ADVERTISEMENT

ഇസ്‍ലാമാബാദ്∙ 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര നോബോൾ എറിയുന്ന ചിത്രം കൊറോണ വൈറസ് വ്യാപനത്തിനെതിരായ ബോധവൽക്കരണത്തിന് ഉപയോഗിച്ച് പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) ഇസ്‌ലാമാബാദ് യുണൈറ്റഡിന് ഇന്ത്യൻ ആരാധകരുടെ വിമർശനം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിനുള്ളിൽ ഇരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് ബുമ്രയുടെ നോബോൾ ചിത്രം ഇസ്‌ലാമാബാദ് യുണൈറ്റഡ് ഉപയോഗിച്ചത്. ഈ ചിത്രത്തിനൊപ്പം അവർ നൽകിയ കുറിപ്പ് ഇങ്ങനെ:

‘അതിരു കടക്കരുത്. അങ്ങനെ ചെയ്താൽ വലിയ വില നൽകേണ്ടി വരും. ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുത്. ശാരീരിക അകലം സൂക്ഷിക്കുക. അപ്പോഴും ഹൃദയങ്ങൾ ചേർന്നിരിക്കുന്നുവെന്ന് ഉറപ്പാക്കുക’ – ഇസ്‍ലാമാബാദ് യുണൈറ്റഡ് കുറിച്ചു.

എന്നാൽ, ഇന്ത്യൻ ആരാധകരിൽ ചിലർക്ക് ഈ ട്വീറ്റ് അത്ര പിടിച്ചില്ല. ഇന്ത്യൻ താരത്തിന്റെ നോബോളിന്റെ ചിത്രം ട്രോൾ രൂപത്തിൽ ഉപയോഗിച്ച പാക്ക് ടീമിന് അവരിൽ ചിലർ മറുപടി നൽകുകയും ചെയ്തു. അതിൽത്തന്നെ ഒരു മറുപടി ട്വീറ്റ് വൈറലായി. വാതുവയ്പുകാരിൽനിന്ന് പണം വാങ്ങി നോബോൾ എറിഞ്ഞ് കുപ്രസിദ്ധനായ പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിറിന്റെ ചിത്രം സഹിതമായിരുന്നു ഈ മറുപടി. പാക്ക് ടീമിന്റെ ട്വീറ്റിനെ പരിഹസിച്ചുകൊണ്ടുള്ള ഈ ട്വീറ്റിലെ കുറിപ്പ് ഇങ്ങനെ:

‘എല്ലാവരും അകത്തുതന്നെ കഴിയുക, സുരക്ഷിതരായിരിക്കുക. അല്ലെങ്കിൽ അഞ്ചു വർഷം ജയിൽശിക്ഷ ലഭിക്കാം’ – വാതുവയ്പ്പുകാരുമായി ഒത്തുകളിച്ച് നോബോൾ എറിഞ്ഞതിന് ആമിറിന് അഞ്ചു വർഷം ജയിൽ ശിക്ഷ ലഭിച്ചത് ഓർമിപ്പിച്ചായിരുന്നു ഈ ട്വീറ്റ്. എന്തായാലും ഈ മറുപടി ട്വീറ്റ് വളരെ പെട്ടെന്നാണ് വൈറലായത്.

∙ വിവാദങ്ങളിൽ സ്ഥിരം, ഈ നോബോൾ!

2017ലെ ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ജസ്പ്രീത് ബുമ്രയെറിഞ്ഞ ‘കുപ്രസിദ്ധമായ നോബോൾ’ വാർത്തകളിൽ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. അന്ന് കലാശപ്പോരിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടി പാക്കിസ്ഥാന്റെ വിജയശിൽപിയായ ഓപ്പണർ ഫഖാർ സമാനെ വ്യക്തിഗത സ്കോർ 10 പോലും എത്തുന്നതിനു മുൻപ് ബുമ്ര പുറത്താക്കിയിരുന്നു. എന്നാൽ, ടിവി റീപ്ലേയിൽ പന്ത് എറിയുമ്പോള്‍ ബുമ്ര കാൽപാദം ലൈൻ കടന്നെന്ന് വ്യക്തമായതോടെ അംപയർ നോബോൾ വിളിച്ചു. ലഭിച്ച ‘ലൈഫ്’ മുതലെടുത്ത സമാൻ, കന്നി ഏകദിന സെഞ്ചുറിയുമായാണ് തിരിച്ചു കയറിയത്.

പിന്നീട് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയതായി തുടക്കമിട്ട ക്യാംപയിനിൽ ബുമ്ര വര കടന്നു ‘നോബോൾ’ എറിയുന്ന ചിത്രം ഉൾപ്പെടുത്തി ജയ്പുർ പൊലീസാണ് ആദ്യം വിവാദം സൃഷ്ടിച്ചത്. ലൈൻ കടന്ന് ബുമ്ര നോബോൾ എറിയുന്ന ചിത്രത്തിനൊപ്പം രണ്ടു കാറുകളാണ് പരസ്യത്തിലുള്ളത്. റോഡിനു നടുവിലെ ‘സീബ്രാ ലൈൻ’ എന്നു തോന്നിക്കുന്ന വരയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുന്ന രണ്ടു കാറുകൾക്കൊപ്പം നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെ: ‘വര മുറിച്ച് കടക്കരുത്. അതിനു വലിയ വില നൽകേണ്ടിവരും’.

എന്നാൽ, തന്റെ നോബോൾ ‘പരസ്യ’മാക്കിയ ജയ്പുർ പൊലീസിന്റെ നീക്കം ബുംറയ്ക്ക് അത്ര ദഹിച്ചില്ല. ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ‘നന്നായിരിക്കുന്നു ജയ്പുർ പൊലീസ്. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയാലും നിങ്ങൾക്ക് തിരികെ ലഭിക്കുന്നത് എന്തായിരിക്കുമെന്ന് ഇത് തെളിയിക്കുന്നു’. പിന്നീട് ഇതു കൂടി ബുമ്ര കൂട്ടിച്ചേർത്തു: ‘നിങ്ങൾ ഒരു തെറ്റു വരുത്തിയാലും ഞാൻ അതിൽനിന്ന് തമാശ കണ്ടെത്തില്ല. കാരണം, മനുഷ്യനു തെറ്റു സംഭവിക്കുന്നത് സ്വാഭാവികമാണെന്നാണ് എന്റെ വിശ്വാസം’. എന്തായാലും ജയ്പുർ പൊലീസിന്റെ പരസ്യവും അതിനോടുള്ള ബുമ്രയുടെ പ്രതികരണവും സോഷ്യൽ മിഡിയയിൽ ഹിറ്റായി.

English Summary: A PSL franchise posts a distasteful tweet on Jasprit Bumrah; an Indian fan gives a fitting reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com