sections
MORE

മര്യാദയ്ക്ക് അകത്തിരിക്കണം, ഇല്ലെങ്കിൽ...; മങ്കാദിങ് വാർഷികത്തിൽ വീണ്ടും അശ്വിൻ!

ashwin-mankading-2
ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കുന്ന അശ്വിൻ.
SHARE

ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‍ലറിനെ കിങ്സ് ഇലവൻ പഞ്ചാബ് നായകനായിരുന്ന രവിചന്ദ്രൻ അശ്വിൻ ‘മങ്കാദിങ്’ എന്ന വിവാദ മാർഗത്തിലൂടെ പുറത്താക്കിയത് ആരാധകർ മറന്നിട്ടുണ്ടാകില്ല. ക്രിക്കറ്റ് ലോകത്തെ തന്നെ രണ്ടു തട്ടിലാക്കിയ ഈ വിവാദ സംഭവത്തിന് ഇന്ന് ഒരു വയസ് പൂർത്തിയാകുകയാണ്. ഇന്നേക്ക് കൃത്യം ഒരു വർഷം മുൻപ് 2019 മാർച്ച് 25ന് രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലാണ് ഈ മത്സരം അരങ്ങേറിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ ഈ പുറത്താക്കൽ, സ്വതവേ ശാന്തനായ അശ്വിനെ ഒട്ടേറെ ഇന്ത്യൻ ആരാധകരുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു. മുൻ താരങ്ങളും വിദേശ താരങ്ങളും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് വിവാദ വിഷയത്തിൽ അശ്വിനെതിരെ രംഗത്തെത്തിയത്.

കൗതുകമതല്ല. ആരാധർക്കു മുന്നിൽ തന്റെ വിലയിടിച്ച ആ വിവാദ സംഭവത്തിന്റെ ചിത്രം കൊറോണ വൈറസ് വ്യാപനത്തിനെതിരായ ബോധവൽക്കരണത്തിന് ഉപയോഗിക്കുകയാണ് അശ്വിൻ! കൊറോണ വൈറസ് വ്യാപനത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അശ്വിൻ, മങ്കാദിങ് വിവാദത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഇതേ സംഭവത്തെ ആധാരമാക്കി ബോധവൽക്കരണത്തിന് തുനിഞ്ഞത്. ബട്‍ലറിനെ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കുന്ന ചിത്രം പങ്കുവച്ച് അശ്വിൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ:

‘ഹ ഹ ഹ, ഈ റണ്ണൗട്ട് സംഭവിച്ചിട്ട് കൃത്യം ഒരു വർഷമായെന്ന് ഓർമിപ്പിച്ച് ഒരാൾ എനിക്ക് അയച്ചുതന്ന ചിത്രമാണിത്. രാജ്യം ലോക്ക്ഡൗണിലായ ഈ സമയത്ത്, എല്ലാവർക്കുമുള്ള നല്ലൊരു മുന്നറിയിപ്പാണിത്. പുറത്തിറങ്ങി കറങ്ങരുത്. എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരാകുക’ – അശ്വിൻ ട്വീറ്റ് ചെയ്തു.

നേരത്തെ, വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തിൽ നിൽക്കാത്ത സാഹചര്യത്തിൽ ട്വിറ്ററിൽ തന്റെ പേരു മാറ്റിയും അശ്വിൻ രംഗത്തെത്തിയിരുന്നു. ആളുകൾക്ക് ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശത്തോടെ ‘lets stay indoors India’ എന്നാണ് അശ്വിന്റെ ട്വിറ്ററിലെ പുതിയ ‘പ്രൊഫൈൽ നെയിം’. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളോട് വീടിനുള്ളിൽത്തന്നെ കഴിയാനുള്ള ആഹ്വാനമാണിതെന്ന് വ്യക്തം. ഇതിനു പുറമെ, വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാർ ശ്രമങ്ങളോട് സഹകരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അശ്വിൻ ട്വീറ്റ് ചെയ്തു:

‘നമുക്കു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് (ഇതിൽ ആധികാരികമായവയും പരിഭ്രാന്തി സൃഷ്ടിക്കുന്നവയുമുണ്ട്) അടുത്ത രണ്ടാഴ്ച (വൈറസ് വ്യാപനം തടയുന്നതിൽ) വളരെ സുപ്രധാനമാണെന്ന് വ്യക്തമാണ്. ഈ കാലയളവിൽ ഇന്ത്യയിലെ എല്ലാ നഗരങ്ങളും ആളൊഴിഞ്ഞുതന്നെ കിടക്കണം. കാരണം, കൈവിട്ടുപോയാൽ ഇതു വലിയ ദുരന്തത്തിലേ അവസാനിക്കൂ’ – അശ്വിൻ കുറിച്ചു.

∙ അശ്വിന്റെ മങ്കാദിങ്

ഇനി അന്ന് സംഭവിച്ചതെന്തെന്ന് നോക്കാം. രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ക്രിസ് ഗെയ്‍ലിന്റെ അർധസെഞ്ചുറി കരുത്തിൽ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ജോസ് ബട്‌ലർ – അജിങ്ക്യ രഹാനെ സഖ്യത്തിന്റെ കരുത്തിൽ വിജയമുറപ്പിച്ചു മുന്നേറുമ്പോഴായിരുന്നു രാജസ്ഥാന്റെ നടുവൊടിച്ച് അശ്വിന്റെ മങ്കാദിങ്. 13–ാം ഓവറിന്റെ അഞ്ചാം പന്ത് എറിയാൻ അശ്വിൻ തയാറെടുക്കുമ്പോൾ 12.3 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിയിലായിരുന്നു രാജസ്ഥാൻ. 44 പന്തും ഒൻപതു പന്തും ബാക്കിനിൽക്കെ അവർക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് 77 റൺസ് മാത്രം.

എന്നാൽ അഞ്ചാം പന്ത് എറിയാനെത്തിയ അശ്വിൻ റണ്ണപ്പിനുശേഷം ആക്ഷനു തുടക്കമിട്ടെങ്കിലും ഇടയ്ക്കുവച്ച് നിർത്തി. ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ബട്‌ലർ അശ്വിനെ ശ്രദ്ധിക്കാതെ ക്രീസിലുള്ള സഞ്ജുവിനെ മാത്രം നോക്കി പതുക്കെ ക്രീസിനു പുറത്തേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ബോളിങ് ആക്ഷൻ പാതിവഴിക്ക് നിർത്തിയ അശ്വിൻ, ബട്‌ലർ ക്രീസിനു പുറത്താണെന്ന് ഉറപ്പാക്കി സ്റ്റംപിളക്കി. ശേഷം ഔട്ടിന് അപ്പീൽ ചെയ്തു.

അശ്വിനുമായി ബട്‌ലർ ഏറെ നേരം തർക്കിച്ചെങ്കിലും റീപ്ലേയിൽ ബട്‍ലർ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അംപയർ ഔട്ട് അനുവദിച്ചു. അനിഷ്ടം തുറന്നു പ്രകടിപ്പിച്ചാണ് ബട്‍ലർ മൈതാനം വിട്ടത്. 43 പന്തു നേരിട്ട ബട്‌ലർ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 69 റൺസാണെടുത്തത്.

∙ എന്താണു മങ്കാദിങ്?

നോൺ സ്ട്രൈക്കിങ് എൻഡിലുള്ള ബാറ്റ്സ്മാനെ പന്ത് എറിയുന്നതിനു മുൻപു ബോളർ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. 1947ലെ ടെസ്റ്റ് പരമ്പരയിൽ ഓസീസ് ബാറ്റ്സ്മാൻ ബിൽ ബ്രൗണിനെ ഇന്ത്യൻ താരം വിനു മങ്കാദ് രണ്ടു വട്ടം ഇത്തരത്തിൽ റണ്ണൗട്ടാക്കിയതോടെയാണു മങ്കാദിങ് എന്ന വാക്കിന്റെ പിറവി. സ്പോർട്സ്മാൻ സ്പിരിറ്റിനു നിരക്കാത്ത മങ്കാദിങ് ക്രിക്കറ്റിൽനിന്ന് ഒഴിവാക്കണമെന്നു സുനിൽ ഗാവസ്കർ അടക്കമുള്ള താരങ്ങൾ ശക്തമായി വാദിക്കുന്നുണ്ട്, എന്നാൽ നിലവിൽ മങ്കാദിങ് കുറ്റകരമല്ല. രാജ്യാന്തര ക്രിക്കറ്റിൽ മുൻപ് ശ്രീലങ്കയ്ക്കെതിരെയും അശ്വിൻ മങ്കാദിങ് നടത്തിയിരുന്നു. എന്നാൽ അന്ന് ക്യാപ്റ്റൻ സേവാഗ് അപ്പീൽ പിൻവലിച്ചു.

English Summary: ‘Don’t wander out, stay inside’ – Ravichandran Ashwin shares his Mankad picture with Jos Buttler, suggests people to abide by 21-day lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA