ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക വ്യാപകമായി ആളുകൾ അതീവ കരുതലും ജാഗ്രതയും പുലർത്തുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം സെൽഫിയെടുക്കാനുള്ള ശ്രമവുമായി ആരാധിക. വിമാനത്താവളത്തിൽനിന്ന് താരം പുറത്തുവരുന്നതിനിടെയാണ് ഒരു യുവതി സെൽഫിക്കായി അടുത്തുകൂടിയത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിച്ചെത്തിയ കോലി, യുവതിയുടെ ആവശ്യം ഗൗനിക്കാതെ നടന്നുനീങ്ങി. അപ്പോഴേക്കും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ യുവതിയെ തടയുന്നുമുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

അതേസമയം, ഏതു വിമാനത്താവളത്തിൽവച്ചാണ് സംഭവമെന്നത് വ്യക്തമല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനായി ധരംശാലയിൽനിന്ന് ലക്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധരംശാലയിലെ ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനു പിന്നാലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രണ്ടും മൂന്നും ഏകദിനങ്ങൾ ബിസിസിഐ റദ്ദാക്കിയിരുന്നു. എന്നാൽ, അതിനു മുൻപായി ഇന്ത്യൻ ടീം ലക്നൗവിൽ എത്തിയിരുന്നു.

അതിനിടെ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ ആഹ്വാനത്തെ പിന്തുണച്ച് കോലിയും ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പ്രതികരണം. ‘കോവിഡ് 19 സൃഷ്ടിക്കുന്ന ഭീഷണിയെ നേരിടാൻ ജാഗരൂകരായിരിക്കുക, മുൻകരുതലെടുക്കുക, അവബോധം നേടുക. ഉത്തരവാദിത്തമുള്ള പൗരന്‍മാരെന്ന നിലയിൽ, പൊതുജനാരോഗ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷ്കർഷിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്’ – കോലി ട്വിറ്ററിൽ കുറിച്ചു.

‘കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന എല്ലാ മെഡിക്കൽ പ്രഫഷനലുകളെയും എടുത്തുപറഞ്ഞേ തീരൂ. വ്യക്തിശുചിത്വം പാലിച്ച് സ്വന്തം കാര്യത്തിലും ചുറ്റുമുള്ളവരുടെ കാര്യത്തിലും കരുതലെടുത്ത് നമുക്ക് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം’ – മറ്റൊരു ട്വീറ്റിൽ കോലി കുറിച്ചു. ഇതിനു പിന്നാലെ ബോളിവുഡ് താരവും ഭാര്യയുമായ അനുഷ്ക ശർമയ്ക്കൊപ്പം കോവിഡിനെതിരായ ബോധവൽക്കരണവുമായി ഒരു ലഘുവിഡിയോയും കോലി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് ചേർന്നുനിന്ന് മാർച്ച് 22ന് രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപതു വരെ ജനതാ കർഫ്യൂ ആചരിക്കാൻ നമുക്ക് കൈകൾ കോർക്കാം. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ഏറ്റവുമധികം സംയമനം പാലിക്കേണ്ട സമയമാണിത്’ – രവി ശാസ്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളായ രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, അജിൻക്യ രഹാനെ, ഉമേഷ് യാദവ്, കുൽദീപ് യാദവ് തുടങ്ങിയവരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ചും ജനതാ കർഫ്യൂ എന്ന നിർദ്ദേശം പാലിക്കാൻ ആരാധകരെ ആഹ്വാനം ചെയ്തും ട്വിറ്ററിലൂടെ രംഗത്തെത്തി.

English Summary: Coronavirus impact? Virat Kohli refuses selfie with a fan - watch video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com