ADVERTISEMENT

ദുബായ്∙ ‘ഇപ്പോഴും കളത്തിൽ സജീവമായിട്ടുള്ളവരോ വിരമിച്ചവരോ ആയ ബാറ്റ്സ്മാൻമാരിൽ ഏറ്റവും നന്നായി പുൾഷോട്ട് കളിക്കുന്നത് ആരാണ്? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ’ – രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഞായറാഴ്ച ട്വിറ്ററിൽ കുറിച്ച ചോദ്യമാണിത്. ഒപ്പം നാലു താരങ്ങളുടെ ചിത്രവും കൊടുത്തു: വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ്, ഓസ്ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കൻ താരം ഹെർഷേൽ ഗിബ്സ്, പിന്നെ ഇന്ത്യൻ നായകൻ വിരാട് കോലിയും.

പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം ഈ പോസ്റ്റ് ട്വിറ്ററിൽ തരംഗമായി. പക്ഷേ, ആരാധകർ കൂട്ടത്തോടെ മറുപടിയുമായി എത്തിയപ്പോഴാണ് ഐസിസിക്ക് അമളി പിണഞ്ഞെന്ന് മനസ്സിലായത്. ചോദ്യത്തിന് ഓപ്ഷൻസ് ആയി കൊടുത്ത നാലു പേരിൽനിന്ന് ഉത്തരം തിരഞ്ഞെടുത്തത് ചുരുക്കം ചില ആരാധകർ മാത്രം. പകരം ഏറെപ്പേരും ഉത്തരമായി കുറിച്ചത് ഓപ്ഷൻസിൽ ഇല്ലാത്ത ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ പേര്! അക്ഷരങ്ങളായും ചിത്രങ്ങളായും രോഹിത് ശർമയെന്ന ഉത്തരം ട്വീറ്റിനു താഴെ നിറയുന്നതിനിടെ സാക്ഷാൽ രോഹിത് ശർമയും പ്രതികരണവുമായെത്തി.

ഐസിസിയുടെ ചോദ്യം റീട്വീറ്റ് ചെയ്ത് രോഹിത് ട്വിറ്ററിൽ കുറിച്ചതിങ്ങനെ: ‘ഇക്കൂട്ടത്തിൽ ആരോ ഒരാൾ കുറവില്ലേ?? വീട്ടിലിരുന്നുള്ള ജോലി അത്ര എളുപ്പമല്ലെന്ന് തോന്നുന്നു’ – തന്റെ ചിത്രം ഒഴിവാക്കിയ ഐസിസിയെ ‘ട്രോളി’ പാതി കളിയായും പാതി കാര്യമായും രോഹിത് കുറിച്ചു. ഇതോടെ കളംമാറ്റി ചവിട്ടിയ ഐസിസി, പാക്കിസ്ഥാനെതിരെ രോഹിത് ശർമ പുൾഷോട്ടിലൂടെ നേടിയ പഴയൊരു സിക്സിന്റെ വിഡിയോ പങ്കുവച്ച് ഇങ്ങനെയെഴുതി: ‘ഫെയർ പ്ലേ, രോഹിത്’!

ഐസിസിയുടെ ചോദ്യം റീട്വീറ്റ് ചെയ്ത ഇന്ത്യൻ താരം ഹർഭജൻ സിങ് ഉത്തരമായി ചേർത്തത് ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്, രോഹിത് ശർമ എന്നിവരുടെ പേര്. ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സനും ഐസിസിയുടെ ഓപ്ഷൻസിൽ ഇല്ലാത്ത പേരാണ് ഉത്തരമായി കുറിച്ചത്; ദക്ഷിണാഫ്രിക്ക മുൻ താരം ആൻഡ്രൂ ഹഡ്സൻ. അതേസമയം, ആരാധകരിൽ ചിലർ സച്ചിന്റെ പുൾഷോട്ടിന്റെ ചിത്രങ്ങളും താഴെ കമന്റായി ചേർത്തു. ഹെൽമറ്റ് പോലു ഉപയോഗിക്കാതെ സധൈര്യം പന്തുകൾ പുൾഷോട്ടിലൂടെ അതിർത്തി കടത്തിയിരുന്ന റിച്ചാർഡ്സ് തന്നെ ഹീറോ എന്ന തരത്തിലും കണ്ടു, കുറേ ഉത്തരങ്ങൾ!

English Summary: Rohit Sharma takes dig at ICC over best pull shot tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com