sections
MORE

റിച്ചഡ്സിനൊപ്പം ക്രിക്കറ്റ്; സച്ചിനൊപ്പം ഫോട്ടോഷൂട്ട്

sachin-cricket-test
കരിയറിലെ തന്റെ അവസാന ക്രിക്കറ്റ് ടെസ്റ്റിനിടെ മാധ്യമപ്രവർത്തകർക്കൊപ്പം സച്ചിൻ തെൻഡുൽക്കർ (ഫയൽ ചിത്രം). ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
SHARE

2007, 2011 ക്രിക്കറ്റ് ലോകകപ്പുകളും 2013ലെ സച്ചിൻ തെൻഡുൽക്കറുടെ വിടവാങ്ങൽ ടെസ്റ്റും റിപ്പോർട്ട് ചെയ്ത ജയൻ മേനോൻ എഴുതുന്നു... 

പതിമൂന്ന് വർഷമായി അൽപം നിറമൊക്കെ മങ്ങിയ ഒരു ഇളംപച്ച ടീഷർട്ട് അലമാരയിലുണ്ട്. 13 വർഷത്തോളം തന്നെ നീണ്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള യാത്രകളിൽ ഇന്നും ഒളിമങ്ങാതെ ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നത്, വെസ്റ്റിൻഡീസ് കടൽത്തീരങ്ങളിലെ ഉപ്പുവെള്ളം പുരണ്ട ഈ ടീ ഷർട്ടാണ്.

കരീബിയൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സർ വിവിയൻ റിച്ചഡ്സിനും റിച്ചി റിച്ചഡ്സനും ഒപ്പം ബീച്ചിൽ ക്രിക്കറ്റ് കളിക്കാനും  സ്നേഹം പങ്കിടാനും ലഭിച്ച അവസരം... ഒരു ക്രിക്കറ്റ് റിപ്പോർട്ടർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ.  

 ക്രിക്കറ്റിന്റെ സ്വപ്ന ദ്വീപുകൾ

2007 ലായിരുന്നു കരീബീയൻ ദ്വീപുകളിലെ ലോകകപ്പ് മൽസരങ്ങൾ. ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ ടീം പുറത്തായതോടെ ഇന്ത്യയുടെ താൽപര്യങ്ങൾ അവസാനിച്ചു.  ബോബ് വൂമറുടെ ദുരൂഹമരണവും ചർച്ചകളും കഴിഞ്ഞാൽ ക്രിക്കറ്റിന്റെ കണക്കുകളിൽ മാത്രമായിരുന്നു പിന്നെ ഇന്ത്യൻ പത്രപ്രവർത്തകർക്കു താൽപര്യം. അതിനിടയിലാണ് ഈ സുന്ദരമുഹൂർത്തം വീണു കിട്ടിയത്.

സെന്റ് ജോൺസിൽനിന്ന് 20 കിലോമീറ്റർ അകലെ സാൻഡ് ഹെവൻ ബീച്ചിൽ ഒരു പകൽ. ഒപ്പം ഇന്ത്യയിൽ നിന്നുള്ള മറ്റു മാധ്യമ പ്രവർത്തകർ. ഏറെപ്പേരും ഇന്ത്യയുടെ ചരിത്രപരമായ 2004 ലെ പാക്കിസ്ഥാൻ പരമ്പര തൊട്ടേ അറിയാവുന്നവർ.  വാട്ടർ ബൈക്കിൽ കയറി അര മണിക്കൂർ യാത്ര കഴിഞ്ഞ് എത്തിയപ്പോൾ തീരത്ത് ക്രിക്കറ്റ് മൽസരത്തിനുള്ള ഒരുക്കം. ഇന്റർനാഷനൽ മീഡിയ ടീമും ആന്റിഗ്വ–ബാർബുഡ ടീമും തമ്മിൽ 15 ഓവർ ബീച്ച് ക്രിക്കറ്റ്. മറുവശത്തു നിരന്ന ടീമിനെ കണ്ടപ്പോഴാണ് ഞങ്ങളുടെ കണ്ണ് തള്ളിയത്.

ക്യാപ്റ്റൻ ആന്റിഗ്വ ടൂറിസം മന്ത്രി ഹാരോൾഡ് ലോവൻ. ടീമിൽ സർ വിവിയൻ റിച്ചഡ്സ്, റിച്ചി റിച്ചഡ്സൻ, കർട്‌ലി ആംബ്രോസ്... പിന്നെ ആന്റിഗ്വയുടെ പഴയകാല കളിക്കാരും. ‘സ്വർഗം തേരിലേറി വന്നതോ... സ്വപ്നം പീലി വീശി നിന്നതോ...’ എന്നു പാടി കളിക്കളമായ തിരമാലകളിലേക്കു നടക്കുമ്പോൾ ഞങ്ങൾക്ക് ചെറിയ അഹങ്കാരം ഉണ്ടായിരുന്നോ എന്നു സംശയിക്കണം....  അതു സ്വാഭാവികമാണെന്ന് സുഹൃത്തുക്കളുടെ കമന്റ്.

 ഇതിഹാസത്തിന്റെ മടക്കം 

കപിൽ ദേവിന്റെ പടയാളികൾ 1983 ൽ കുറിച്ച ചരിത്രം 2011 ൽ ധോണിയുടെ പടയാളികൾ ആവർത്തിക്കുമ്പോൾ അത്, സച്ചിൻ തെൻഡുൽക്കർ എന്ന ഇതിഹാസത്തിനു വേണ്ടിയുള്ള ഒരു കിരീട ധാരണം കൂടിയായിരുന്നു. ‘സച്ചിൻ...  ഇതു നിനക്കായി ഞങ്ങൾ കുറിച്ച വിജയം..’ എന്നു പാടി സച്ചിനെയും ചുമലിൽ ഇരുത്തി, ധോണിയും യുവ്‌രാജും വാങ്കഡെ സ്റ്റേഡിയത്തിനു ചുറ്റും വിക്ടറി ലാപ് ഓടുമ്പോൾ കോരിത്തരിച്ചാണ് ഞങ്ങൾ മാധ്യമപ്പട ഇരുന്നത്. 

സച്ചിൻ തെൻഡുൽക്കർ എന്ന ഇതിഹാസത്തിന്റെ വീരകഥകൾ ഏറെ കുറിച്ചതു കൊണ്ടു തന്നെ ആ ‘ചരിത്രം’ പാഡഴിക്കുന്നതു നേരിൽ കാണണമെന്ന് ഏറെ കൊതിച്ചിരുന്നു. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ അതു സംഭവിച്ചു. ‘‘ 22 വാരയ്ക്കു ചുറ്റും 24 വർഷവും ഒരു ദിവസവും നീണ്ട ചരിത്രം അവസാനിച്ചു.’’ എന്നു കുറിച്ചു കൊണ്ട് വാങ്കഡെ സ്റ്റേഡിയത്തിന്റെ പുൽത്തികിടിയിൽ നിൽക്കുമ്പോൾ ആ നിമിഷം ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല.

പു‍ഞ്ചിരിച്ചു കൊണ്ട് ഡ്രസിങ് റൂമിൽനിന്ന് ഇറങ്ങി വന്നു സച്ചിൻ. അത്രയും നാൾ തന്റെ കുറ്റവും കുറവും ചൂണ്ടിക്കാട്ടി, വിമർശിച്ചും സ്നേഹിച്ചും ഒപ്പം നിന്ന് മാധ്യമസംഘത്തിനൊപ്പം അൽപ നിമിഷം. എല്ലാവരെയും ഒപ്പം ചേർത്തു നിർത്തിയുള്ള ഒരു ഫോട്ടോ സെഷൻ. ഞങ്ങളുടെ ഫൊട്ടോഗ്രഫർ ആർ.എസ്.ഗോപൻ ആ നിമിഷങ്ങൾ പകർത്തി. തൊപ്പിയും റൈറ്റിങ് പാഡും എന്നു വേണ്ട, കയ്യിൽ കിട്ടിയതിലെല്ലാം കയ്യൊപ്പ് പതിച്ചു നൽകുന്ന സച്ചിൻ... സ്വപ്നസമാനമായ ഏതാനും മിനിറ്റുകൾ....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA