ADVERTISEMENT

വെല്ലിങ്ടൻ∙ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ നിലച്ചതോടെ, ‘പണി കിട്ടിയ’വരുടെ കൂട്ടത്തിൽ ന്യൂസീലൻഡ് മുൻ താരം ഇയാൻ ഒബ്രീനും. വിരമിച്ചശേഷം ഭാര്യയും മക്കളുമൊത്ത് യുകെയിൽ സ്ഥിരതാമസമാക്കിയ ഒബ്രീൻ, ചികിത്സയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ന്യൂസീലൻഡിലെത്തിയത്. ലോകവ്യാപകമായി കോവിഡ് ഭീതി പടർന്നുപിടിച്ചതോടെ യുകെയിലേക്കു മടങ്ങാൻ ഉദ്ദേശിച്ചതിലും നേരത്തെ ഒബ്രീൻ ടിക്കറ്റും ബുക്കു ചെയ്തു. പക്ഷേ, മൂന്നു തവണ ടിക്കറ്റ് ബുക്കു ചെയ്തെങ്കിലും ആ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. ഇതോടെ ന്യൂസീലൻഡിൽ കുടുങ്ങിയ അവസ്ഥയിലായി താരം.

സ്വന്തം നാട്ടിലാണെന്ന ആശ്വാസമുണ്ടെങ്കിലും, ഒബ്രീനെ വിഷമിപ്പിക്കുന്നത് അതൊന്നുമല്ല. ഒബ്രീന്റെ ഭാര്യ റോസിക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ട്. മക്കൾ രണ്ടുപേരും തീരെ ചെറുപ്പം. ഒപ്പമുള്ള അമ്മയ്ക്കാണെങ്കിൽ വയസ്സ് 80 കഴിഞ്ഞു. രോഗിയായ ഭാര്യയ്ക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് ഒബ്രീന്റെ വിഷമം. ഈ സമയത്ത് അവൾക്ക് ആശ്വാസമേകേണ്ട തനിക്ക് കൂടെ നിൽക്കാൻ പറ്റിയില്ലെന്നും അദ്ദേഹം വിലപിക്കുന്നു. 2005–2009 കാലഘട്ടത്തിൽ ന്യൂസീലൻഡിനായി 22 ടെസ്റ്റും 10 ഏകദിനവും നാലു ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഒബ്രീൻ.

‘ഈ വൈറസിന് അവളുടെ ജീവനെടുക്കാനാകും. രണ്ടു കൊച്ചു കുട്ടികളും 80 വയസ്സ് പിന്നിട്ട അമ്മയുമൊത്ത് അവൾ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് എന്റെ ആശങ്ക. ഒപ്പം നിന്ന് അവളുടെ വിഷമം പങ്കുവയ്ക്കേണ്ട ആളാണ് ഞാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ അവളുടെ വിഷമം കൂട്ടാൻ മാത്രമേ എന്നേക്കൊണ്ടു പറ്റുന്നുള്ളൂ’ – ഒബ്രീൻ പറഞ്ഞു.

യുകെയിൽ തിരിച്ചെത്താൻ ഒബ്രീൻ പലവഴിക്കും ശ്രമിച്ചുനോക്കി. ഒട്ടേറെ പണവും ചെലവഴിച്ചു. ഒന്നും വിജയിച്ചില്ല. ചൊവ്വാഴ്ച ഒരിക്കൽക്കൂടി ടിക്കറ്റ് ബുക്കു ചെയ്തിരുന്നെങ്കിലും ആ വിമാനവും റദ്ദാക്കി. തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെപ്പേരുണ്ടെന്ന് ഒബ്രീൻ ചൂണ്ടിക്കാട്ടി.

‘സത്യത്തിൽ ഞാൻ ഭാഗ്യവാനാണ്. ഒന്നും വിജയിച്ചില്ലെങ്കിലും മൂന്നു തവണ ടിക്കറ്റെടുക്കാനെങ്കിലും പറ്റി. ഇതൊന്നും സാധിക്കാത്ത മറ്റുള്ളവരുടെ കാര്യമോ? ഇപ്പോഴത്തെ എന്റെ അവസ്ഥ വളരെ പരിതാപകരമാണ്. പക്ഷേ ആരോടു പരാതിപ്പെടാൻ? ഇതിനേക്കാൾ വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന ആളുകളില്ലേ. എനിക്ക് ഭാര്യയുടെ കാര്യമോർത്തു മാത്രമേ വേദനയുള്ളൂ. എനിക്ക് എത്രയും വേഗം തിരിച്ചുപോകണം. രണ്ടാഴ്ച ക്വാറന്റീനിൽ കഴിഞ്ഞാലും അതിനുശേഷം അവളെ പരിചരിക്കണം’ – ഒബ്രീൻ പറഞ്ഞു.

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒബ്രീൻ ന്യൂസീലൻഡിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ന്യൂസീലൻഡിൽ എത്തിയശേഷമാണ് കൊറോണ വൈറസ് ബാധ കൂടുതൽ ഭീകരമായതും വിമാന സർവീസുകളെ ഉൾപ്പെടെ ബാധിച്ചതും.

‘പിടിച്ചുനിൽക്കാൻ എനിക്ക് ഈ ചികിത്സ അത്യാവശ്യമായിരുന്നു. കഴിഞ്ഞ 6–7 മാസമായി അത്രയേറെ വേദനകളിലൂടെയാണ് കടന്നുപോകുന്നത്. നാട്ടിലേക്കു മടങ്ങാനായില്ലെങ്കിലും കുഴപ്പമില്ല. ഇന്നലെ കുറച്ചുനേരം കരഞ്ഞു. ഇന്നു രാവിലെ വിമാനത്താവളത്തിലെത്തിയപ്പോൾ വീണ്ടും വിമാനം റദ്ദാക്കിയെന്നറിഞ്ഞ് രണ്ടു തുള്ളി കണ്ണീർ കൂടി വീഴ്ത്തി. ഈ യാത്ര എന്നെ സംബന്ധിച്ച് വളരെയേറെ ആശ്വാസപ്രദമായിരുന്നു. പക്ഷേ, ആഗ്രഹിച്ച രീതിയിൽ അവസാനിപ്പിക്കാൻ പറ്റിയില്ല. എല്ലാം ഉടൻ ശരിയാകുമെന്നാണ് പ്രതീക്ഷ’ – ഒബ്രീൻ പറഞ്ഞു.

English Summary: Former New Zealand Cricketer Iain O'Brien Fears For Wife's Life After Being Stranded Due To Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com