ADVERTISEMENT

ന്യൂഡൽഹി∙ ഏകദിന ലോകകപ്പിൽ 1983ൽ കപിലിന്റെ ചെകുത്താൻമാർ നേടിയ ഏക കിരീടത്തിൽ വർഷങ്ങളോളം അഭിരമിച്ച ഇന്ത്യൻ ജനതയ്ക്ക് മഹേന്ദ്രസിങ് ധോണിയുെട ചുണക്കുട്ടികൾ രണ്ടാം ഏകദിന ലോകകപ്പ് സമ്മാനിച്ചിട്ട് ഇന്ന് ഒൻപതു വർഷം പൂർത്തിയാകുകയാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ നീലപ്പട കിരീടം ചൂടിയതിന്റെ ഓർമച്ചിത്രങ്ങളിൽ ഏറ്റവും മിഴിവുള്ള ദൃശ്യമേതാണ്? ഒട്ടുമിക്ക ആളുകളെയും സംബന്ധിച്ച് നുവാൻ കുലശേഖരയുടെ പന്ത് നിലംതൊടാതെ അതിർത്തി കടത്തിയ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ആ പടുകൂറ്റൻ സിക്സർ തന്നെയാകും. ക്രിക്കറ്റ് വാർത്തകൾക്ക് പ്രശസ്തമായ ഇഎസ്പിഎൻ ക്രിക്ഇൻഫോയും ലോകകപ്പ് കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ആ സിക്സിനെ ദൃശ്യവൽക്കരിച്ചാണ് ട്വിറ്ററിലൂടെ ആരാധകരിലേക്കെത്തിയത്.

‘2011ൽ ഇതേ ദിനം, കോടിക്കണക്കിന് ഇന്ത്യക്കാരെ ആഹ്ലാദത്തിൽ ആറാടിച്ച ആ ഷോട്ട്’ എന്ന ലഘു കുറിപ്പോടെയാണ് ധോണി സിക്സർ നേടുന്ന ചിത്രം അവർ ട്വീറ്റ് ചെയ്തത്. പക്ഷേ, ലോകകപ്പ് ഫൈനലിലെ ഇന്ത്യൻ വിജയശിൽപികളിൽ ഒരാളായ ഇപ്പോഴത്തെ ബിജെപി എംപി ഗൗതം ഗംഭീറിന് അത് ഇഷ്ടപ്പെട്ട ലക്ഷണമില്ല. ‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന ലൈനിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ. ‘ആ സിക്സിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നു തന്നെ ധ്വനി! ഇന്ത്യൻ ടീം ഒത്തൊരുമിച്ചു നേടിയ വിജയം ധോണിയുടെ ഒരു സിക്സിൽ ‘ഒതുക്കാനുള്ള’ ശ്രമമാണ് ഗംഭീറിന്റെ അപ്രീതിക്ക് കാരണമായത്. ഈ ചിത്രവും ലഘു കുറിപ്പും റീട്വീറ്റ് ചെയ്ത് തന്റെ എതിർപ്പ് ഗംഭീർ പരസ്യമായിത്തന്നെ വെളിപ്പെടുത്തി:

‘ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് ചെറിയൊരു ഓർമപ്പെടുത്തൽ. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെയും ഇന്ത്യൻ ടീമിന്റെയും മറ്റ് സപ്പോർട്ടിങ് സ്റ്റാഫിന്റെയും കൂട്ടായ പരിശ്രമത്തിൽ ലഭിച്ചതാണ്. ആ ഒരു സിക്സിനോടുള്ള നിങ്ങളുടെ പ്രതിപത്തി ദൂരെയെറിയാൻ സമയമായി’ – ഗംഭീർ ട്വീറ്റ് ചെയ്തു.

ഗംഭീറിന്റെ വിമർശനത്തെ അനുകൂലിച്ച് ഒട്ടേറെ ആരാധകരാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഈ കിരീടവിജയത്തിനു പിന്നിൽ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ള താരങ്ങളുടെ അധ്വാനത്തെ കാണാതെ പോകുന്നത് ശരിയല്ലെന്ന് ഒട്ടേറെപ്പേർ ചൂണ്ടിക്കാട്ടി. 2011 ലോകകപ്പ് ഫൈനലിൽ അവസാന നിമിഷങ്ങളിലെ അസാമാന്യ പ്രകടനത്തിലൂടെ ധോണി കയ്യടി നേടിയെങ്കിലും ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യൻ ഇന്നിങ്സിന് സെഞ്ചുറിയുടെ വക്കോളമെത്തിയ പ്രകടനത്തിലൂടെ അടിത്തറയിട്ടത് ഗംഭീറാണ്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് അക്കൗണ്ട് തുറക്കും മുൻപേ വീരേന്ദർ സേവാഗിന്റെ വിക്കറ്റ് നഷ്ടമായതാണ്. സ്കോർ 31ൽ എത്തിയപ്പോൾ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറും (18) പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റിൽ വിരാട് കോലിക്കൊപ്പം അർധസസെഞ്ചുറി കൂട്ടുകെട്ടും (83) നാലാം വിക്കറ്റിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (109) തീർത്താണ് ഗംഭീർ ഇന്ത്യയെ വിജയത്തിലേക്കു കൈപിടിച്ചത്. കോലി 49 പന്തിൽ നാലു ഫോറുകളോടെ 35 റൺസെടുത്ത് പുറത്തായി.

122 പന്തിൽ ഒൻപതു ഫോറുകളോടെ 97 റൺസെടുത്ത ഗംഭീറിന് അർഹിച്ച സെഞ്ചുറിയാണ് നഷ്ടമായത്. പിന്നീട് പിരിയാത്ത അഞ്ചാം വിക്കറ്റിൽ യുവരാജ് സിങ്ങിനെ കൂട്ടുപിടിച്ച് അർധസെഞ്ചുറി കൂട്ടുകെട്ടു (54) തീർത്താണ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 79 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസുമായി ധോണി പുറത്താകാതെ നിന്നു. മാത്രമല്ല, കളിയിലെ കേമനുമായി. യുവരാജ് 24 പന്തിൽ രണ്ടു ഫോറുകളോടെ 21 റൺസുമെടുത്തു. അവസാന ഓവറുകളിൽ യുവരാജിനെ കൂട്ടുപിടിച്ച് ധോണി നടത്തിയ തകർപ്പൻ പ്രകടനത്തിൽ ഗംഭീറിന്റെ ഐതിഹാസിക ഇന്നിങ്സ് മുങ്ങിപ്പോയെന്നതാണ് സത്യം. പിന്നീട് ഇന്ത്യയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച്, പ്രത്യേകിച്ച് ഫൈനൽ വിജയത്തെക്കുറിച്ച് പറയുന്നവരെല്ലാം വാചാലരാകുന്നത് ധോണിയുടെ ഇന്നിങ്സിനെക്കുറിച്ചാണ്. പ്രത്യേകിച്ചും ആ സിക്സിനെക്കുറിച്ച്. ഈ സാഹചര്യത്തിലാകാം ഗംഭീറിന്റെ ഇടപെടലെന്ന് കരുതുന്നു.

പിൻകുറിപ്പ്: നിർണായക മത്സരങ്ങളിൽ ഗൗതം ഗംഭീർ ഇന്ത്യയുടെ രക്ഷകനാകുന്നത് ഏകദിന ലോകകപ്പ് ഫൈനലിലെ മാത്രം സംഭവമല്ല. 2007ലെ കന്നി ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോറർ ഗംഭീറായിരുന്നു. 54 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 75 റൺസെടുത്ത ഗംഭീറിന്റെ മികവിലാണ് അന്ന് ഫൈനലിൽ ഇന്ത്യ 20 ഓവറിൽ 157 റൺസെടുത്തത്. അതായത് പകുതിയോളം റൺസ് ഗംഭീർ ഒറ്റയ്ക്കാണ് നേടിയതെന്ന് ചുരുക്കം. ഇന്ത്യ അഞ്ച് റൺസിന് ജയിച്ച ഈ മത്സരത്തിൽ ഗംഭീറിന്റെ ഇന്നിങ്സ് എത്രത്തോളം നിർണായകമായെന്ന് പറയേണ്ടതില്ലല്ലോ. ധോണിയുടെ ക്യാപ്റ്റൻസിയും ഇർഫാന്റെ തകർപ്പൻ സ്പെല്ലും ജൊഗീന്ദർ ശർമയുടെ അവസാന ഓവറും ശ്രീശാന്തിന്റെ ക്യാച്ചുമെല്ലാം ഇന്നും ആരാധകർ ആവേശത്തോടെ ഓർമിക്കുമ്പോൾ, ഗംഭീറിന്റെ ഇന്നിങ്സ് വിസ്മൃതിയിലായി.

English Summary: World Cup was won by the entire Indian team: Gautam Gambhir irked by 'obsession' with MS Dhoni six

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com