ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ, അനാവശ്യ യാത്രകൾ തടയുന്ന പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ താരം ഹർഭജൻ സിങ്. അനാവശ്യ യാത്ര തടഞ്ഞതിന് ആൾക്കൂട്ടം പൊലീസിനെ മർദ്ദിക്കുന്ന വിഡിയോ സഹിതമാണ് ഹർഭജന്റെ വിമർശനം. പുറത്തിറങ്ങാൻ അനുവാദമില്ലാത്ത ഈ സമയത്ത് വാഹനങ്ങളുമായെത്തിയവരെ തടഞ്ഞ പൊലീസിനെയാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. പൊലീസിനോടുള്ള ജനങ്ങളുടെ മനോഭാവം മാറ്റേണ്ട സമയം അതിക്രമിച്ചെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി.

‘പൊലീസിനോടുള്ള നമ്മുടെ മനോഭാവം മാറ്റേണ്ട സമയം അതിക്രമിച്ചു. നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കുന്നവരാണ് ഈ പൊലീസുകാരെന്ന് മറക്കരുത്. അവർക്കും കുടുംബമുണ്ട്. എന്നിട്ടും രാജ്യത്തിനുവേണ്ടി അവർ ഡ്യൂട്ടി നിർവഹിക്കുകയാണ്. എന്തുകൊണ്ടാണ് നല്ലൊരു നാളേയ്ക്കു വേണ്ടി നമുക്കൊന്നും ഇപ്പോൾ വീട്ടിലിരിക്കാൻ സാധിക്കാത്തത്. ദയവായി കുറച്ചുകൂടി ബോധം പ്രകടിപ്പിക്കൂ.’ – ഹർഭജൻ ട്വീറ്റ് ചെയ്തു.

അതേസമയം, ആള്‍ക്കൂട്ടം പൊലീസിനെ മർദ്ദിക്കുന്ന ഈ വിഡിയോ എവിടെനിന്നുള്ളതാണെന്ന് വ്യക്തമല്ല. എണ്ണത്തിൽ കുറവുള്ള പൊലീസുകാരെ ആളുകൾ ഓടിച്ചിട്ട് അടിക്കുന്നത് ഈ വിഡിയോയിൽ ദൃശ്യമാണ്. ഇടയ്ക്ക് ഒരു പൊലീസുകാരൻ അടിയേറ്റ് റോഡിൽ വീഴുന്നുപോലുമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലും പെരുമ്പാവൂരിനു സമീപം യാത്ര തടഞ്ഞ പൊലീസുകാരെ രണ്ട് സഹോദരങ്ങള്‍ ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ മുന്നിൽനിൽക്കുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഹർഭജൻ സിങ്. എല്ലാവരും വീടുകളിൽ തുടരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സ്ഥിരമായി ട്വീറ്റ് ചെയ്യാറുണ്ട്. പാക്കിസ്ഥാനിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ പാക്കിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയെ അഭിനന്ദിച്ചും ഹർഭജൻ ട്വീറ്റ് ചെയ്തിരുന്നു.

English Summary: Harbhajan Singh shares video of mob attacking policemen on duty; asks people to change attitude

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com