ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് പറഞ്ഞ ഇന്ത്യ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ഐസിഎ) പ്രസിഡന്റ് അശോക് മൽഹോത്രയ്ക്ക‌െതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സുനിൽ ഗാവസ്കർ രംഗത്ത്. താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നു പറയാൻ ആരാണ് അശോക് മൽഹോത്രയ്ക്ക് അധികാരം നൽകിയതെന്ന കാര്യം ആശ്ചര്യമുളവാക്കുന്നതാണെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തിലെഴുതിയ കോളത്തിലാണ് മൽഹോത്രയ്ക്കെതിരെ ഗാവസ്കർ വിമർശനമുയർത്തിയത്.

‘കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് അത്ര നല്ല നടപടിയല്ലെന്ന് എനിക്കറിയാം. പക്ഷേ, സംഘടനയുടെ (ബിസിസിഐയുടെ) വരുമാനം കുറഞ്ഞാൽ സ്വാഭാവികമായും കളിക്കാരും പ്രതിഫലത്തിൽ കുറവു വരുമെന്ന് പ്രതീക്ഷിക്കണം’ – ഇതായിരുന്നു അശോക് മൽഹോത്രയുടെ പരാമർശം. എന്നാൽ, രൂക്ഷമായ ഭാഷയിലാണ് ഗാവസ്കർ ഇതിനോടു പ്രതികരിച്ചത്.

‘കളിച്ചില്ലെങ്കിൽ പ്രതിഫലം ലഭിക്കാത്തത് സ്വാഭാവികമാണ്. എല്ലാ കായിക മേഖലയിലും അങ്ങനെ തന്നെയാണ്. പക്ഷേ, ഇന്ത്യയിലെ രാജ്യാന്തര താരങ്ങളുടെയും ആഭ്യന്തര താരങ്ങളുടെയും പ്രതിഫലത്തിൽ കുറവുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞത് അദ്ഭുതത്തോടെയാണ് ഞാൻ‌ കേട്ടത്. ബിസിസിഐയെ സുഖിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് ആർക്കും മനസ്സിലാകും. പക്ഷേ, ആരു നൽകിയ അധികാരത്തിലാണ് അദ്ദഹം ഇതേക്കുറിച്ച് ഇത്ര ആധികാരികമായി പ്രസ്താവന നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ രാജ്യാന്തര താരങ്ങളോ ആഭ്യന്തര താരങ്ങളോ ഈ സംഘടനയിൽ അംഗങ്ങളല്ല. അതുകൊണ്ടുതന്നെ അവർക്കു വേണ്ടി സംസാരിക്കാൻ അദ്ദേഹം ആളല്ല. നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്നില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ സംസാരിക്കാൻ നല്ല രസമാണ്’ – ഗാവസ്കർ എഴുതി.

അതേസമയം, കൊറോണ വൈറസ് വ്യാപനം നിമിത്തം മത്സരങ്ങൾ റദ്ദാക്കിയത് ബിസിസിഐയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിയേക്കാമെങ്കിലും താരങ്ങളുടെ ശമ്പളം കുറയ്ക്കുന്ന കാര്യം ഇതുവരെ പരിഗണനയിലില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധൂമൽ വ്യക്തമാക്കിയിരുന്നു. എല്ലാ വിഭാഗം ആളുകളുടെയും താൽപര്യം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും അദ്ദേഹം അറിയിച്ചിരുന്നു.

‘ഇല്ല. ശമ്പളം കുറയ്ക്കുന്ന കാര്യം ഞങ്ങൾ ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ തിരിച്ചടി മറികടക്കാൻ എന്തു നടപടി സ്വീകരിച്ചാലും എല്ലാവരുടെയും താൽപര്യം പരിഗണിച്ചു മാത്രേ അന്തിമ തീരുമാനം കൈക്കൊള്ളൂ. പക്ഷേ നിലവിൽ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും മനസ്സിലില്ല. തീർച്ചയായും ഇതൊരു കനത്ത തിരിച്ചടിയാണ്. പക്ഷേ ആരെയും ബാധിക്കാത്ത വിധത്തിൽ എല്ലാം കൈകാര്യം ചെയ്യാനാണ് ശ്രമം. എല്ലാ പ്രശ്നങ്ങളും അവസാനിച്ചശേഷം ഇക്കാര്യങ്ങൾ ചർച്ച ചെയ്യാം’ – ധൂമൽ പറഞ്ഞു.

English Summary: With whose authority is he talking: Sunil Gavaskar questions Indian Cricketers' Association president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com