ADVERTISEMENT

മുംബൈ∙ കോവി‍ഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ തങ്ങിയ ലക്നൗവിലെ ഹോട്ടലിൽ താമസിച്ച ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനും ‘കൊറോണക്കുരുക്ക്’. ബ്രിട്ടനിൽനിന്ന് തിരിച്ചെത്തിയശേഷം ഉത്തർപ്രദേശിലെ ലക്നൗവിൽ കനിക കപൂർ താമസിച്ചത് ദക്ഷിണാഫ്രിക്കൻ താരങ്ങൾ താമസിച്ച ഹോട്ടലിലാണെന്ന് ഉത്തർപ്രദേശ് അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. മാർച്ച് 11 മുതൽ നഗരത്തിലുണ്ടായിരുന്ന കനിക കപൂറിന്റെ റൂട്ട് മാപ്പ് കണ്ടെത്താൻ പ്രാദേശിക ഭരണകൂടത്തിലെയും യുപി ആരോഗ്യ വകുപ്പിലെയും ആയിരത്തോളം അംഗങ്ങൾ ഉൾപ്പെടുന്ന 100 ടീമുകളാണ് ശ്രമം നടത്തുന്നത്. ഇതിനിടെയാണ്, ലക്നൗവിലെ ‘ദക്ഷിണാഫ്രിക്കൻ ബന്ധ’വും പുറത്തുവന്നത്.

കനികയുമായി സമ്പർക്കത്തിൽ വരാനിടയുള്ള 22,000 പേരെയാണ് ശനിയാഴ്ച മാത്രം അധികൃതർ പരിശോധിച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. വേറൊരു സംഘം ലക്നൗവിൽ കനിക താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ വിഡിയോ ഫുട്ടേജുകളും സിസിടിവിയും പരിശോധിച്ചു.

‘ഹോട്ടലിലെ ഭക്ഷണ ശാലയിൽ കനിക ഭക്ഷണം കഴിക്കാനെത്തിയതായും ലോബിയിൽ നിരവധി സന്ദർശകരെ സ്വീകരിച്ചതായും വ്യക്തമായിട്ടുണ്ട്. ഇതേസമയത്ത്, ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിനായി ലക്നൗവിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമും അവിടെ തങ്ങിയിരുന്നു (ഈ മത്സരം പിന്നീട് കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചു). ഹോട്ടലിൽ നടന്ന ഒരു വാർത്താ ചാനലിന്റെ വാർഷിക കോൺക്ലേവിലും കനിക പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള ആളുകളെ കണ്ടെത്താൻ സിസിടിവി ഫുട്ടേജുകൾ വ്യാപകമായി പരിശോധിച്ച് വരികയാണ്’ – നിരീക്ഷണ ചുമതലയുള്ള സംഘത്തിലെ ഒരു അംഗം വെളിപ്പെടുത്തി.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഏകദിന പരമ്പര റദ്ദാക്കിയതോടെ ദക്ഷിണാഫ്രിക്കൻ ടീം നാട്ടിലേക്കു തിരിച്ചുപോയിരുന്നു. ചട്ടമനുസരിച്ച് നാട്ടിലെത്തിയ ഉടൻ ടീമംഗങ്ങളെല്ലാം ക്വാറന്റീനിൽ പ്രവേശിച്ചു. 14 ദിവസത്തോളം ഇവർ ക്വാറന്റീനിൽ തുടരും. ഇതിനിടെയാണ് താരങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ കോവിഡ് ബാധിതയും ഉണ്ടായിരുന്നതായി തെളിഞ്ഞത്. അതേസമയം, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ എല്ലാ കായിക മത്സരങ്ങളും 60 ദിവസത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.

English Summary: South Africa cricket team was in same hotel where Kanika Kapoor stayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com