ADVERTISEMENT

മുംബൈ∙ തനിക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന വിരാട് കോലിക്ക് ബാറ്റിങ്ങിലെ അതേ ഊർജവും ആവേശവും ആക്രമണോത്സുകയും ക്യാപ്റ്റൻസിയിലും നിലനിർത്താനാകുമോ എന്നറിയാൻ മഹേന്ദ്രസിങ് ധോണിക്ക് ആകാംക്ഷയുണ്ടായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ. വിരാട് കോലിയുമായുള്ള ഒരു ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ പീറ്റേഴ്സൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, ധോണി ടീമിനെ നയിക്കുന്ന കാലത്തുതന്നെ ഓരോ ഓവറിലും തന്റെ ആശയങ്ങൾ ധോണിയുടെ ചെവിയിൽ മന്ത്രിക്കുന്ന പതിവുണ്ടായിരുന്നുവെന്നായിരുന്നു ഇതിന് കോലിയുടെ മറുപടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ലോക്ഡൗണിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ മുഖാമുഖമെത്തിയത്.

‘ഒരിക്കൽ ഞാൻ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്ന സമയത്ത് ധോണി അവിടെയെത്തി. സ്ഥലം കൃത്യമായി ഓർമയില്ല. തൊട്ടടുത്തുള്ള ട്രെഡ്മില്ലിൽ കയറി അദ്ദേഹവും വ്യായാമം ചെയ്യാൻ ആരംഭിച്ചു. അന്ന് ഞങ്ങൾ സംസാരിച്ചതു മുഴുവൻ താങ്കളെക്കുറിച്ചായിരുന്നു. ഈ ഊർജവും ആവേശവും ആക്രമണോത്സുകതയുമെല്ലാം ക്യാപ്റ്റനെന്ന നിലയിലും കളത്തിൽ പുറത്തെടുക്കാൻ താങ്കൾക്കു കഴിയുമോ എന്ന ആകാംക്ഷയിലാണ് താനെന്ന് അന്ന് ധോണി എന്നോടു പറഞ്ഞു’– പീറ്റേഴ്സൻ പറഞ്ഞു.

ഇതിന് കോലിയുടെ മറുപടി ഇങ്ങനെ: എംഎസ്സിനോട് (ധോണി) ചോദിച്ചു നോക്കൂ; ധോണിക്കു കീഴിൽ കളിക്കുന്ന കാലത്തുതന്നെ ഓരോ ഓവറിലും എന്റെ തോന്നലുകളും ആശയങ്ങളും കൃത്യമായി ഞാൻ അദ്ദേഹത്തിന്റെ ചെവിയിൽ പോയി പറയുമായിരുന്നു. നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്താൽ കൂടുതൽ നന്നാകും എന്നൊക്കെ...’ – കോലി പറഞ്ഞു.

‘ഫീൽഡിൽ ഏറ്റവും അത്യാവശ്യമുള്ള സ്ഥലമൊക്കെ നോക്കിവയ്ക്കും. ലോങ് ഓണിലാണെങ്കിൽ ഇടയ്ക്ക് ലോങ് ഓഫിലേക്ക് നീങ്ങും. കൃത്യമായ സ്ഥലത്തായിരിക്കണം ഞാൻ നിൽക്കുന്നതെന്ന് അന്നുതൊട്ടേ നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്ന സമയത്താണെങ്കിലും കളി പരമാവധി ആസ്വദിക്കാൻ പറ്റണം എന്നാണ് എന്റെ നിലപാട്. നേരിടുന്ന ഓരോ ബോളിനും എന്റെ 120 ശതമാനം ഉറപ്പാക്കാൻ ഞാൻ തയാറാണ്. അതല്ലാതെ മറ്റൊന്നും എനിക്കറിയില്ല. അങ്ങനെ ആസ്വദിച്ച് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ കളത്തിൽ തുടരില്ലെന്ന് ഞാൻ സ്വയം പ്രതിജ്ഞയെടുത്തിട്ടുമുണ്ട്’ – കോലി വെളിപ്പെടുത്തി.

‘ചിലപ്പോൾ എന്റെ ബോളർമാർ പറയും, വിക്കറ്റ് കിട്ടിയാൽ അവർക്കു തോന്നുന്നതിനേക്കാൾ സന്തോഷമാണ് എനിക്കെന്ന്. എനിക്കങ്ങനെയൊക്കെയേ പറ്റൂ’ – കോലി പറഞ്ഞു.

∙ ബാറ്റു ചെയ്യാൻ ഇഷ്ടം ധോണിക്കും ഡിവില്ലിയേഴ്സിനുമൊപ്പം!

മധ്യ ഓവറുകളിൽ ആർക്കൊപ്പം ബാറ്റു ചെയ്യാനാണ് കൂടുതലിഷ്ടമെന്ന ചെറിയൊരു കുസൃതി ചോദ്യവും ചാറ്റിനിടെ പീറ്റേഴ്സൻ കോലിക്കു മുന്നിൽ ഉയർത്തി. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ സഹതാരമായ എ.ബി. ഡിവില്ലിയേഴ്സ് എന്നിവരുടെ പേരുകളാണ് കോലി പറഞ്ഞത്.

‘സത്യത്തിൽ എനിക്കൊപ്പം അതിവേഗത്തിൽ ഓടാൻ കഴിയുന്ന ആളുകൾക്കൊപ്പം ബാറ്റു ചെയ്യാനാണ് കൂടുതലിഷ്ടം. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ അത് എം.എസ്. ധോണിയും ഐപിഎല്ലിൽ എ.ബി. ഡിവില്ലിയേഴ്സുമാണ്. ഇവർക്കൊപ്പം ബാറ്റു ചെയ്യുമ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കാറുപോലുമില്ല’– കോലി പറഞ്ഞു.

2008ൽ എം.എസ്. ധോണിക്കു കീഴിലാണ് ശ്രീലങ്കയിൽവച്ച് വിരാട് കോലി ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ധോണിക്കു കീഴിൽ കോലി നേടിയ 19 രാജ്യാന്തര സെഞ്ചുറികൾ റെക്കോർഡാണ്. ഒരു ക്യാപ്റ്റനു കീഴിൽ ഏതെങ്കിലുമൊരു താരം നേടുന്ന കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡാണ് കോലിയുടെ പേരിലുള്ളത്. മറുവശത്ത്, 2011ൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് എ.ബി. ഡിവില്ലിയേഴ്സിനെ ടീമിലെത്തിച്ചതുമുതൽ കോലിയുടെ സഹതാരമാണ് അദ്ദേഹം. ഇരുവരും നീണ്ട ഒൻപതു സീസണുകളിലാണ് ഒരേ ജഴ്സിയിൽ കളിച്ചത്.

English Summary: Kevin Pietersen, in a candid Instagram chat with Virat Kohli, revealed a chat with MS Dhoni he had about the India captain and his energy levels.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com