ADVERTISEMENT

ന്യൂഡൽഹി∙ ‘നിങ്ങൾ എന്നെ തോൽപ്പിച്ചുകളഞ്ഞിരിക്കുന്നു’ – കളത്തിലായാലും കളത്തിനു പുറത്തായാലും തോൽക്കാനിഷ്ടമില്ലാത്ത മുൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിന്റെ ഈ വാക്കുകൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോടാണ്. എന്താണ് കാരണമെന്നല്ലേ? കൊറോണ വൈറസ്സിനെതിരായ പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് തന്റെ രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കു നൽകാനുള്ള ഗംഭീറിന്റെ തീരുമാനത്തെ ആർസിബി അഭിനന്ദിച്ചു. മാത്രമല്ല, ഇതേക്കുറിച്ച് വിശദമായൊരു വാർത്തതന്നെ അവരുടെ വെബ്സൈറ്റിൽ പങ്കുവച്ച് അത് ട്വീറ്റും ചെയ്തു!

പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് രണ്ടു വർഷത്തെ ശമ്പളം സംഭാവന നൽകാനുള്ള തീരുമാനം കഴിഞ്ഞ ദിവസാണ് ഗംഭീർ പരസ്യമായി പ്രഖ്യാപിച്ചത്. ഒരു മാസത്തെ ശമ്പളം സംഭാവന നൽകുന്ന കാര്യത്തിൽപ്പോലും ശക്തമായ അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോൾ ‘രാജ്യത്തിനായി നിങ്ങൾക്ക് എന്തു നൽകാനാകുമെന്ന’ ചോദ്യമുയർത്തി ഗംഭീർ രണ്ടു വർഷത്തെ ശമ്പളം സംഭാവന നൽകിയത് കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. ഗംഭീറിന്റെ നടപടി വാർത്തയാക്കിയ ആർസിബി ഇക്കാര്യം ട്വീറ്റ് ചെയ്ത് ഇങ്ങനെ കുറിച്ചു:

‘മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ എംപിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രണ്ടു വർഷത്തെ ശമ്പളം സംഭാവന ചെയ്തിരിക്കുന്നു. വിശദമായ വാർത്ത ചുവടെ’ – ഇതായിരുന്നു ആർസിബിയുടെ ട്വീറ്റ്. ഗംഭീർ സംഭാവന നൽകിയതിന്റെ വിശദാംശങ്ങളും കൂടെ ചേർത്തു. ആർസിബിയുടെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഗംഭീർ കുറിച്ചതിങ്ങനെ:

‘നിങ്ങളോട് തോൽക്കുന്നത് ഒരുകാലത്തും ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ എന്റെ സംഭാവന അംഗീകരിച്ച ഈ നടപടിയിലൂടെ നിങ്ങൾ എന്നെ തോൽപ്പിച്ചുകളഞ്ഞു. ഒരുപാടു നന്ദി.’

നേരത്തെ, ‘രാജ്യത്തിനായി നിങ്ങൾക്കെന്തു നൽകാനാകും’ എന്ന ചോദ്യത്തോടെയാണ് രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കു നൽകുന്ന കാര്യം ട്വിറ്ററിലൂടെ ഗംഭീർ പരസ്യമാക്കിയത്. ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള എംപിയാണ് ഗംഭീർ.

‘ഈ രാജ്യത്തിന് ഞങ്ങൾക്കായി എന്തു ചെയ്യാൻ കഴിയുമെന്നാണ് ജനങ്ങളുടെ ചോദ്യം. പക്ഷേ, സുപ്രധാനമായ ചോദ്യം നിങ്ങൾക്ക് ഈ രാജ്യത്തിനായി എന്തു ചെയ്യാൻ കഴിയുമെന്നതാണ്. ഞാൻ എന്റെ രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കു നൽകുന്നു. നിങ്ങളും മുന്നോട്ടു വരൂ’ – പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരെ ടാഗ് ചെയ്ത് ഗംഭീർ കുറിച്ചു. നേരത്തെ, തന്റെ എംപി ഫണ്ടിൽനിന്ന് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതായി ഗംഭീർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു വർഷത്തെ ശമ്പളം കൂടി നൽകിയത്.

English Summary: ‘I hated losing to you guys’ – Gautam Gambhir thanks RCB in his own style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com