏറ്റെടുത്ത ഉനദ്കട്ടിന്റെ നേതൃപാടവത്തിന്റെ ബലത്തിൽ സൗരാഷ്ട്രയ്ക്കു 3–ാം ഫൈനൽ.

കഴിഞ്ഞ 2 ഫൈനലുകളിലും തങ്ങളെ തകർത്ത മുംബൈയെ ഗ്രൂപ്പ് സ്റ്റേജിൽ പിന്തള്ളിയായിരുന്നു സൗരാഷ്ട്ര നോക്കൗട്ടിലേക്ക് കടന്നത്. എന്നാൽ ഫൈനലിൽ വിദർഭയോട് 78 റൺസിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങാനായിരുന്നു വിധി. 2–ാം ഇന്നിങ്സിൽ 206 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര കപ്പുയർത്തുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും ജയം വിദർഭയ്ക്കൊപ്പം നിന്നു.

രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര എന്നീ പേരുകൾ മാറ്റിനിർത്തിയാൽ ആഭ്യന്തര ക്രിക്കറ്റിൽ മാത്രം കരുത്തുതെളിയിച്ച സംഘവുമായാണു സൗരാഷ്ട്ര ഇത്തവണയും രഞ്ജി പോരാട്ടത്തിനെത്തിയത്. ദേശീയ മത്സരങ്ങൾ കളിക്കേണ്ടതിനാൽ അവർ രണ്ടുപേരും പലപ്പോഴും ടീമിനൊപ്പം ഇല്ലായിരുന്നു. പേരിനു മാത്രം രാജ്യാന്തര മത്സരങ്ങൾ കളിച്ച ക്യാപ്റ്റൻ ജയ്‌ദേവ് ഉനദ്കട്ടും ര‍ഞ്ജിയിലെ ‘ജൂനിയർ വസീം ജാഫർ’ എന്നറിയപ്പെടുന്ന ഷെൽഡൻ ജാക്സനും ഉൾപ്പെടുന്ന കൊച്ചു ടീം. പക്ഷേ, രാജ്യാന്തര താരങ്ങളല്ല, ടീമിന്റെ ഒത്തൊരുമയും പോരാട്ടവീര്യവുമാണു ടീമിന്റെ ഭാവി നിർണയിക്കുകയെന്ന പരിശീലകൻ നീരജ് ഒഡേദ്രയുടെ വാക്കുകൾ സത്യമാണെന്നു തെളിയിക്കുന്നതായി സൗരാഷ്ട്രയുടെ പ്രകടനം.

ഫൈനലിൽ അനുസ്തൂപ് മജുംദാറും അർണബ് നന്ദിയും 7–ാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്ത് ബംഗാളിനു വിജയപ്രതീക്ഷ നൽകിയപ്പോൾ സൗരാഷ്ട്ര ക്യാംപിൽ 4–ാം ഫൈനൽ ദുരന്തത്തിന്റെ ആശങ്ക പരന്നു. മജുംദാറെ വിക്കറ്റിനു മുന്നിൽ കുരുക്കിയും തൊട്ടു പിന്നാലെ എത്തിയ ആകാശ് ദീപിനെ അവിശ്വസനീയമായി റൺഔട്ട് ആക്കിയും സൗരാഷ്ട്രയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് ക്യാപ്റ്റൻ ഉനദ്കട്ട് തന്നെ. ഒടുവിൽ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ ബംഗാളിനെ തകർത്ത് തങ്ങളുടെ കന്നി രഞ്ജി കിരീടവുമായി മടങ്ങുമ്പോൾ സൗരാഷ്ട്ര തങ്ങളുടെ വിജയരഹസ്യം വിളിച്ചു പറഞ്ഞു; മുന്നിൽ നിന്നു നയിക്കുന്ന ക്യാപ്റ്റൻ, ഒറ്റക്കെട്ടായി ഒരു ടീം!

English Summary: Jaydev Unadkat announces engagement, Cheteshwar Pujara wishes teammate on finding 'love of his life'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com